വിവാദങ്ങള്‍ക്കിടെ നിലമ്പൂരിലെ യു.ഡി.എഫ് പര്യടനം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് അടൂര്‍ പ്രകാശ്
Kerala News
വിവാദങ്ങള്‍ക്കിടെ നിലമ്പൂരിലെ യു.ഡി.എഫ് പര്യടനം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് അടൂര്‍ പ്രകാശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd June 2025, 10:53 pm

നിലമ്പൂര്‍: വിവാദങ്ങള്‍ക്കിടെ നിലമ്പൂരിലെ യു.ഡി.എഫ് പര്യടനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് പാര്‍ട്ടി കണ്‍വീനര്‍ അടൂര്‍ പ്രകാശ്. നാളെ (ചൊവ്വ) രാവിലെ 8.30ന് പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ നിന്നാണ് യു.ഡി.എഫ് പര്യടനം ആരംഭിക്കുന്നതെന്നും അടൂര്‍ പ്രകാശ് അറിയിച്ചു.

യു.ഡി.എഫിന്റെ പഞ്ചായത്ത് തല പര്യടനമാണ് നാളെ ആരംഭിക്കുന്നത്. നാളെ ആരംഭിക്കുന്ന പര്യടനം ഉച്ചക്ക് ശേഷം വഴിക്കടവ് പഞ്ചായത്തില്‍ എത്തിച്ചേരുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളിലൂടെയാണ് അടൂര്‍ പ്രകാശ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് (തിങ്കള്‍) നിലമ്പൂരില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നതിനിടെയിലാണ് അടൂര്‍ പ്രകാശിന്റെ അറിയിപ്പ്. മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജില്ലയില്‍ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്നായിരുന്നു ആരോപണം.

ഹജ്ജില്‍ പങ്കെടുക്കുന്നതിനായി വിദേശത്തായതിനാല്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ അബ്ബാസലി തങ്ങളെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.

എന്നാല്‍ അബ്ബാസലി തങ്ങള്‍ ജില്ലയില്‍ നടന്ന മറ്റ് പരിപാടികളില്‍ പങ്കെടുക്കുകയും കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ് ചെയ്തത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്ന് അനൗദ്യോഗിക വിശദീകരണം ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത് സമീപകാല ചരിത്രത്തില്‍ തന്നെ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്ത യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കുന്നതിന് കാരണമായി. നേരത്തെ പാണക്കാട് കുടുംബത്തിനെതിരായ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.

സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് പാണക്കാട് കുടുംബത്തിനെതിരായ ഷൗക്കത്തിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇത് പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാത്തതിന് കാരണമായെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് അബ്ബാസലി പര്യടനം ഉദ്ഘാടനം ചെയ്യുമെന്ന അറിയിപ്പുമായി അടൂര്‍ പ്രകാശ് എത്തിയത്.

Content Highlight: Adoor Prakash says Abbasali Shihab Thangal will inaugurate UDF program in Nilambur amid controversies