ഒരു സിനിമക്ക് വേണ്ടി 500 കോടി ചെലവാക്കിയെന്ന് പറയുന്നത് പ്രേക്ഷകരെ പറ്റിക്കാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നല്ല സിനിമകള്‍ കാണാന്‍ ഇപ്പോള്‍ ആളുകളില്ലെന്നും എന്നാല്‍ വഷളായ സിനിമകള്‍ കാണാന്‍ വെളുപ്പാന്‍കാലത്തും ആളുകള്‍ പോകുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
പമ്പ (പീപ്പിള്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സ് ആന്‍ഡ് മോര്‍) സാഹിത്യോത്സവം, ഫെസ്റ്റിവല്‍ ഓഫ് ഡയലോഗ് 13ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമക്ക് വേണ്ടി 500 കോടി ചെലവാക്കിയെന്ന് പറയുന്നത് കാഴ്ചക്കാരെ പറ്റിക്കാന്‍ വേണ്ടിയാണ്. പറ്റിക്കാന്‍ വേണ്ടിയോ പറ്റാത്ത കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നതോ ആകാം. ഇത്രയും തുക മുടക്കിയെങ്കില്‍ അതിനനുസരിച്ച് നികുതി കൊടുക്കണം. അത് നടക്കുന്നില്ല.
ആളുകള്‍ക്ക് ഒരു സിനിമക്ക് വേണ്ടി 500 കോടി മുടക്കിയെന്നു കേള്‍ക്കുമ്പോള്‍ സിനിമ കേമമാണെന്ന വിചാരമാണ്. ഭേദപ്പെട്ട സിനിമകള്‍ ഇപ്പോള്‍ ആളുകള്‍ കാണുന്നില്ല. ഭേദപ്പെട്ടതാണെങ്കില്‍ കാണാനുള്ളതല്ല എന്നാണ് അര്‍ത്ഥം. ഏറ്റവും വഷളായ സിനിമ ഇറങ്ങുന്ന ദിവസം വെളുപ്പാന്‍ കാലത്തും കാണാനുണ്ട്.
സാമൂഹികമാധ്യമങ്ങളുടെയും റീല്‍സുകളുടെയും സ്വാധീനം മൂലം നമ്മള്‍ അറിയാതെതന്നെ സംസ്‌കാരം ഇടിച്ചുതാഴ്ത്തുകയാണ്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും നല്ല സാഹിത്യസൃഷ്ടികള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ട്. അവയൊന്നും വായിക്കാനാളില്ല.
കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കണം. അവര്‍ കഥകളി, കൂടിയാട്ടം പോലെയുള്ള പാരമ്പര്യ കലകള്‍ കൂടി അറിഞ്ഞു വളരണം. കഥകളും കവിതകളും പത്രങ്ങളും വായിക്കണം. കുട്ടികള്‍ കഷ്ടിച്ചേ സാഹിത്യം പഠിക്കുന്നുള്ളൂ. ആഴത്തിലുള്ള സാഹിത്യപഠനം നടക്കുന്നില്ല,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.