ജാതി വില്‍പനക്ക് സാധ്യതയുള്ള സംഗതി; ഇന്ത്യയില്‍ സിനിമ മേഖലയില്‍ ഏറ്റവും അറിവുള്ള ശങ്കര്‍ മോഹനെ അപമാനിച്ച് ഇറക്കിവിട്ടു; രാജിക്ക് പിന്നാലെ അടൂര്‍
Kerala News
ജാതി വില്‍പനക്ക് സാധ്യതയുള്ള സംഗതി; ഇന്ത്യയില്‍ സിനിമ മേഖലയില്‍ ഏറ്റവും അറിവുള്ള ശങ്കര്‍ മോഹനെ അപമാനിച്ച് ഇറക്കിവിട്ടു; രാജിക്ക് പിന്നാലെ അടൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st January 2023, 1:07 pm

തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നേരിട്ടെന്നുള്ള കാര്യം പച്ചക്കള്ളമാണെന്ന് തന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നുവെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ജാതി വില്‍പനക്ക് സാധ്യതയുള്ള സംഗതിയാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത് ചിലര്‍ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍.

‘കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചക്കായി ഞാന്‍ ആത്മാര്‍ത്ഥമായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹനും തന്നോടൊപ്പം ഈ വിഷയത്തില്‍ അഹോരാത്രം പണിയെടുത്തു. സിനിമ മേഖലയില്‍ വലിയ മുന്‍പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

അപ്പോഴൊന്നും എന്തെങ്കിലും പരാതി അദ്ദേഹത്തെക്കുറിച്ച് ഉണ്ടായിട്ടില്ല. നാല് പതിറ്റാണ്ട് കാലം അദ്ദേഹം സര്‍ക്കാര്‍ സേവനം നടത്തി. ചലചിത്ര മേഖലയില്‍ ശങ്കര്‍ മോഹനോളം അറിവും പരിചയവുമുള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല.

അങ്ങനെയുള്ള ഒരാളെയാണ് ക്ഷണിച്ചുവരുത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ അരോപണങ്ങളു ഉന്നയിച്ച് അപമാനിച്ച് പടിയിറക്കിയത്.

ഡയറക്ടര്‍ ദളിത് ശൂചീകരണ തൊഴിലാളികളെ നിര്‍ബന്ധിപ്പിച്ച് അടിമപ്പണി ചെയ്യിച്ചുവെന്നായിരുന്നു ആരോപണം. എന്റെ അന്വേഷണത്തില്‍ ഇത് പച്ചക്കള്ളമാണ്. അവിടെ തൊഴിലെടുത്തവര്‍ പട്ടികജാതിക്കാരല്ല.

 

നായന്മാരും ആശാരിമാരും ഉള്‍പ്പെടുന്ന സമുദായത്തില്‍പ്പെട്ടവരാണ്. വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെല്ലാം സാമാന്യ ബുദ്ധിക്ക് ചേരാത്തതാണ്,’ അടൂര്‍ പറഞ്ഞു.