കൊച്ചി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തി തൃശൂര്‍ നെടുമ്പാല്‍ സ്വദേശിയായ കെ.കെ. ദിനേശന്‍. 2014 ഓഗസ്റ്റില്‍ ജോലി ആവശ്യത്തിനായാണ് ദിനേശന്‍ യെമനില്‍ എത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ജോലി കിട്ടാത്തതിനെ തുടര്‍ന്ന് യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ദിനേശന്‍ കുടുങ്ങി പോവുകയായിരുന്നു.
ഒടുവില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിനൊടുവിലാണ് ദിനേശന്റെ മോചനം സാധ്യമായത്. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ദിനേശനെ കാത്ത് സുഹൃത്തുക്കള്‍ എത്തിയിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിമാനത്താവളത്തില്‍ നിന്നാണ് ദിനേശന്‍ യെമനിലേത്ത് യാത്ര പുറപ്പെട്ടത്. അന്ന് ദിനേശന്റെ മക്കള്‍ക്ക് രണ്ടു മാസവും രണ്ട് വയസുമൊക്കെയായിരുന്നു പ്രായം.
തന്നെ തിരിച്ചെത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ദിനേശന്‍ പറഞ്ഞു. നാട്ടില്‍ തനിക്ക് ടൈല്‍സിന്റെ പണി ആയിരുന്നു. മെച്ചപ്പെട്ട ജോലി തേടിയാണ് യെമനില്‍ എത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ പറഞ്ഞുവെച്ച ജോലി കിട്ടാത്താതിനാല്‍ വിസ ഇല്ലാതെ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് ദിനേശന്‍ പറഞ്ഞു. മനുഷ്യാവകാശപ്രവര്‍ത്തകരായ സാമുവല്‍ ജെറോം. സിജു ജോസഫ് എന്നിവരാണ് സാമുവലിന്റെ മോചനതതിന് മുന്‍കൈ എടുത്തത്.
‘ ഇന്ത്യയില്‍ നിന്നുള്ള കാര്യങ്ങള്‍ എല്ലാം ശെരിയാക്കിയത് സിജു സാറാണ്. അദ്ദേഹമാണ് സാമുവല്‍ ജെറോമിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത്. പിന്നെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്ന സംഘടന സാമ്പത്തിക സഹായം നല്‍കി. സാമ്പത്തികമായി നിരവധി ആളുകള്‍ സഹായിച്ചിരുന്നു. സഹായിച്ച എല്ലാവര്‍ക്കും നന്ദി ,’ ദിനേശന്‍ പറഞ്ഞു.
Content Highlight: After ten years of exile, Dinesan return to homeland, he was trapped in the Houthi region of Yemen due to job fraud