ഗാന്ധിയെ മാറ്റാനാണ് കേന്ദ്രത്തിലെ നേതാക്കന്മാര്‍ ശ്രമിച്ചത്, പണിയാകുമെന്നറിഞ്ഞപ്പോള്‍ നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്ന് മാറ്റാന്‍ നോക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍
Malayalam Cinema
ഗാന്ധിയെ മാറ്റാനാണ് കേന്ദ്രത്തിലെ നേതാക്കന്മാര്‍ ശ്രമിച്ചത്, പണിയാകുമെന്നറിഞ്ഞപ്പോള്‍ നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്ന് മാറ്റാന്‍ നോക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th September 2025, 9:01 am

ലോകസിനിമയുടെ ഭൂപടത്തില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സ്വയംവരം, എലിപ്പത്തായം തുടങ്ങിയ ക്ലാസിക്കുകളിലൂടെ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നിരവധി ദേശീയ അന്ത്രാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ദേശീയ അവാര്‍ഡുകളുടെ കാര്യത്തില്‍ അടുത്തിടെ സംഭവിച്ച മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.

‘ഇപ്പോഴൊക്കെ ദേശീയ പുരസ്‌കാരം അക്കൊല്ലത്തെ ഏറ്റവും മോശം പടത്തിനാണ് കിട്ടുന്നത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയായി. ഏതെങ്കിലും പാര്‍ട്ടി കേഡറിലുള്ള ആള്‍ എടുത്ത പടത്തിനായിരിക്കും മിക്കവാറും അവാര്‍ഡ് കിട്ടാറുള്ളത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇതൊക്കെയാണ്,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Adoor Gopalakrishnan's controversial statement has drawn widespread criticism

ഒരുമാതിരിപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങളൊക്കെ അവര്‍ തറപറ്റിച്ചെന്നും അതില്‍ നിന്ന് നമുക്ക് മോചനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ പറയുന്ന ഭൂമിശാസ്ത്രവും ചരിത്രവും പഠിച്ചാല്‍ മതിയെന്ന അവസ്ഥയിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ദി സ്റ്റോറിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കുന്നത് എന്താ? അത് മുഴുവന്‍ മാറ്റിയെഴുതിയ ചരിത്രവും മറ്റുമാണല്ലോ. മിക്കവാറും അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവൊന്നും ചരിത്രത്തില്‍ കാണില്ല. ഇപ്പോള്‍ തന്നെ പകുതി ഗ്രഹണം പോലെയായി ചരിത്രത്തിന്റെ അവസ്ഥ. ഗാന്ധിയെ മാറ്റാനായിരുന്നു അവര്‍ ആദ്യം ഉദ്ദേശിച്ചത്.

Pinarayi Vijayan opposes awarding the 71st National Award to the propaganda film 'Kerala Story' against Kerala

ആ പുള്ളിക്കാരന്‍ ഗാന്ധിയെപ്പോലെ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതിന്റെ പടം വന്നത് ഓര്‍മയില്ലേ. പക്ഷേ, ഗാന്ധിയെ മാറ്റിയാല്‍ പണി കിട്ടുമെന്ന് മനസിലാക്കിയതോടെ അവര്‍ നെഹ്‌റുവിന്റെ നേരെ തിരിഞ്ഞു. സാംസ്‌കാരിക മേഖലയെ അവര്‍ കൈപ്പിടിയിലൊതുക്കിക്കളഞ്ഞു. ഇനി അതില്‍ നമുക്കൊന്നും ചെയ്യാനില്ല,’ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

കേരള സ്റ്റോറി എന്ന ചിത്രം താന്‍ കണ്ടിട്ടില്ലെന്നും അതിന് കിട്ടിയ അവാര്‍ഡ് അനര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡിന്റെ ജൂറിയിലുണ്ടായിരുന്നു അശുതോഷ് ഗൗരിയാക്കറെക്കുറിച്ച് താന്‍ കേട്ടിട്ടുകൂടിയില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കാണിച്ചുകൂട്ടുന്നതെല്ലാം ആഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Adoor Gopalakrishnan shares his opinion about National Award and Central Government