'സി.പി.ഐ.എമ്മിന് പാര്‍ട്ടി നയം അനുസരിച്ച് ഏകോപന സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാം, ഇന്ത്യാ മുന്നണിയില്‍ അതിനുള്ള സ്വതന്ത്ര്യമുണ്ട്'
Kerala News
'സി.പി.ഐ.എമ്മിന് പാര്‍ട്ടി നയം അനുസരിച്ച് ഏകോപന സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കാം, ഇന്ത്യാ മുന്നണിയില്‍ അതിനുള്ള സ്വതന്ത്ര്യമുണ്ട്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 10:55 am

ന്യൂദല്‍ഹി: ഇന്ത്യാ മുന്നണിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി നയം അനുസരിച്ചാണ് ഏകോപന സമിതയില്‍ ഇല്ലെന്ന് അവര്‍ പറഞ്ഞതെന്നും അതിനവര്‍ക്ക് അധികാരമുണ്ടെന്നും ദല്‍ഹിയില്‍ മാധ്യമങ്ങളെ കാണവെ അദ്ദേഹം പറഞ്ഞു.

ഇന്ത്യാ മുന്നണി രൂപീകരിച്ചത് കൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നിലപാട് ഒറ്റ മുന്നണിക്ക് കീഴിലാക്കണമെന്ന അര്‍ത്ഥമില്ലെന്നും, മുന്നണിയില്‍ വ്യത്യസ്ത നിലപാടുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സി.പി.ഐ.എം ഏകോപന സമിതിയില്‍ ഇല്ലാത്തത് ഇന്ത്യാ മുന്നണിയുടെ മുന്നോട്ടുപോക്കിനെ ബാധിക്കില്ല. മുന്നണിയുടെ അന്തസ്സത്തയോട് യോജിപ്പാണ്, മുന്നണിയുടെ സ്പിരിറ്റിനെ അംഗീകരിക്കുന്നു, പൊതുറാലികള്‍ നടത്തണം എന്നൊക്കൊയണ് കഴിഞ്ഞ ദിവസം വന്ന സി.പി.ഐ.എമ്മിന്റെ പ്രസ്താനവയിലുള്ളത്.

അവരുടെ പാര്‍ട്ടി നയം അനുസരിച്ച് ഏകോപന സമിതയില്‍ അംഗമാകാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. അതൊരു പാര്‍ട്ടയെടുക്കുന്ന തീരുമാനമാണ്. അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ഈ മുന്നണിയില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. സംസ്ഥാനങ്ങളില്‍ പോരടിക്കുന്ന പാര്‍ട്ടികള്‍ ഉണ്ടാക്കിയ മുന്നണിയാണിത്. ദേശീയ തലത്തിലുള്ള അപകടകരമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ മുന്നണിയുണ്ടാക്കുന്നത്. ബി.ജെ.പിയെ താഴെയിറക്കാന്‍ യോജിക്കാവുന്ന തലത്തിലൊക്കെ യോജിക്കാം എന്നേ ഇതിന് അര്‍ത്ഥമുള്ളു. അതുകൊണ്ട് ഇന്ത്യ മുന്നണി രൂപീകരിച്ചതുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നിലപാട് ഒറ്റ മുന്നണിക്ക് കീഴിലാക്കണമെന്ന അര്‍ത്ഥമില്ല

സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അങ്ങനെ തീരുമാനിച്ചിരിക്കുന്നു. അതിന് അവര്‍ക്ക് അധികാരമുണ്ട്. ഞാന്‍ അതിനെ മാനിക്കുന്നു. എന്തുകാണ്ട് വിട്ടുനില്‍ക്കുന്നുവെന്നത് സി.പി.ഐ.എം മറുപടി പറയട്ടെ,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, ദല്‍ഹിയില്‍ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഏകോപന സമിതിയില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന് സി.പി.ഐ.എം തീരുമാനിച്ചത്. പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ഇന്ത്യാ മുന്നണിയില്‍ തുടരുമെങ്കിലും അംഗങ്ങളായ പാര്‍ട്ടികളുടെ തീരുമാനത്തിന് മുകളില്‍ പ്രത്യേക സമിതികള്‍ വേണ്ടെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ നിലപാട്.

ഇതിനിടയില്‍ തന്നെ ‘ഇന്ത്യ’ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര- സംസ്ഥാന ഭരണങ്ങളില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കണമെന്നും സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

Content Highlight: AICC General Secretary K.C. Venugopal said that the news of division on the Indian front is untrue.