ലൈംഗിക ദൃശ്യങ്ങള്‍ കാണാനാണ് ചാല തൊഴിലാളികള്‍ ഇടിച്ച് കയറി വന്നത്; അധിക്ഷേപം ആവര്‍ത്തിച്ച് അടൂര്‍
Adoor Gopalakrishnan
ലൈംഗിക ദൃശ്യങ്ങള്‍ കാണാനാണ് ചാല തൊഴിലാളികള്‍ ഇടിച്ച് കയറി വന്നത്; അധിക്ഷേപം ആവര്‍ത്തിച്ച് അടൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2025, 2:56 pm

തിരുവനന്തപുരം: ചാല തൊഴിലാളികളെ വീണ്ടും അധിക്ഷേപിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഫിലിം ഫെസ്റ്റിവലില്‍ ലൈംഗിക ദൃശ്യങ്ങള്‍ കാണാന്‍ തൊഴിലാളികള്‍ കതക് ഇടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാമര്‍ശമാണ് അടൂര്‍ ആവര്‍ത്തിച്ചത്. തൊഴിലാളികളെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ ചെയ്ത കാര്യമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന ചലച്ചിത്ര കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചാല തൊഴിലാളികളെ കുറിച്ചുള്ള അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞപ്പോളാണ് അദ്ദേഹം വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചത്.

Adoor Gopalakrishnan's controversial statement has drawn widespread criticism

‘ഞാന്‍ അധിക്ഷേപിച്ചതല്ല, അവര്‍ ഇടിച്ച് കയറിയതല്ലേ, കതക് പൊളിക്കുകയായിരുന്നു. ഞാന്‍ കണ്ടതല്ല. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ പുറത്ത് ഭയങ്കര ബഹളം. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍, ‘ചാലയില്‍ വന്ന തൊഴിലാളികളാണ്. അവര്‍ കതക് ഇടിച്ച് തകര്‍ക്കുകയാണ്’ എന്ന് ആളുകള്‍ പറഞ്ഞു. അതിലപ്പുറം എനിക്ക് അറിയില്ല,’ അടൂര്‍ പറഞ്ഞു.

ലൈംഗിക ദൃശ്യങ്ങളായിരുന്നു അന്നത്തെ അട്രാക്ഷനെന്നും അത് കാണാനാണ് അവര്‍ എത്തിയതെന്നും അടൂര്‍ പറഞ്ഞു. ലൈംഗിക ദൃശ്യങ്ങള്‍ കാണാനാണോ തൊഴിലാളികള്‍ എത്തിയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

തനിക്ക് പുതുതായി ഒന്നും ഉണ്ടാക്കി പറയാന്‍ കഴിയില്ലെന്നും നടന്ന സംഭവമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ ഡെലിഗേറ്റ് സംവിധാനം കൊണ്ടുവന്നതെന്നും സിനിമയില്‍ പ്രത്യേകിച്ച് താല്പര്യമില്ലാത്തവരാണ് ഇടിച്ച് കേറി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ചാലയില്‍ നിന്നുള്ള തൊഴിലാളികളാണ് എന്ന് ഞാന്‍ കേട്ടതാണ്. എനിക്ക് അവരെ അറിയില്ല. പബ്ലിക് പ്ലാറ്റ്‌ഫോമിലാണ് ഇത് നടന്നത്, അല്ലാതെ രഹസ്യമായല്ല. വലിയ ആള്‍ക്കൂട്ടത്തിന് മുന്നിലാണ് ഇത് നടന്നത്. വിവാദമാകണെമെങ്കില്‍ വിവാദം ആക്കിക്കോളൂ,’ അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Adoor Gopalakrishnan repeats his statement of Chala workers