എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്
എഡിറ്റര്‍
Sunday 16th April 2017 10:16am

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍ മാത്രം അടങ്ങിയതാണ് ആത്മഹത്യക്കുറിപ്പ്. ഹൈക്കോടതി ഉത്തരവിലാണ് ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ ഉള്ളത്.

‘ഞാന്‍ പോകുന്നു എന്റെ ജീവിതം പാഴായി. എന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ജീവിതം നഷ്ടമായി’ എന്നാണ് ആത്മഹത്യക്കുറിപ്പുള്ളത്. ഇതിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


Must Read: ‘മണിക് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന് കുത്തിയാലും വോട്ട് താമരയ്ക്ക് വീഴും’ ത്രിപുരയില്‍ വോട്ടിങ് മെഷീന്‍ അട്ടിമറി നടത്തുമെന്ന് ബി.ജെ.പി പ്രസിഡന്റിന്റെ വെല്ലുവിളി 


ജിഷ്ണു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റിനു സമീപത്തുനിന്നും ആത്മഹത്യക്കുറിപ്പു കണ്ടെത്തിയത്. എന്നാല്‍ ഇത് ജിഷ്ണുവിന്റേതു തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജിഷ്ണു കേസില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നു കണ്ടെത്തിയ കോടതി ഉത്തരവിലാണ് ആത്മഹത്യക്കുറിപ്പിലെ വാചകങ്ങള്‍ പരാമര്‍ശിക്കുന്നത്. വിദഗ്ധ പരിശോധയ്ക്ക് അയച്ചെങ്കിലും റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ഇതിലെ കയ്യക്ഷരം ജിഷ്ണുവിന്റേതാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. കടലാസ് നനഞ്ഞ് അക്ഷരങ്ങള്‍ പടര്‍ന്നതിനാല്‍ കയ്യക്ഷര പരിശോധന സാധ്യമല്ലെന്നും അന്വേഷണ സംഘം വാദിക്കുന്നു. ഈ വാദങ്ങള്‍ അടക്കം ഉയര്‍ത്തിയാവും പ്രോസിക്യൂഷന്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുക.

ജനുവരി ആറിനാണ് കോഴിക്കോട് നാദാപുരം സ്വദേശിയായ ജിഷ്ണു പ്രണോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചെന്നാരോപിച്ചുള്ള മാനേജ്‌മെന്റിന്റെ പീഡനങ്ങളെ തുടര്‍ന്നാണിതെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.

Advertisement