അലമാര എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് അദിതി രവി. തുടർന്ന് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ അറിയപ്പെടുന്ന അഭിനേത്രിയായി മാറാൻ അദിതി കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അദിതി രവി. ഓഡിഷൻ വഴിയാണ് സിനിമയിലേക്ക് എത്തിയതെന്ന് അദിതി പറയുന്നു. കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിൽ നായിക താനായിരുന്നുവെന്നും അപ്പോൾ ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബനോട് അദ്ദേഹത്തിന്റെ നിറം എന്ന ചിത്രം റിലീസായപ്പോൾ താൻ മൂന്നാം ക്ലാസിലാണ് പഠിച്ചതെന്ന് പറഞ്ഞെന്നും അദിതി പറഞ്ഞു.
എല്ലാവരോടും ഇക്കാര്യം പറഞ്ഞു നടക്കരുതെന്നും ആളുകൾക്ക് തന്റെ വയസും പ്രായവും മനസിലാകുമെന്നും തമാശ രൂപേണ കുഞ്ചാക്കോ ബോബൻ പറഞ്ഞെന്നും അദിതി കൂട്ടിച്ചേർത്തു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദിതി രവി.
‘അച്ഛൻ രവി സൗദി എയർലൈൻസിൽ ഉദ്യോഗസ്‌ഥനായിരുന്നു. അമ്മ ഗീത നന്നായി പാടും മത്സരങ്ങൾക്ക് സമ്മാനം കിട്ടിയ ട്രോഫികൾ അമ്മയുടെ സ്‌കൂളിൽ ഇപ്പോഴുമുണ്ട്. പണ്ട് അമ്മയെ നാടകത്തിൽ പാട്ടുപാടാൻ ഒരു ട്രൂപ്പിലേക്ക് വിളിച്ചു. പക്ഷേ മുത്തച്ഛൻ വിട്ടില്ല. ഞങ്ങളുടെ സമയമായപ്പോൾ അമ്മയാണ് ഏറ്റവും പ്രോത്സാഹിപ്പിച്ചത്.
ഡിഗ്രി കാലത്ത് കൂട്ടുകാർ ചേർന്ന് ഒരു പരസ്യം ചെയ്തു. അത് പ്രസിദ്ധീകരിച്ചു വന്നത് വനിത മാസികയിലാണ്. പിന്നെ വനിതയുടെ ഫാഷൻ പേജിൽ മോഡലായി. കുറേ ഓഡിഷനുകൾക്ക് പോയ ശേഷമാണ് അലമാര എന്ന സിനിമയിൽ നായികയായത്.
‘നിറം’ റിലീസാകുമ്പോൾ ഞാൻ മൂന്നാ ക്ലാസിലാണ് പഠിക്കുന്നത്. ‘കുട്ടനാടൻ മാർപ്പാപ്പ’യുടെ സെറ്റിൽ വച്ച് ഇക്കാര്യം ചാക്കോച്ചനോടു പറഞ്ഞപ്പോൾ ‘നീയിങ്ങനെ എല്ലാരോടും പറഞ്ഞു നടക്കരുത്. എന്റെ വയസും പ്രായവുമൊക്കെ ആളുകൾ അറിയും’ എന്നു പറഞ്ഞ് വലിയ ചിരിയായിരുന്നു.
സിനിമയാണ് ഇഷ്ടമെന്ന് തീരുമാനിച്ചപ്പോൾ വീട്ടുകാർക്ക് കൺഫ്യൂഷൻ ആയിരുന്നു. ഏത് ജോലിയിലും റിസ്കണ്ടല്ലോ. പ്രശ്നം വരാനാണെങ്കിൽ വീട്ടിലിരുന്നാലും മതി. ആദ്യമൊക്കെ ലൊക്കേഷനിലേക്ക് അമ്മയോ ഏട്ടൻ രാകേഷോ ആണ് കൂട്ടുവന്നിരുന്നത്,’ അദിതി രവി പറയുന്നു.