മമ്മൂക്കയോട് ഞാന്‍ ചെയ്തത് ഭയങ്കര മോശമായിപ്പോയെന്ന് പിന്നീട് തോന്നി; ഷൂട്ടിങ് കഴിഞ്ഞ ശേഷം അദ്ദേഹം എന്റെയടുത്ത് വന്നു: സീനത്ത്
Entertainment
മമ്മൂക്കയോട് ഞാന്‍ ചെയ്തത് ഭയങ്കര മോശമായിപ്പോയെന്ന് പിന്നീട് തോന്നി; ഷൂട്ടിങ് കഴിഞ്ഞ ശേഷം അദ്ദേഹം എന്റെയടുത്ത് വന്നു: സീനത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 8:33 pm

നടന്‍ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി സീനത്ത്.

മമ്മൂക്കയെ ആദ്യമായി അടുത്ത് കാണുന്നത് മഹാനഗരം എന്ന സിനിമയുടെ സെറ്റിലാണെന്നും അന്ന് അദ്ദേഹത്തിന്റെ അടുത്ത് പോയി പരിചയപ്പെടാനുള്ള ധൈര്യം തനിക്കുണ്ടായില്ലെന്നും സീനത്ത് പറയുന്നു.

ഒടുവില്‍ മമ്മൂക്ക തന്റെ അടുത്തേക്ക് എഴുന്നേറ്റ് വന്നെന്നും കൈകൂപ്പി അദ്ദേഹത്തെ പരിചയപ്പെടുത്തിയെന്നും സീനത്ത് പറയുന്നു. കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സീനത്ത്.

‘ആദ്യം ഞാന്‍ മമ്മൂക്കയെ കണ്ടത് കെ.ടി എഴുതിയ ആറ്റുവഞ്ചിയുലഞ്ഞപ്പോള്‍ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. ആ സിനിമയില്‍ മമ്മൂക്കയുണ്ടായിരുന്നു. ലക്ഷ്മിയും മമ്മൂക്കയുമായിരുന്നു അഭിനയിച്ചത്. അന്ന് ഞാന്‍ മമ്മൂക്ക കാറില്‍ പോകുന്നതൊക്കെ നോക്കി നില്‍ക്കും.

അന്ന് സംസാരിക്കാനോ പരിചയപ്പെടാനോ ഒന്നും കഴിഞ്ഞിട്ടില്ല. ഒന്നുചിരിച്ചു. അത്ര തന്നെ. പിന്നെ ഞാന്‍ അദ്ദേഹത്തെ കാണുന്നത് മഹാനഗരം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ്.

ഞാന്‍ അവിടെ മേക്കപ്പ് ചെയ്യുമ്പോള്‍ മമ്മൂക്ക കുറച്ച് ദൂരെ ഇരിക്കുന്നുണ്ട്. എല്ലാവരും പോയിട്ട് മമ്മൂക്കയോട് നമസ്‌കാരം പറയുന്നുണ്ട്, സംസാരിക്കുന്നുണ്ട്. പോയി സംസാരിക്കണം എന്നൊന്നും എനിക്കറിയില്ല.

എന്നാല്‍ എന്റെ ഉള്ളില്‍ ഭയങ്കര ബഹുമാനവും ആരാധനയും ഉണ്ട്. പക്ഷേ ഇത് പ്രകടിപ്പിക്കാന്‍ അറിയില്ല. ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും വന്ന് പോകുന്നുണ്ട്. മമ്മൂക്കയെ ഞാന്‍ ഇടയ്ക്ക് ഇങ്ങനെ നോക്കും. പക്ഷേ ഒന്നും മിണ്ടുന്നില്ല.

അങ്ങനെ ഷൂട്ടിങ് കഴിഞ്ഞ് വൈകുന്നേരമായി. ഞാന്‍ മേക്കപ്പ് അഴിക്കാന്‍ പോകുകയാണ്. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം എന്റെ നേരെ വന്നിട്ട് ഇങ്ങനെ തൊഴുത് ഞാന്‍ മമ്മൂട്ടി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി.

എന്റെ പടച്ചോനെ ഞാന്‍ ഐസായിപ്പോയി. ഞാന്‍ ചാടി എഴുന്നേറ്റു. അയ്യോ ഒന്നും വിചാരിക്കരുത് എന്ന് പറഞ്ഞു. അല്ല ഞാന്‍ പറഞ്ഞതാണ് ഞാന്‍ മമ്മൂട്ടിയാണ് എന്ന്, അദ്ദേഹം പറഞ്ഞു.

ഞാന്‍ വീട്ടില്‍ പോയി ഇത് പറഞ്ഞു. എനിക്ക് പിന്നെ അത് ആലോചിച്ചപ്പോള്‍ ഭയങ്കര മോശമായി തോന്നി. ചെന്ന് സംസാരിക്കണമായിരുന്നു. ഞാന്‍ മാത്രം ചെല്ലുന്നില്ല. എല്ലാവരും പോയി സംസാരിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ നോക്കുന്നുമുണ്ട്. അത് ഞാന്‍ ഒരിക്കലും മറക്കില്ല.

എല്ലാവരോടും ഭയങ്കര സ്‌നേഹമാണ് അദ്ദേഹത്തിന്. ആ സ്‌നേഹം കൂടുതല്‍ പ്രകടിപ്പിക്കുക പോലുള്ള ഒന്നുമില്ല. റോഷാക്കില്‍ എനിക്ക് നല്ലൊരു റോള്‍ തന്നു. ഇപ്രാവശ്യം അമ്മ മീറ്റിങ്ങില്‍ മമ്മൂക്ക ഉണ്ടായില്ല.

എല്ലാവര്‍ക്കും ഭയങ്കര വിഷമമായി. അടുത്ത പ്രാവശ്യം കാണുമെന്ന പ്രതീക്ഷിലാണ് എല്ലാവരും. പക്ഷേ ആരൊക്കെയാണ് അടുത്ത പ്രാവശ്യം ഉണ്ടാവുകയെന്ന് പറയാന്‍ പറ്റില്ല. മമ്മൂക്ക ഇല്ലാത്തത് വലിയ ഗ്യാപ്പാണ്. ആ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ അദ്ദേഹം അവിടെ നടുവില്‍ വന്നിരിക്കും. അപ്പോള്‍ എല്ലാവരും ചുറ്റും കൂടി താഴെയിരിക്കും. ഇപ്രാവശ്യം എത്തിയ ആളുകളും കുറവായിരുന്നു,’ സീനത്ത് പറഞ്ഞു.

Content Highlight: Actress Zeenath about Mammootty