ന്യൂദല്‍ഹി: ശശി തരൂരിനെ വിമര്‍ശനവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി. ശശി തരൂരിന് ഇരട്ട മുഖമാണെന്ന് എ.ഐ.സി.സി ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ആരോപിച്ചു.
ശശി തരൂരിനും മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും നല്‍കിയത് ഒരേ പട്ടികയാണെന്നും വോട്ടര്‍ പട്ടിക തൃപ്തികരമെന്ന് തരൂര്‍ ഒരിക്കല്‍ പറഞ്ഞതാണെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു.
പരാതികളിലെ നടപടികളില്‍ സമിതിയെ തൃപ്തി അറിയിച്ച തരൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെളിവാരി തേക്കുകയാണെന്ന് തെരഞ്ഞെടുപ്പ് സമിതി കുറ്റപ്പെടുത്തി.
ബാലറ്റ് പേപ്പര്‍ മുദ്രവെച്ചില്ലെന്നതടക്കമുള്ള പരാതികള്‍ സമിതി തള്ളി. തരൂരിന് ഇരട്ട മുഖമെന്ന് മധുസൂദന്‍ മിസ്ത്രി ആരോപിച്ചു.
ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പി.സി.സികള്‍ പോളിങ് അട്ടിമറിച്ചുവെന്ന ഗുരുതരമായ പരാതി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്നാവശ്യപ്പെട്ടെങ്കിലും ഒടുവില്‍ ബാലറ്റുകള്‍ മറ്റുള്ളവയ്ക്ക് ഒപ്പം കൂട്ടി കലര്‍ത്തി. പരാതിയില്‍ തരൂരിനുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ പ്രതികരണം.
അതേസമയം, കോണ്‍ഗ്രസ് ചരിത്രത്തിലെ ആറാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന വിശ്വസത്തിലാണ് എ.ഐ.സി.സി ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി.22 വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പാണ് മിസ്ത്രിയുടെ നേരിട്ടത്.