മെലഡി പാടാന്‍ ആ ഗായകരെ വിളിക്കും; എന്നെ അതില്‍ പരിഗണിച്ചിരുന്നില്ല: അഫ്‌സല്‍
Entertainment
മെലഡി പാടാന്‍ ആ ഗായകരെ വിളിക്കും; എന്നെ അതില്‍ പരിഗണിച്ചിരുന്നില്ല: അഫ്‌സല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 5:14 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് അഫ്‌സല്‍. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് പാട്ടുകളുള്ള ഗായകനാണ് അദ്ദേഹം. അഫ്‌സല്‍ പാടിയ പാട്ടുകളൊക്കെ എല്ലാ ജനറേഷനും ഇഷ്ടപ്പെടുന്നതാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഫാസ്റ്റ് സോങ്ങുകളാണ് അഫ്‌സല്‍ കൂടുതലും പാടിയത്. ആ തെരഞ്ഞെടുപ്പുകള്‍ മനപൂര്‍വമായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ അഫ്‌സല്‍. വാപ്പയുടെ പാട്ടുകള്‍ കേട്ടുവളര്‍ന്നയാളാണ് താനെന്നും ഹിന്ദുസ്ഥാനി സംഗീതമായിരുന്നു അദ്ദേഹത്തിന് പ്രിയമെന്നും അഫ്‌സല്‍ പറയുന്നു. പണ്ടുമുതലേ കേള്‍ക്കുന്നതും അത്തരം ഗാനങ്ങളാണെന്നും മനസ്സിന്റെയുള്ളിലും ആ ഫീലൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തുടക്കംമുതലേ താന്‍ അടിപൊളി പാട്ടുകളാണ് പാടുന്നതെന്നും പിന്നെ അതൊരു ബ്രാന്‍ഡിങ് പോലെയായി പോയെന്നും അഫ്‌സല്‍ പറയുന്നു.

അടിപൊളി പാട്ടുകള്‍ വരുമ്പോള്‍ തന്നെ വിളിക്കുമെന്നും അന്നൊക്കെ സെമിക്ലാസിക്കല്‍ അല്ലെങ്കില്‍ മെലഡിയൊക്കെ വന്നാല്‍ വിധു പ്രതാപ്, മധു ബാല കൃഷ്ണന്‍, ദേവാനന്ദ്, ബിജു നാരായണന്‍ അവരെയൊക്കെയാണ് വിളിക്കാറെന്നും അദ്ദേഹം പറയുന്നു. ഒരു മെലഡി ഗാനത്തിനോ വിഷാദ ഗാനത്തിനോ തന്നെ പരിഗണിച്ചിരുന്നില്ലെന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അഫ്‌സല്‍.

‘വാപ്പയുടെ പാട്ടുകള്‍ കേട്ടുവളര്‍ന്നയാളാണ് ഞാന്‍. ഹിന്ദുസ്ഥാനി സംഗീതമായിരുന്നു അദ്ദേഹത്തിന് പ്രിയം. പണ്ടുമുതലേ കേള്‍ക്കുന്നതും അതാണ്. മനസ്സിന്റെയുള്ളിലും ആ ഫീലൊക്കെയുണ്ട്. പക്ഷേ, തുടക്കംമുതലേ ഞാന്‍ അടിപൊളി പാട്ടുകളാണ് പാടുന്നത്. പിന്നെ അതൊരു ബ്രാന്‍ഡിങ് പോലെയായി. അടിപൊളി പാട്ടുണ്ടോ, അഫ്‌സലിനെ വിളിക്കാം, അങ്ങനെ.

എല്ലാ തരത്തിലുള്ള പാട്ടുകളും പാടുന്ന നല്ല ഗായകര്‍ മലയാളത്തിലുണ്ട്. അടിപൊളി വരുമ്പോള്‍ എന്നെ വിളിക്കും. അന്നൊക്കെ സെമിക്ലാസിക്കല്‍ അല്ലെങ്കില്‍ മെലഡിയൊക്കെ വന്നാല്‍ വിധു പ്രതാപ്, മധു ബാല കൃഷ്ണന്‍, ദേവാനന്ദ്, ബിജു നാരായണന്‍ അവരെയൊക്കെ വിളിക്കും. ഒരു മെലഡി ഗാനത്തിനോ വിഷാദ ഗാനത്തിനോ എന്നെ പരിഗണിക്കില്ല,’ അഫ്‌സല്‍ പറയുന്നു.

Content Highlight:  Afsal about his songs