ന്യൂദല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മാറിനല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. മൃതദേഹം മാറിയതിനാല്‍ കുടുംബം സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെച്ചുവെന്നാണ് റിപ്പോർട്ട്. ഡെയ്‌ലി മെയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
സംഭവം കുടുംബത്തെ നിരാശരാക്കിയെന്നും കുടുംബാംഗങ്ങള്‍ ദുഖിതരാണെന്നും ബ്രിട്ടീഷ് കുടുംബങ്ങളെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകന്‍ ജെയിംസ് ഹീലി പ്രാറ്റ് പറഞ്ഞു. വിഷയത്തില്‍ എയര്‍ ഇന്ത്യ, കെനിയോണ്‍സ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി സര്‍വീസ് അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ മാറിയിട്ടുണ്ടെന്ന വിവരം എം.പിമാരെയും എഫ്.സി.ഡി.ഒയെയും പ്രധാനമന്ത്രിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും ഓഫീസുകളെയും കുടുംബം അറിയിച്ചതായി ഡെയിലി മെയിലില്‍ പറയുന്നു.
നിലവില്‍ ഇന്ത്യ കൈമാറിയ ഒരു ശവപ്പെട്ടിയില്‍ രണ്ട് മൃതദേഹങ്ങളുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടന്‍ സന്ദര്‍ശനവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇക്കാര്യം ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇരകളെ തിരിച്ചറിയുന്നതില്‍ എല്ലാ സ്ഥാപിത പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് അധികൃതരുമായി സഹകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ യു.കെ അധികാരികളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
അഹമ്മദാബാദിലെ അപകടത്തിൽ മരണപ്പെട്ടവരെ തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള പ്രക്രിയയായിരുന്നുവെന്ന് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി പ്രതികരിച്ചു. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ അസ്ഥിസാമ്പിളുകള്‍ വേര്‍തിരിച്ചെടുക്കാന്‍ സമയമെടുത്തിരുന്നുവെന്നും എന്‍.എഫ്.എസ്.യു പറഞ്ഞു.
ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള യാത്രാമധ്യേയാണ് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ 241 പേരും മരണപ്പെട്ടിരുന്നു.
ഇവരില്‍ 52 പേര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് പുറമെ വിമാനം തകര്‍ന്നുവീണ അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജിന്റെ മെസിലുണ്ടായിരുന്ന 19 പേരും മരിച്ചിരുന്നു.