ഈ കൊച്ചിനെ മിക്കവാറും 'കാക്ക കൊത്തുന്ന' ലക്ഷണമുണ്ട്, മീനാക്ഷിക്കെതിരെ വിദ്വേഷ പോസ്റ്റുമായി അഡ്വക്കേറ്റ് കൃഷ്ണ രാജ്
Malayalam Cinema
ഈ കൊച്ചിനെ മിക്കവാറും 'കാക്ക കൊത്തുന്ന' ലക്ഷണമുണ്ട്, മീനാക്ഷിക്കെതിരെ വിദ്വേഷ പോസ്റ്റുമായി അഡ്വക്കേറ്റ് കൃഷ്ണ രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th November 2025, 4:09 pm

മതനിരപേക്ഷതയെക്കുറിച്ച് കഴിഞ്ഞദിവസം നടിയും ചാനല്‍ അവതാരകയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ കൈയടി നല്കിയിരുന്നു. എന്നാല്‍ മീനാക്ഷിയുടെ വാക്കുകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍ അനുകൂലിയായ അഡ്വക്കേറ്റ് കൃഷ്ണ രാജ്.

‘സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട, ചെറിയ വായയില്‍ വലിയ വര്‍ത്തമാനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട്’ മീനാക്ഷിയുടെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് കൃഷ്ണ രാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. കൃഷ്ണ രാജിന്റെ പോസ്റ്റ് വളരെ വേഗത്തില്‍ വൈറലായി.

മതത്തിന്റെ മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നും നമ്മുടെ നാട്ടില്‍ മതനിരപേക്ഷത സാധ്യമാണോ എന്നത് വലിയ ചോദ്യമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു മീനാക്ഷി തന്റെ പോസ്റ്റ് ആരംഭിച്ചത്. ‘മത’മിളകില്ലെന്ന് ഓരോ മനുഷ്യരും ഉറപ്പാക്കിയാല്‍ ഈ നാട്ടില്‍ മതനിരപേക്ഷത സാധ്യമാകുമെന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

തനിക്ക് മതമില്ലെന്നും മതത്തിന്റെ പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്നത് തെറ്റാണെന്നും അര്‍ത്ഥമാക്കുന്ന മീനാക്ഷിയുടെ പോസ്റ്റ് കൃഷ്ണ രാജിനെപ്പോലുള്ള സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചിരിക്കുകയാണ്. കൃഷ്ണ രാജിന്റെ പോസ്റ്റിന് താഴെ സംഘപരിവാര്‍ അനുകൂലികളായവര്‍ മീനാക്ഷിയെ കുറ്റപ്പെടുത്തിക്കൊണ്ട് കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്.

‘സിനിമയില്ലാത്തതുകൊണ്ട് ഹിന്ദുക്കളെ കുറ്റം പറയുകയാണ്, അങ്ങനെ ചെയ്താല്‍ അതുവഴി ചാന്‍സ് ലഭിക്കാമല്ലോ’, ‘ഇതുപോലെ വലിയ വര്‍ത്തമാനം പറഞ്ഞ മാധവിക്കുട്ടിയെ കാക്കകള്‍ കൊത്തി, പിന്നെയാണോ ഇവള്‍’ എന്നിങ്ങനെയാണ് സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ കമന്റുകള്‍. എന്നാല്‍ കൃഷ്ണ രാജിനെ വിമര്‍ശിച്ചും നിരവധി കമന്റുകളുണ്ട്.

‘മനുസ്മൃതി മാത്രം മനസില്‍ കൊണ്ടുനടക്കുന്ന സംഘിക്ക് പൊള്ളി’, ‘പണ്ട് രണ്ട് ഡോക്ടര്‍മാര്‍ ഡാന്‍സ് ചെയ്തപ്പോള്‍ താന്‍ ഉറഞ്ഞുതുള്ളിയതല്ലേ, ഇപ്പോള്‍ എന്തായി’, ‘എന്ത് കണ്ടാലും അതില്‍ വിഷം പുരട്ടുന്ന മനസ് തനിക്ക് മാത്രമേയുള്ളൂ’ എന്നിങ്ങനെയാണ് കൃഷ്ണ രാജിനെതിരായുള്ള കമന്റുകള്‍.

കൊവിഡ് കാലത്ത് റീല്‍സിലൂടെ ശ്രദ്ധ നേടിയ ജാനകി ഓംകുമാര്‍, നവീന്‍ റസാഖ് എന്നിവര്‍ക്കെതിരെ വിദ്വേഷ പോസ്റ്റ് പങ്കുവെച്ചതിലൂടെയാണ് കൃഷ്ണ രാജ് ശ്രദ്ധ നേടിയത്. പിന്നീട് നസ്രിയ, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കെതിരെയും അബ്ദുള്‍ റഹീമിനെതിരെയും ഇത്തരത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ കൃഷ്ണ രാജ് പങ്കുവെച്ചിരുന്നു.

Content Highlight: Advocate Krishna Raj shared hatred post against Meenakshi Anoop