രാജ്യദ്രോഹകുറ്റം ചാര്‍ത്തി തൂക്കികൊല്ലുന്നവനോട് പോലും കാര്യകാരണങ്ങള്‍ വ്യക്തമായി പറയണമെന്ന് നിയമമുള്ള രാജ്യത്താണ് ഇത് സംഭവിക്കുന്നത്: മീഡിയവണ്‍ വിലക്കില്‍ ഹരീഷ്
Kerala
രാജ്യദ്രോഹകുറ്റം ചാര്‍ത്തി തൂക്കികൊല്ലുന്നവനോട് പോലും കാര്യകാരണങ്ങള്‍ വ്യക്തമായി പറയണമെന്ന് നിയമമുള്ള രാജ്യത്താണ് ഇത് സംഭവിക്കുന്നത്: മീഡിയവണ്‍ വിലക്കില്‍ ഹരീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th February 2022, 12:44 pm

കൊച്ചി: മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

ദേശീയസുരക്ഷ എന്ന കാരണം ആരോപിച്ചാല്‍, ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടാക്കിയാല്‍ ഇനി എക്‌സിക്യൂട്ടീവിന് ആര്‍ക്കെതിരെയും തീരുമാനം എടുക്കാമെന്നും Affected party യെ കേള്‍ക്കുക പോലും വേണ്ടെന്നും കോടതിക്ക് പോലും വിധിന്യായത്തില്‍ ആ കാരണം വ്യക്തമാക്കേണ്ടതില്ലെന്നും ഹരീഷ് ഫേസ്ബുക്കില്‍ എഴുതി.

2014 ലെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ (2014) 5 എസ്.സി.സി 409 ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ്. നഗരേഷിന്റെ ഇന്നത്തെ വിധി. സാങ്കേതികമായി അത് ശരിയാണ്. സുപ്രീംകോടതിയെ അനുസരിക്കുക എന്നതാണ് ഒരു ഹൈക്കോടതിക്ക് ചെയ്യാനാകുക.

രാജ്യദ്രോഹകുറ്റം ചാര്‍ത്തിതൂക്കി കൊല്ലുന്നവനോട് പോലും കാര്യ കാരണങ്ങള്‍ വ്യക്തമായി വിചാരണ ചെയ്തു പറയണം എന്ന നിയമമുള്ള രാജ്യത്താണ് 2014 ല്‍ സുപ്രീംകോടതി ജഡ്ജ് കുര്യന്‍ ജോസഫിന്റെ വിധിന്യായം മേല്‍വിധി പറഞ്ഞത്. അത് നിയമമായി.

ലോ കോളേജില്‍ ഭരണഘടനാ നിയമം പഠിപ്പിക്കുമ്പോള്‍ അഭിമാനപൂര്‍വം പറയുന്ന മനേകാ ഗാന്ധി കേസില്‍ നിന്ന് നാമെത്ര കാതം പിന്നോട്ട് നടക്കുന്നു. ഇത് മീഡിയ വണിനോട് കടുത്ത എതിര്‍പ്പ് ഉള്ളവര്‍ക്കും ബാധകമായ നിയമമാണ്. ഇന്ന് ഞാന്‍ നാളെ നീ എന്നേയുള്ളൂ..
ഈ രാജ്യത്തെ ജനാധിപത്യത്തെ ഡിങ്കന്‍ രക്ഷിക്കട്ടെ, ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മീഡിയവണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ഇന്ന് ശരിവെക്കുകയായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്

നിലവില്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിയിരിക്കുകയാണ്. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മീഡിയ വണ്‍ മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.

മീഡിയവണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നരേഷ് വിധി പറഞ്ഞത്. ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവണ്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയവണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ തല സമിതി മീഡിയ വണ്ണിന്റെ ക്ലിയറന്‍സ് പുതുക്കേണ്ടതില്ല എന്നു നിര്‍ദ്ദേശിക്കുന്നു. അത് പരിഗണിച്ചു ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് പുതുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നു.
ഫയല്‍ പരിശോധിച്ചതില്‍ നിന്ന് തീരുമാനം തൃപ്തികരമാകയാല്‍ അതില്‍ ഇടപെടുന്നില്ലെന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച്. കാരണങ്ങള്‍ കക്ഷികളോട് വ്യക്തമാക്കേണ്ടതില്ല.

‘What is in the interest of national security is not a question of law. It is a matter of policy. It is not for the court to decide whether something is in the interest of State or not. It should be left to the Executive.
Thus, in a situation of national security, a party cannot insist for the strict observance of the principles of natural justice. In such cases it is the duty of the Court to read into and provide for statutory exclusion, if not expressly provided in the rules governing the field. Depending on the facts of the particular case, it will however be open to the court to satisfy itself whether there were justifiable facts, and in that regard, the court is entitled to call for the files and see whether it is a case where the interest of national security is involved. Once the State is of the stand that the issue involves national security, the court shall not disclose the reasons to the affected par-ty.’

2014 ലെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ (2014) 5 SCC 409 ലെ വിധിയാണ് മേല്‍ ഉദ്ധരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ്. നഗരേഷിന്റെ ഇന്നത്തെ വിധി. സാങ്കേതികമായി ശരി. സുപ്രീംകോടതിയെ അനുസരിക്കുക എന്നതാണ് ഒരു ഹൈക്കോടതിക്ക് ചെയ്യാനാകുക.

ദേശീയസുരക്ഷ എന്ന കാരണം ആരോപിച്ചാല്‍, ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടാക്കിയാല്‍ ഇനി എക്‌സിക്യൂട്ടീവിനു ആര്‍ക്കെതിരെയും തീരുമാനം എടുക്കാം. Affected party യെ കേള്‍ക്കുക പോലും വേണ്ട. കോടതിക്ക് പോലും വിധിന്യായത്തില്‍ ആ കാരണം വ്യക്തമാക്കേണ്ടതില്ല.

രാജ്യദ്രോഹ കുറ്റം ചാര്‍ത്തിതൂക്കി കൊല്ലുന്നവനോട് പോലും കാര്യ കാരണങ്ങള്‍ വ്യക്തമായി വിചാരണ ചെയ്തു പറയണം എന്ന നിയമമുള്ള രാജ്യത്താണ് 2014 ല്‍ സുപ്രീംകോടതി ജഡ്ജ് കുര്യന്‍ ജോസഫിന്റെ വിധിന്യായം മേല്‍വിധി പറഞ്ഞത്. അത് നിയമമായി. ലോ കോളേജില്‍ ഭരണഘടനാ നിയമം പഠിപ്പിക്കുമ്പോള്‍ അഭിമാനപൂര്‍വ്വം പറയുന്ന മനേകാ ഗാന്ധി കേസില്‍ നിന്ന് നാമെത്ര കാതം പിന്നോട്ട് നടക്കുന്നു ഇത് മീഡിയ വണ്ണിനോട് കടുത്ത എതിര്‍പ്പ് ഉള്ളവര്‍ക്കും ബാധകമായ നിയമമാണ്. ഇന്ന് ഞാന്‍ നാളെ നീ എന്നേയുള്ളൂ. ഈ രാജ്യത്തെ ജനാധിപത്യത്തെ ഡിങ്കന്‍ രക്ഷിക്കട്ടെ..

Content Highlight: Advovate Harish Vasudevan about Mediaone Ban