ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ പ്രതിസന്ധി കാരണമുള്ള വെല്ലുവിളികളെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനകള്‍ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇവയൊന്നും വെറും നിര്‍ദേശങ്ങളല്ലെന്നും മോദിയുടെ പരാജയത്തിന്റെ തെളിവുകളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സര്‍ക്കാരിന് തലയൂരാനായി പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി ജനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ നയത്തിലും നയതന്ത്രത്തിലുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരാജയമാണ് ഇത് കാണിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ സര്‍ക്കാറിന്റെ പരാജയം കാരണമുള്ള പ്രശ്‌നങ്ങള്‍ക്ക് ജനങ്ങളോട് ത്യാഗം ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. നാഷണ്‍ ഫസ്റ്റ് എന്ന മുദ്രാവാക്യത്തില്‍ വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി രാജ്യം ഭരിക്കാന്‍ യോഗ്യനല്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മോദിയുടെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. യു.എസ്-ഇറാന്‍ യുദ്ധം ആരംഭിച്ച് മൂന്ന് മാസമായിട്ടും ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാനമന്ത്രിക്ക് ഒരു ധാരണയുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഇന്നലെ മോദിജി രാജ്യത്തെ ജനങ്ങളോട് ത്യാഗങ്ങള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു. സ്വര്‍ണം വാങ്ങരുത്, വിദേശയാത്ര ചെയ്യരുത്, പെട്രോള്‍ കുറച്ച് ഉപയോഗിക്കുക, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയവയാണത്. എന്നാല്‍ ഇവയൊന്നും ഉപദേശങ്ങളല്ല മറിച്ച് അദ്ദേഹത്തിന്റെ പരാജയത്തിന്റെ ലക്ഷണങ്ങളാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോവണം, പോവരുത് എന്നൊക്കെ ജനങ്ങളോട് പറയേണ്ടി വരുന്ന ഒരു ഘട്ടത്തിലേക്ക് രാജ്യം എത്തിച്ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കാനും, കഴിയുന്നിടത്തോളം വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറാനും കഴിഞ്ഞ ദിവസം മോദി ആവശ്യപ്പെട്ടിരുന്നു. ഹൈദരാബാദില്‍ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള പ്രതിസന്ധി മൂലം പെട്രോള്‍, ഡീസല്‍, വളം എന്നിവയുടെ വില വര്‍ധിക്കുന്നത് ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും മോദി പറഞ്ഞു.
‘നഗരങ്ങളില്‍ മെട്രോ ലൈനുകള്‍ ഉള്ളയിടങ്ങളില്‍ മെട്രോയില്‍ മാത്രം യാത്ര ചെയ്യാന്‍ നമ്മള്‍ തീരുമാനിക്കണം. കാര്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ കാര്‍പൂളിങ്ങിന് ശ്രമിക്കണം. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളവര്‍ അത് പരമാവധി ഉപയോഗിക്കണം,’ അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തെ ശീലങ്ങള്‍ വീണ്ടും പ്രായോഗികമാക്കുന്നത് രാജ്യത്തിന് ഗുണകരമാകുമെന്ന് മോദി ഓര്‍മ്മിപ്പിച്ചു.
‘കൊറോണ കാലത്ത് നമ്മള്‍ വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവ ശീലിച്ചു. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ഈ സംവിധാനങ്ങള്‍ വീണ്ടും തുടങ്ങുന്നത് ദേശീയ താത്പര്യത്തിന് ഉചിതമായിരിക്കും. വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്ക് നമ്മള്‍ വീണ്ടും മുന്‍ഗണന നല്‍കണം,’ പ്രധാനമന്ത്രി പറഞ്ഞു.
പെട്രോളും ഡീസലും വാങ്ങുന്നതിനായി ചെലവാക്കുന്ന വിദേശ നാണ്യം ലാഭിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് വിവാഹം നടത്തുന്നതും വിനോദയാത്ര പോകുന്നതുമായ രീതികള്‍ വര്‍ധിച്ചുവരികയാണെന്നും, നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് വിദേശ യാത്രകള്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രാജ്യത്തോടുള്ള കടമകള്‍ നിര്‍വഹിക്കുന്നതാണ് യഥാര്‍ത്ഥ ദേശസ്നേഹമെന്ന് അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിനുവേണ്ടി മരിക്കുക എന്നത് മാത്രമല്ല ദേശസ്നേഹം. രാജ്യത്തിനായി ജീവിക്കുന്നതും രാജ്യത്തോടുള്ള കടമകള്‍ നിറവേറ്റുന്നതും ദേശസ്നേഹമാണ്,’ മോദി കൂട്ടിച്ചേര്‍ത്തു.
Content Highlight: Advice is not proof of failure of governance; Rahul Gandhi against Modi’s seven calls
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.