ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്ര ചെയ്ത് എം.ആര്‍ അജിത് കുമാര്‍; വിവാദം
Kerala
ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്ര ചെയ്ത് എം.ആര്‍ അജിത് കുമാര്‍; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2025, 12:22 pm

പത്തനംതിട്ട: എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിന്റെ ശബരിമലയിലേക്കുള്ള ട്രാക്ടറര്‍ യാത്ര വിവാദത്തില്‍. ശബരിമലയിലേക്ക് ട്രാക്ടറിലൂടെ യാത്ര ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷന്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ശനിയാഴ്ചയാണ് അജിത് കുമാര്‍ പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്തത്.

ശനിയാഴ്ച്ച വൈകിട്ട് എം.ആര്‍.അജിത് കുമാര്‍ ശബരിമലയിലെത്തിയത് ട്രാക്ടറിലാണെന്നാണ് കണ്ടെത്തല്‍. ക്യാമറ ഇല്ലാത്ത ഭാഗത്ത് എത്തിയപ്പോള്‍ ട്രാക്ടറില്‍ കയറുകയും തുടര്‍ന്ന് ട്രാക്ടറില്‍ ശബരിമല സന്നിധാനം വരെ എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ചരക്കുനീക്കത്തിന് മാത്രമായിരിക്കണം ട്രാക്ടര്‍ ഉപയോഗിക്കേണ്ടതെന്നും ആളുകളെ ട്രാക്ടറില്‍ കൊണ്ടുപോകാന്‍ പാടില്ല എന്നുമുള്ള കര്‍ശന നിര്‍ദേശം നിലവില്‍ ഉണ്ട്. ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് 12ാം തിയ്യതി ശബരിമല സന്നിധാനത്തിലേക്കും തിരിച്ചും അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്ത്.

ട്രാക്ടര്‍ യാത്രയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എ.ഡി.ജിപിയെ വിളിച്ചുവരുത്തുമോ എന്നടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളിലായിരിക്കും അറിയുക. മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതല്‍ ഞായര്‍ വരെയാണ് ശബരിമല നട തുറന്നത്. ശനിയാഴ്ച പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തുവെന്നാണ് സൂചന.

Content highlight: ADGP Ajith Kumar’s tractor was used for Sabarimala visit; Reportedly came in violation of High Court order