കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എ.ഐ ഉപയോഗിക്കരുത്: മാര്‍ഗനിര്‍ദേശമിറക്കി ഹൈക്കോടതി
Artificial Intelligence
കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എ.ഐ ഉപയോഗിക്കരുത്: മാര്‍ഗനിര്‍ദേശമിറക്കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2025, 1:49 pm

കൊച്ചി: കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എ.ഐ ടൂളുകള്‍ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി. ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകള്‍ ഉപയോഗിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശനമായ നടപടി എടുക്കുമെന്നും കോടതി മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

ഹൈക്കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഹൈക്കോടതി ഇത്തരത്തില്‍ ഒരു നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് പുറമെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനും എ.ഐ ടൂളുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശമുണ്ട്. ഇത്തരത്തിലുള്ള എ.ഐ അധിഷ്ഠിത ടൂളുകള്‍ ഉപയോഗിക്കുന്നത് സ്വകാര്യതയേയും ഡാറ്റ സംരക്ഷണത്തേയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.

എ.ഐക്ക് തെറ്റ് പറ്റാമെന്നും നല്‍കുന്ന വിവരങ്ങള്‍ പക്ഷപാതപരമോ അപൂര്‍ണമോ ആയിരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ഇത്തരം ടൂളുകള്‍ നല്‍കുന്ന റഫറന്‍സുകളും ഉദ്ധരണികളുമെല്ലാം ജഡ്ജിമാര്‍ വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന വിധിന്യായം, ഉത്തരവുകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്ക് തന്നെയാണെന്നും കോടതി വ്യക്തമാക്കി.

ഇനി ഒരുപക്ഷെ എ.ഐ ടൂളുകള്‍ ജഡ്ജിമാര്‍ ഉപയോഗിക്കുകയാണെങ്കില്‍ കൃത്യമായ പരിശീലനം നേടിയതിന് ശേഷമാകണമെന്നും അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കുന്ന എ.ഐ ടൂളുകള്‍ അംഗീകൃതമായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

എ.ഐ. ടൂളകളുടെ പരിശീലനത്തിനായി ജുഡീഷ്യല്‍ അക്കാദമിയിലോ അല്ലെങ്കില്‍ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലന പരിപാടിയിലോ പങ്കെടുക്കണം. അഥവാ അംഗീകൃത എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഹൈക്കോടതിയിലെ ഐ.ടി വിഭാഗത്തിനെ അറിയിക്കണം.

Content Highlight: AI should not be used to issue court orders: Kerala High Court issues guidelines