അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം; തിരക്കഥയെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മുഖമല്ലാതെ മറ്റാരും വന്നില്ല: അടൂര്‍
Malayalam Cinema
അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം; തിരക്കഥയെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മുഖമല്ലാതെ മറ്റാരും വന്നില്ല: അടൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th November 2025, 2:06 pm

അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ഉണ്ടായിരുന്നു. കളങ്കാവലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള അനൗദ്യോഗിത റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ അടൂര്‍ ഗോപലാകൃഷ്ണന്‍ തന്നെ ഈ വിവരത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ അദ്ദേഹം തന്നെ പ്രധാന റോളിലെത്തുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണെന്ന് അടൂര്‍ പറഞ്ഞു. മലയാള മനോരമയുടെ സാഹിത്യോത്സവമായ ഹോര്‍ത്തൂസില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിരങ്ങളൊന്നും പറയാറായിട്ടില്ല. മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്, സിനിമയിലെ മറ്റ് അഭിനേതാക്കളെ തെരഞ്ഞെടുത്ത് കൊണ്ടിരിക്കുകയാണ്. തിരക്കഥയെഴുതുമ്പോള്‍ പ്രധാന റോളില്‍ ആര് അഭിനയിക്കണമെന്ന് ചിന്ത സ്വാഭവികമായി വരും. അപ്പോള്‍ മമ്മൂട്ടിയെ പറ്റി മാത്രമേ ഞാന്‍ ചിന്തിച്ചുള്ളു. വേറെ ആരുടെയും മുഖം എന്റെ മനസില്‍ വന്നില്ല. ആ കഥാപാത്രത്തിന് ഏറ്റവും യോജിച്ചയാള്‍ മമ്മൂട്ടി തന്നെയാണ്,’ അടൂര്‍ പറയുന്നു.

നാലാം തവണയാകും മമ്മൂട്ടി തന്റെ കൂടെ നായക വേഷത്തിലെത്തുകയെന്നും മറ്റൊരു പ്രധാന നടന്റെ കാര്യത്തിലും അങ്ങനെയുണ്ടായിട്ടില്ലെന്നും അടൂര്‍ പറഞ്ഞു. നായക വേഷത്തില്‍ വന്ന രണ്ട് സിനിമകളില്‍ അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചുവെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അടൂരും മമ്മൂട്ടിയും ഒന്നിക്കുന്നത്.അനന്തരം, മതിലുകള്‍ വിധേയന്‍ എന്നീ ചിത്രങ്ങളാണ് ഇരു കോമ്പയുടെയും പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Content highlight: Adoor Gopakrishnan and Mammootty are teaming up again, Adoor reveals