തിരുവനന്തപുരം: ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ പുഷ്പവതിയെ വീണ്ടും അധിക്ഷേപിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം നടന്ന സിനിമ കോണ്‍ക്ലേവില്‍ അടൂര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിമര്‍ശനമുന്നയിച്ചത് പുഷ്പവതിയായിരുന്നു. ഇതാണ് അടൂരിനെ ചൊടിപ്പിച്ചത്. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് അടൂര്‍ ഇന്ന് പുഷ്പവതിയെ അധിക്ഷേപിച്ച് സംസാരിച്ചത്.
പുഷ്പവതി ആരാണെന്നും അവര്‍ക്ക് സിനിമ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എന്താണ് അവകാശമെന്നും അടൂര്‍ ചോദിച്ചു. തന്റെ സംസാരം തടസ്സപ്പെടുത്താന്‍ അവര്‍ക്കെന്താണ് അവകാശമെന്നും പബ്ലിസിറ്റിയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും അടൂര്‍ പറഞ്ഞു. ‘താന്‍ വരത്തനൊന്നുമല്ലെന്നും സിനിമ മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ആളാണെന്നും എന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കാന്‍ അവര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. ആരോ ഒരു സ്ത്രീയാണ് അവരെന്നും അവര്‍ക്ക് പബ്ലിസിറ്റി കിട്ടി, അതാണ് ഉദ്ദേശമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സമയത്ത് പുഷ്പവതി അറിയപ്പെടുന്ന ഗായികയാണെന്നും അവര്‍ ഒരു സ്ഥാനത്തിരിക്കുന്ന ആളാണെന്നും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹം അത് ചെവി കൊണ്ടില്ല. തനിക്ക് അവരെ അറിയില്ലെന്നും ഏത് സ്ഥാനത്താണ് അവര്‍ ഇരിക്കുന്നതെന്നും ചോദിച്ച് അധിക്ഷേപം തുടരുകയായിരുന്നു.
അവര്‍ ഒരു അറിയപ്പെടാത്ത ആളാണെന്നും ഫിലിം കോണ്‍ക്ലേവില്‍ വരാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും ഈ സമയത്തും അടൂര്‍ പറഞ്ഞുകൊണ്ടേയിരുന്നു. തന്നെ പോലുള്ള ഒരാള്‍ സംസാരിക്കുമ്പോള്‍ വഴിയെ പോകുന്ന സ്ത്രീകള്‍ക്ക് കയറി സംസാരിക്കാനുള്ള വേദിയല്ല ഫിലിം കോണ്‍ക്ലേവെന്നും അത് ചന്തയൊന്നുമല്ലെന്നും അടൂര്‍ ക്ഷോഭിച്ചുകൊണ്ട് പറഞ്ഞു.
ഈ സമയത്തൊക്കെ മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തെ തിരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് വഴങ്ങാതെ അധിക്ഷേപം തുടര്‍ന്നുകൊണ്ടിരുന്നു. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ സംസാരിക്കുന്ന ഒരു വേദിയാണ് അതെന്നും അതുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീയാണ് എഴുന്നേറ്റ് നിന്ന് സംസാരിച്ച പുഷ്പവതിയെന്നും അടൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഫിലിം കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിലുള്ളവര്‍ക്കും സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിനെ എതിര്‍ത്തുകൊണ്ട് സംസാരിച്ചത്.
പരീശീലനം ലഭിച്ചവര്‍ക്ക് മാത്രമേ പണം നല്‍കാവൂ അല്ലെങ്കില്‍ ആ പണം നഷ്ടമാകുമെന്നും, നല്‍കുന്ന തുക വെട്ടിക്കുറക്കണമെന്നുമാണ് അടൂര്‍ പരിപാടിയില്‍ പറഞ്ഞത്. ഈ സമയത്ത് തന്നെ സദസ്സിലുണ്ടായിരുന്ന പുഷ്പവതി ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നുള്ള പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനും അടൂരിന്റെ ഈ വാദങ്ങളെ തള്ളിയിരുന്നു. ഇതാണ് അടൂരിനെ ചൊടിപ്പിച്ചിരിക്കുന്നത്.