മൊബൈലിലൂടെ മുത്തലാഖ് ചൊല്ലിയതിനിനെ ചോദ്യം ചെയ്ത യുവതിക്കുനേരെ ഭരതൃബന്ധുക്കളുടെ ആസിഡ് ആക്രമണം
India
മൊബൈലിലൂടെ മുത്തലാഖ് ചൊല്ലിയതിനിനെ ചോദ്യം ചെയ്ത യുവതിക്കുനേരെ ഭരതൃബന്ധുക്കളുടെ ആസിഡ് ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2017, 10:50 am

പിലിബിറ്റ്: മൊബൈലിലൂടെ മുത്തലാഖ് ചൊല്ലിയതിനെ ചോദ്യം ചെയ്ത യുവതിക്കുനേരെ ഭര്‍തൃബന്ധുക്കളുടെ ആസിഡ് ആക്രമണം. 40കാരിയായ റഹാന ഹുസൈന്‍ എന്ന യുവതിയായിരുന്നു ആക്രമണത്തിന് ഇരയായത്.

ശനിയാഴ്ച ഭര്‍തൃഗൃഹത്തിലെത്തിയ ഇവര്‍ക്കുനേരെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആസിഡ് എറിയുകയായിരുന്നു. അരയ്ക്കുതാഴെ പൊള്ളലേറ്റ യുവതി ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ആറുമാസം മുമ്പാണ് ന്യൂസിലാന്റില്‍ നിന്നും ഭര്‍ത്താവ് മത്‌ലബ് ഹുസൈന്‍ സെല്‍ഫോണ്‍ വഴി രഹാനയെ മുത്തലാഖ് ചൊല്ലിയത്. എന്നാല്‍ യുവതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതിനെതിരെ യുവതി കോടതിയെ സമീപിക്കുകയും ചെയ്തു. വിഷയം ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.


Must Read: ജിഷ്ണുവിന്റെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത് 


18വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ഇരുവരും യു.എസില്‍ താമസമാക്കി. എന്നാല്‍ ഇവരുടെ ബന്ധം പിന്നീട് വഷളായി. 2011ല്‍ റഹാനയ്‌ക്കൊപ്പം മുത്‌ലബ് തിരിച്ചെത്തി കുറച്ചുകാലം ഇവിടെ കഴിഞ്ഞശേഷം ന്യൂസിലാന്റില്‍ ജോലി ശരിയാക്കി അവിടേക്കു പോവുകയായിരുന്നു.