ലഖ്‌നൗ: ബഹ്‌റൈച്ചിൽ ഹിന്ദുക്കളും മുസ്‌ലിങ്ങളും പങ്കെടുക്കുന്ന പുരാതന മേളയ്ക്ക് അനുമതി നിഷേധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. പതിനൊന്നാം നൂറ്റാണ്ടിലെ ഇതിഹാസ സൈനിക നേതാവും ഗസ്‌നിയിലെ ഗസ്‌നി ഭരണാധികാരി മഹ്മൂദിന്റെ അനന്തരവനാണെന്നും കരുതപ്പെടുന്ന സയ്യിദ് സലാർ മസൂദ് ഗാസി മിയാന്റെ ആരാധനാലയത്തിൽ എല്ലാ വർഷവും നടക്കുന്ന ആഘോഷത്തിനുള്ള അനുമതിയാണ് നിഷേധിക്കപ്പെട്ടത്. ഇതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജേത്ത് മേള ഈ വർഷം നടക്കില്ല. മെയ് മൂന്നിനായിരുന്നു അനുമതി നിഷേധിച്ചുള്ള ഉത്തരവ് വന്നത്.
പഹൽഗാം ആക്രമണത്തിന് ശേഷം ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ചാണ് ആഘോഷത്തിന് അനുമതി നിഷേധിച്ചതെന്നാണ് സർക്കാരിന്റെ വാദം. മെയ് 15 മുതൽ ജൂൺ 15 വരെ ബഹ്‌റൈച്ചിലെ ദർഗ ഷെരീഫിൽ നടക്കാനിരുന്ന ജേത്ത് മേളയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
‘നിലവിലെ സാഹചര്യം കണക്കിലെടുത്ത് സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനാണ് മേളയ്ക്ക് അനുമതി നിഷേധിക്കാനുള്ള തീരുമാനം എടുത്തത് ,’ സർക്കിൾ ഓഫീസർ പഹുപ് കുമാർ സിങ് പറഞ്ഞു.
വിവിധ ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ടുകൾ തേടിയതായി സിറ്റി മജിസ്ട്രേറ്റ് ശാലിനി പ്രഭാകർ കൂട്ടിച്ചേർത്തു. ‘വിവിധ ഉദ്യോഗസ്ഥരിൽ നിന്നും ഞങ്ങൾ റിപ്പോർട്ടുകൾ തേടിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ കാരണം ഇപ്പോൾ മേള നടത്താൻ അനുവദിക്കുന്നത് ഉചിതമല്ലെന്ന് അവരെല്ലാം സൂചിപ്പിച്ചു. ഈ തീരുമാനം മേള മാനേജരെ അറിയിച്ചിട്ടുണ്ട്,’ ശാലിനി പ്രഭാകർ പറഞ്ഞു.
യു.പിയിലെ പല ജില്ലകളിലും മാർച്ചിൽ തന്നെ പൊലീസ് ഗാസി മിയാനുമായി ബന്ധപ്പെട്ട മേളകളും ഉത്സവങ്ങളും നിരോധിച്ചിരുന്നു. സംഭാലിൽ വാർഷിക നേജ മേളയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ‘ഒരു ആക്രമണകാരി, കൊള്ളക്കാരൻ, കൊലപാതകൻ’ എന്നിവരെ ആദരിക്കുന്ന പരിപാടി പരമ്പരാഗതമായി വർഷം തോറും സംഘടിപ്പിച്ച് വരികയാണെങ്കിൽ പോലും അത് നടത്താൻ അനുവദിക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നു.
പിന്നാലെയാണ് ജേത്ത് മേളക്കും അനുമതി നിഷേധിച്ചിരിക്കുന്നത്. പരമ്പരാഗതമായി ലക്ഷക്കണക്കിന് ഹിന്ദുക്കളും മുസ്‌ലിങ്ങളും മേളയിൽ പങ്കെടുക്കാറുണ്ട്. കൂടാതെ ഈ ഉത്സവം പ്രദേശത്തിന്റെ സമന്വയ സംസ്കാരത്തിന്റെ ഉദാഹരണമായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാഷ്ട്രീയ സ്വയംസേവക സംഘവും അതിന്റെ അനുബന്ധ സംഘടനകളും ഗാസി മിയാനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ട്. ഇന്നത്തെ രാജ്ഭർ, പാഴ്‌സി സമുദായങ്ങൾ നേതാവായി കണക്കാക്കുന്ന ഹിന്ദു യോദ്ധാവ് മഹാരാജ സുഹെൽദേവ് കൊലപ്പെടുത്തിയ ഒരു വില്ലൻ കഥാപാത്രമായി അദ്ദേഹത്തെ അവതരിപ്പിക്കാനും ശ്രമിച്ചുവരികയാണ്.