ആര്‍ക്ക് പോയി, സോനയ്ക്ക് പോയി! ലോകത്താകമാനം ആരാധകരുള്ള പോപ്പ് രാജാവായി പ്രകാശ് മാത്യു; വീഡിയോ വൈറല്‍
Entertainment
ആര്‍ക്ക് പോയി, സോനയ്ക്ക് പോയി! ലോകത്താകമാനം ആരാധകരുള്ള പോപ്പ് രാജാവായി പ്രകാശ് മാത്യു; വീഡിയോ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd July 2025, 8:00 pm

മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരമായ സിനിമയാണ് കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിറം. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ സോനയായി ശാലിനിയും എബിയായി കുഞ്ചാക്കോ ബോബനാണ് എത്തിയത്. വിദ്യാസാഗര്‍ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. 1999ല്‍ ഇറങ്ങിയ സിനിമ യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരുന്നു.

നിറത്തിലെ ഒരു പ്രധാന കഥാപാത്രമാണ് പ്രകാശ് മാത്യു. ബോബന്‍ ആലുംമൂടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് മാത്യു ഒരു ഗായകനായാണ് ചിത്രത്തില്‍ എത്തിയത്. സോനയോട് പ്രണയം തുറന്നുപറയുകയും വിവാഹം വരെ എത്തുകയും ചെയ്യുന്ന ഒരു കഥാപാത്രമാണിത്. സോനയുടെയും പ്രകാശ് മാത്യുവിന്റെയും മനസമ്മതം വരെ കഴിഞ്ഞുവെങ്കിലും ഒടുവില്‍ സോന എബിയോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രത്തില്‍ പ്രകാശ് മാത്യു പാടിയ ‘പ്രായം തമ്മില്‍ മോഹം നല്‍കി’ എന്ന പാട്ട് വലിയ ഹിറ്റായിരുന്നു. സമീപകാലത്ത് ഈ കഥാപാത്രം സോഷ്യല്‍ മീഡിയയിലും ട്രോളുകളിലൂടെയും വീണ്ടും ജനപ്രിയമായിട്ടുണ്ട്.

ഇപ്പോള്‍ സോന പോയതിന് ശേഷമുള്ള പ്രകാശ് മാത്യുവിന്റെ ജീവിതമാണ് ട്രെന്‍ഡിങ് ആകുന്നത്. ബ്രേക്ക് അപ്പിന് ശേഷമുള്ള പ്രകാശ് മാത്യുവിന്റെ ജീവിതം ഭാവനയില്‍ കാണിക്കുകയാണ് സിക്സ് എയ്റ്റ് എന്ന യൂട്യൂബ് ചാനല്‍. ഐ.ഐ വിദ്യയുടെ സഹായത്തോടെയാണ് സിക്സ് എയ്റ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ലോകത്താകമാനം ആരാധകരുള്ള പോപ്പ് ഗായകനായാണ് വീഡിയോയില്‍ പ്രകാശ് മാത്യു എത്തുന്നത്.

വോഗ് മാസികയുടെ ടോപ് 10 മില്ല്യണേഴ്സില്‍ ഒരാളായും GQ അടക്കമുള്ള ഇന്റര്‍നാഷണല്‍ മാസികകളുടെ മുഖ ചിത്രവുമായും റോളിങ്ങ് സ്റ്റോണ്‍, ഗുച്ചി തുടങ്ങിയ ബ്രാന്‍ഡുകളുടെ അംബാസിഡറായെല്ലാമാണ് പ്രകാശ് മാത്യുവിനെ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന പാട്ടും ദി വീക്കെന്‍ഡിന്റെ സ്റ്റാര്‍ ബോയ് പാട്ടും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സിക്സ് എയ്റ്റിന്റെ ക്രിയേറ്റിവിറ്റിയില്‍ കയ്യടിക്കുകയാണ് സൈബര്‍ ലോകം. കുറഞ്ഞ സമയം കൊണ്ടുതന്നെ വീഡിയോ സോഷ്യല്‍ മീഡിയ വാളുകളില്‍ വൈറലാണ്.


Content Highlight: AI video showing Prakash Mathew’s life after separation from Sona in the movie ‘Niram’ goes viral