ന്യൂദല്‍ഹി: പ്രാധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി എയര്‍ ഇന്ത്യ എ.എല്‍- 171 വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങള്‍. അപകടകാരണം സംബന്ധിച്ച് വ്യക്തത തേടിയായിരുന്നു കത്ത്.
വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോഡറിലേയും ഫൈ്‌ളയ്റ്റ് ഡാറ്റ റെക്കോഡറിന്റെയും വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
‘ഈ അപകടത്തിന് കാരണമായത് എന്താണെന്നും എന്തെങ്കിലും സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് സത്യം അറിയണം,’ ഡാറ്റ പരസ്യമായി പുറത്തുവിടാന്‍ കഴിയുന്നില്ലെങ്കില്‍, കുറഞ്ഞത് ബാധിത കുടുംബങ്ങളുമായി നേരിട്ട് പങ്കിടണം,’ കത്തില്‍ ആവശ്യപ്പെട്ടു.
2025 ജൂണ്‍ 12ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഉടന്‍ തന്നെ തകര്‍ന്ന് വീഴുകയും അടുത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി തീപ്പിടുത്തമുണ്ടാവുകയുമായിരുന്നു. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലുണ്ടായിരുന്ന 19 പേരും കൊല്ലപ്പെട്ടിരുന്നു.
മരിച്ചവരുടെ സാധനങ്ങള്‍ തിരിച്ചറിയാന്‍ എയര്‍ ഇന്ത്യ ഒരുക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അപ്രായോഗികമാണെന്നും സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ രണ്ടാഴ്ചയോളം സമയം എടുക്കുന്നുവെന്നും കുടുംബങ്ങള്‍ പറഞ്ഞു.
ഇരകളില്‍ പലരും ഗ്രാമങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ പ്രവാസികളായിരുന്നു.
അവരുടെ കുടുംബങ്ങള്‍ക്ക് ഇമെയില്‍ വഴിയോ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ ആശയ വിനിമയം നടത്താന്‍ അറിയില്ലെന്നും കുടുംബങ്ങള്‍ പറഞ്ഞു. മുപ്പതോളം കുടുംബങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) ഡയറക്ടര്‍ ജനറല്‍ ജിവിജി യുഗന്ധര്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സിഎ) ഡയറക്ടര്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായ് എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പുകള്‍ അയയ്ക്കും.
Content Highlight: Ahmedabad plane crash; Black box data and cockpit voice recorder should be made public immediately; Families of victims write to Prime Minister
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.