സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അടൂർ ഗോപാലകൃഷ്ണൻ. തന്റെ ആദ്യ ചിത്രമായ സ്വയംവരം (1972) പുറത്തിറങ്ങിയതോടെ 1970 കളിൽ അടൂർ മലയാള സിനിമയിൽ പുതിയ തരംഗത്തിന് തുടക്കമിട്ടു. പിന്നീട് മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
കൊടിയേറ്റം, എലിപ്പത്തായം, വിധേയൻ, മതിലുകൾ, കഥാപുരുഷൻ, അനന്തരൻ തുടങ്ങിയ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം പത്മശ്രീ പത്മഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നൽകികൊണ്ട് രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ‘പദയാത്ര’യാണ് അടൂരിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

അടൂർ ഗോപാലകൃഷ്ണൻ. Photo. Screen Grab/ Youtube.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത്തത്തെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മതിലുകൾ. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായിരുന്നു.
എന്നാൽ ഇപ്പോഴിതാ മതിലുകൾ സിനിമയിൽ നാരായണി എന്ന കഥാപാത്രത്തിന് കെ.പി.എ.സി. ലളിതയുടെ ശബ്ദം ഉപയോഗിച്ചതിനെച്ചൊല്ലി അന്ന് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു എന്ന് തുറന്നു പറയുകയാണ് അടൂർ ഗോപാലകൃഷ്ണൻ. എന്നാൽ, കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം കണ്ടെത്താൻ ഏറെ അന്വേഷിച്ച ശേഷമാണ് ലളിതയിലേക്ക് എത്തിയതെന്ന് സംവിധായകൻ പറഞ്ഞു. നാരായണിയുടെ പ്രണയവും നിരാശയും ആഗ്രഹങ്ങളുമെല്ലാം ശബ്ദത്തിലൂടെ അവതരിപ്പിക്കാൻ ലളിതയ്ക്ക് കഴിഞ്ഞെന്നും അദ്ദേഹം വനിതക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘നാരായണിക്ക് യോജിച്ച ശബ്ദം അന്വേഷിച്ച് കേരളത്തിലങ്ങോളമിങ്ങോളം അലഞ്ഞിട്ടുണ്ട്. പല ഭാഗങ്ങളിൽനിന്നായി 26 പേരെ സൗണ്ട് ടെസ്റ്റിനായി വിളിച്ചു. ചിലരുടെ ശബ്ദം ശരിയാകും. എന്നാൽ, കഥാപാത്രത്തിന്റെ വിചാരവികാരങ്ങളോട് ചേർന്ന് സംഭാഷണങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. സംഭാഷണങ്ങൾ നന്നായി അവതരിപ്പിക്കാൻ കഴിയുന്ന ചിലരുടെ ശബ്ദമാകട്ടെ, കഥാപാത്രത്തിന് അനുയോജ്യമായിരുന്നില്ല.
പ്രണയം, നിരാശ, ആഗ്രഹങ്ങൾ തുടങ്ങി എല്ലാം ഒത്തുചേരുന്നൊരു ശബ്ദമായിരുന്നു മതിലിനപ്പുറത്തുനിന്ന് ഉയർന്നുവരേണ്ടിയിരുന്നത്. ശബ്ദത്തിലൂടെയാണ് ആ കഥാപാത്രം ശക്തമാകുന്നത്. കെ.പി.എ.സി. ലളിതയല്ലാതെ അതിന് മറ്റൊരാളുണ്ടായിരുന്നില്ല. അവരുടെ ശബ്ദത്തിലൂടെ കഥാപാത്രത്തിന് ആവശ്യമായതെല്ലാം ലഭിച്ചു,’ അടൂർ പറഞ്ഞു.
മതിലുകൾ എന്ന സിനിമയുടെ പ്രധാന സവിശേഷതകളിലൊന്ന് നേരിൽ കാണാത്ത രണ്ടുപേർ തമ്മിലുള്ള പ്രണയം ശബ്ദത്തിലൂടെ മനോഹരമായി അവതരിപ്പിച്ചതാണ്. മമ്മൂട്ടി അവതരിപ്പിച്ച ബഷീറും മതിലിനപ്പുറത്തുള്ള നാരായണിയും തമ്മിലുള്ള അടുപ്പം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ശബ്ദത്തിനുള്ള പങ്ക് നിർണായകമായിരുന്നുവെന്നും അടൂർ വ്യക്തമാക്കി.

മതിലുകൾ. Photo. IMDb
‘നേരിൽ കാണാത്ത രണ്ടുപേർ തമ്മിലുള്ള അടുപ്പം മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞതിനെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് മുഴുവൻ എഴുത്തുകാരനുള്ളതാണ്,’ അടൂർ പറഞ്ഞു.
Content Highlight: Adoor Gopalakrishnan reveals that there was a major controversy at the time regarding the use of K.P.A.C. Lalitha’s voice for the character ‘Narayani’ in the film Mathilukal
