'തരൂരിന്റെ മുഖ്യമന്ത്രി കോട്ട്'; പരസ്യപ്രസ്താവന വേണ്ടെന്ന് എ.ഐ.സി.സി, നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിന് നിര്‍ദേശം
national news
'തരൂരിന്റെ മുഖ്യമന്ത്രി കോട്ട്'; പരസ്യപ്രസ്താവന വേണ്ടെന്ന് എ.ഐ.സി.സി, നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിന് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th January 2023, 11:04 am

ന്യൂദല്‍ഹി: ശശി തരൂരിന്റെ ‘മുഖ്യമന്ത്രി കോട്ട്’ വിവാദം തുടരുന്ന സാഹചര്യത്തില്‍ പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് എ.ഐ.സി.സി. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നാണ് എ.ഐ.സി.സി നേതൃത്വത്തിന്റെ നിര്‍ദേശം.

കേരളത്തിലെ സാഹചര്യം നിരീക്ഷിക്കാന്‍ താരിഖ് അന്‍വറിന് എ.ഐ.സി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കെ.പി.സി.സി അധ്യക്ഷനും, പ്രതിപക്ഷ നേതാവും പരസ്പരം ചര്‍ച്ചകള്‍ നടത്തി മുമ്പോട്ട് പോകണമെന്നും എ.ഐ.സി.സി നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി രമേശ് ചെന്നിത്തല എത്തിയതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്.

നാല് വര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം.

എന്നാല്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂര്‍ മറുപടിയുമായെത്തി. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. കേരളത്തില്‍ കൂടുതല്‍ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നു, താന്‍ പരിപാടികളില്‍ പങ്കെടുക്കുമെന്നും തരൂര്‍ പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതി അംഗത്വവും ലക്ഷ്യമിടുന്നുണ്ട്.

ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ.

സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എ.ഐ.സി.സി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം ഉയരുകയാണ്.

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ശേഷമായിരിക്കും തരൂര്‍ വിഷയത്തില്‍ ചര്‍ച്ചയെന്നാണ് നിലവിലെ എ.ഐ.സി.സി തീരുമാനം.

Content Highlight: AICC Bans Public Statements Over Shashi Tharoor Controversy