സംഘപരിവാറിന്റെ ഡി.എന്‍.എ ന്യൂനപക്ഷവേട്ട; അമിത്ഷായും കേന്ദ്ര നേതാക്കന്‍മാരും നാടകം കളിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍
Kerala
സംഘപരിവാറിന്റെ ഡി.എന്‍.എ ന്യൂനപക്ഷവേട്ട; അമിത്ഷായും കേന്ദ്ര നേതാക്കന്‍മാരും നാടകം കളിക്കുന്നുവെന്ന് കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2025, 7:40 pm

തിരുപനന്തപുരം: മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യംഅനുവദിക്കുന്നതില്‍ പ്രോസിക്യൂഷന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അമിത്ഷായും കേന്ദ്ര നേതാക്കന്‍മാരും നാടകം കളിക്കുകയാണെന്നും ജാമ്യം നല്‍കുമെന്ന് പറഞ്ഞ എന്‍.ഐ.എയുടെ അഭിഭാഷകനാണ് ജാമ്യാപേക്ഷയെ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരവും രക്ഷാകര്‍ത്താക്കളുടെയും സമ്മതത്തോടെയുമാണ് പോയതെന്ന് വ്യക്തമാക്കിയിട്ടും നീതി നിഷേധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാത്രമല്ല സംഘപരിവാറിന്റെ ഡി.എന്‍.എ ന്യൂനപക്ഷവേട്ടയാണെന്നും മനുസ്മൃതിയാണ് ഇവരെ നയിക്കുന്നതെന്നും കെ.സി പ്രതികരിച്ചു.

‘നാടകം കളിച്ച് ജനങ്ങളെ പറ്റിക്കേണ്ടെന്ന് രാജീവ് ചന്ദശേഖര്‍ നേരത്തെ പറഞ്ഞല്ലോ, ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്. അമിത്ഷായും കേന്ദ്ര നേതാക്കന്‍മാരുമാണ് നാടകം കളിക്കുന്നത്. അവര്‍ ഇന്നലെ പറഞ്ഞത് എന്‍.ഐ.എ കോടതില്‍ നിന്ന് ജാമ്യം ലഭിക്കുമെന്നാണ്. ഇന്ന് എന്‍.ഐ.എയുടെ അപിഭാഷകനാണ് ജാമ്യാപേക്ഷയെ എതിര്‍ത്തത്.

ഇത് കൃത്യമായ ഗുഢാലോചനയാണ്. കന്യാസ്ത്രീ സമൂഹത്തെ ഇന്ത്യയിലാകമാനം അപമാനിക്കാനും ഒറ്റപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. തങ്ങളുടെയും രക്ഷാകര്‍ത്താക്കളുടെയും സമ്മതത്തോടെയാണ് പോയതെന്ന് പെണ്‍ക്കുട്ടികള്‍ തുറന്ന് വ്യക്തമാക്കിയാതാണ്. സംഘപരിവാറിന്റെ ഡി.എന്‍.എ ന്യൂനപക്ഷവേട്ടയാണ്. മനുസ്മൃതിയാണ് ഇവരെ നയിക്കുന്നത്. ഇതിനെതിരായ വളരെ ശക്തമായ പോരാട്ടം നമ്മള്‍ നടത്തും,’ കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജൂലൈ 26 (ശനിയാഴ്ച) നാണ്കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. നാരായന്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.

ടി.ടി.ആര്‍ തടഞ്ഞുവെച്ചതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. ഇതിനിടെ ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്. പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Content Highlight: AICC General Secretary K.C. criticizes the prosecution’s opposition to granting bail to Malayali nuns