ആദ്യം പരാതി നൽകേണ്ടിയിരുന്നത് പൊലീസിന്; മുഖ്യമന്ത്രിയെ കാണേണ്ടത് അതിന് ശേഷം: ദീപ ദാസ് മുൻഷി
Kerala
ആദ്യം പരാതി നൽകേണ്ടിയിരുന്നത് പൊലീസിന്; മുഖ്യമന്ത്രിയെ കാണേണ്ടത് അതിന് ശേഷം: ദീപ ദാസ് മുൻഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 7:18 pm

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയ രീതിയെ വിമർശിച്ച് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി.

ആദ്യം പരാതി നൽകേണ്ടിയിരുന്നത് പൊലീസിനായിരുന്നെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അവർ പറഞ്ഞു.

സസ്പെൻഷനിലായ ഒരാളുടെ കാര്യത്തെ സംബന്ധിച്ച് തങ്ങൾ പ്രതികരണം നടത്തേണ്ടതില്ലെന്നും ഇപ്പോൾ തന്നെ നടപടിയെടുത്തെന്നും നടപടി എടുത്തതിനാൽ അതിൽ പാർട്ടിക്ക് ബാധ്യതയില്ലെന്നും ദീപ ദാസ് മുൻഷി കൂട്ടിച്ചേർത്തു.

അതേസമയം പരാതി വന്നപ്പോഴേ രാഹുലിനെ സസ്‌പെൻഡ് ചെയ്‌തെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമായിരുന്നു കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

രാഹുലിനെതിരെ പോലീസ് നടപടിയുണ്ടായാൽ പാർട്ടിയും നടപടിയെടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരനും പറഞ്ഞു.

രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ.

സ്ത്രീപീഡന, ഗര്‍ഭഛിദ്ര പ്രേരണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ ഇന്നാണ് (വ്യാഴം) യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

സെക്രട്ടറിയേറ്റിലെത്തി യുവതി മുഖ്യമന്ത്രിയെ കണ്ട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു കൊണ്ട് പരാതി നല്‍കിയെന്നാണ് വിവരം. മുഖ്യമന്ത്രി പൊലീസ് മേധാവിക്കും, പൊലീസ് മേധാവി അന്വേഷണ സംഘത്തിനും ഈ പരാതി കൈമാറുമെന്നാണ് റിപ്പോർട്ട്.

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാഹുൽ ഗർഭം ധരിക്കാൻ തന്നെ നിർബന്ധിച്ചെന്നും ഗർഭിണിയായപ്പോൾ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും യുവതി പുറത്തുവിട്ട ചാറ്റും കോൾ റെക്കോർഡിങ്ങും തെളിയിക്കുന്നു.

Content Highlight: AICC General Secretary Deepa Das Munshi criticized the woman’s complaint to the Chief Minister against Rahul