കേരളത്തിന്റെ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവുമധികം തരംഗം സൃഷ്ടിച്ച റിയാലിറ്റി ഷോകളില്‍ ഒന്നാണ് മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ്. നൂറു ദിവസത്തോളം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ മത്സരാര്‍ത്ഥികള്‍ കാമറകള്‍ക്ക് മുമ്പില്‍ സമയം ചെലവഴിക്കേണ്ട പരിപാടിക്ക് ലോകത്തെ പല ഭാഷകളിലും ആരാധകരുണ്ട്.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒരു നിര തന്നെ ബിഗ് ബോസ് ഹൗസില്‍ എത്തിയാല്‍ എങ്ങനെയായിരിക്കും എന്ന എ.ഐ. ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. അഖില്‍കിളിയന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തു വിട്ട ചിത്രങ്ങളാണ് കാഴ്ച്ചകാര്‍ക്കിടയില്‍ ചിരി പടര്‍ത്തിയത്.
കപ്പിള്‍ എന്‍ട്രിയില്‍ ഷോയിലെത്തി പരസ്പരം ഒരോന്ന് പറഞ്ഞ് ചിരിക്കുന്ന നസ്രിയ-ഫഹദ് കോംബോയെയും, ഒന്നും രണ്ടും പറഞ്ഞ് അടികൂടുന്ന പൈങ്കിളി ചിത്രത്തിലെ ജോടികളായ സജിന്‍ ഗോപുവിനെയും അനശ്വര രാജനെയും പോസ്റ്റില്‍ കാണാം. അതേ സമയം ഇന്റര്‍വ്യൂ വഴി അടികൂടിയിരുന്ന ബേസിലും ടൊവിനോയും ഹൗസിലെ കാര്‍പ്പറ്റില്‍ കിടന്ന് അടി കൂടുന്നതും കാണാം.
മുതിര്‍ന്ന താരങ്ങളായ ദിലീപും പൃഥ്വിയും ഫഹദും സോഫയിലിരുന്ന് ചര്‍ച്ചയില്‍ മുഴുകുമ്പോള്‍ യുവതാരങ്ങളായ നസ്‌ലെനും സംഗീത് പ്രതാപും അടുക്കളയില്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള ഭക്ഷണം പാകം ചെയ്യുന്നതും പാത്രം കഴുകുന്നതും രസകരമാണ്. വീക്കെന്‍ഡ് എപ്പിസോഡില്‍ വീട്ടിലെത്തിയ മോഹന്‍ലാല്‍ മത്സരാര്‍ത്ഥിയായ വിനായകനെ അച്ചടക്കമില്ലാത്തതിന്റെ പേരില്‍ നിര്‍ത്തിപൊരിക്കുകയാണെന്നാണ് കമന്റുകള്‍. ബിഗ് ബോസിലെ ജയിലില്‍ നിന്നും തല പുറത്തേക്കിട്ട് കൈ ചൂണ്ടി സംസാരിക്കുന്ന ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ട്.
ബിഗ് ബോസ് ഹൗസിലെ ഒഴിച്ചു കൂടാനാകാത്ത കരച്ചില്‍ കാര്‍ഡ് ആഡ് ചെയ്യാനും ക്രിയേറ്റര്‍ മറന്നിട്ടില്ല. സോഫയിലിരുന്ന് കരയുന്ന കല്ല്യാണി പ്രിയദര്‍ശനെ ആശ്വസിപ്പിക്കുന്ന ഐശ്വര്യ ലക്ഷ്മിയെയും കണ്ണു നിറച്ചിരിക്കുന്ന സായ് പല്ലവിയെ വഴക്ക് പറയുന്ന ദുല്‍ഖറിനെയും പോസ്റ്റില്‍ കാണാം. ബിഗ് ബോസ് സീസണ്‍ എട്ട്- സെലിബ്രിറ്റി എഡിഷന്‍ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്.
Content Highlight: AI generated content of big boss malayalam with super stars