ചൂസ് ചെയ്യാന്‍ ഒരു സിനിമ വന്നിരുന്നെങ്കില്‍ എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് : വിന്‍സി അലോഷ്യസ്
Entertainment
ചൂസ് ചെയ്യാന്‍ ഒരു സിനിമ വന്നിരുന്നെങ്കില്‍ എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് : വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th March 2025, 10:35 am

നല്ല സിനിമകള്‍ നോക്കി തിരഞ്ഞെടുക്കാനാകുന്നത് അത്തരം അവസരങ്ങള്‍ നമുക്ക് വരുമ്പോള്‍ മാത്രമാണെന്ന് നടി വിന്‍സി അലോഷ്യസ്.

എന്നാല്‍ ഇന്ന് ചൂസ് ചെയ്യാന്‍ ഒരു സിനിമ വന്നിരുന്നെങ്കില്‍ എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് താനെന്ന് വിന്‍സി പറയുന്നു.

തന്റെ സെലക്ഷനും സിനിമകളുമൊക്കെ അടിപൊളിയാണെന്ന് പലരും പറഞ്ഞിരുന്ന അവസ്ഥയില്‍ അഹങ്കരിച്ചിരുന്നെന്നും എന്നാല്‍ ചില വീഴ്ചകള്‍ പറ്റിയെന്നും വിന്‍സി ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പായല്‍ കപാഡിയ ഒരുക്കിയ ഓള്‍ വി ഇമാന്‍ജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം താന്‍ വേണ്ടെന്ന് വെച്ചതാണെന്നും അതില്‍ ഇന്ന് നഷ്ടബോധമുണ്ടെന്നുമൊക്കെ മുന്‍പ് താരം പറഞ്ഞിരുന്നു.

സിനിമാ സെലക്ഷന്റെ കാര്യത്തില്‍ ഇപ്പോഴും കണ്‍ഫ്യൂഷനുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിന്‍സിയുടെ മറുപടി.

‘ ഒരു ഘട്ടത്തില്‍ നമ്മള്‍ ചെയ്യുന്നതൊക്കെ അടിപൊളി ആയി വരുമ്പോള്‍ വിന്‍സിയുടെ സെലക്ഷന്‍ അടിപൊളിയാണ് എന്ന് പറഞ്ഞിടത്തുനിന്ന് സെലക്ഷന്‍ മോശമാകുന്നുണ്ടോ എന്നും ഇപ്പോള്‍ വരുന്നുണ്ട്.

ഒരു പോയിന്റില്‍ വിന്‍സിയുടെ കഴിവ് അടിപൊളിയാണെന്ന് പറഞ്ഞു കേട്ടപ്പോള്‍ ഞാന്‍ കയറിയ ഒരു പാത്താണ് ‘ഓക്കെ അപ്പോള്‍ എന്റെ കഴിവ് അടിപൊളിയാണ്, ഞാന്‍ സെലക്ട് ചെയ്യുന്ന സിനിമകള്‍ അടിപൊളിയാണ് ‘ എന്നത്.

പക്ഷേ ഞാന്‍ മനസിലാക്കിയ ഏറ്റവും വലിയ ട്രൂത്ത് ഇതൊക്കെ ഞാന്‍ ചൂസ് ചെയ്യുകയാണ്. എന്റെ സെലക്ഷന്‍ അടിപൊളിയാകുന്നത് അങ്ങനത്തെ സിനിമകള്‍ വരുന്നതുകൊണ്ടാണ്.

അങ്ങനത്തെ സിനിമകള്‍ വന്നില്ലെങ്കില്‍ എനിക്ക് ചൂസ് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലോട്ട് എത്തും. അതാണ് ഞാന്‍ പഠിച്ച ഒരു പാഠം. എന്റെ ചോയ്‌സ് ശരിയാണെന്ന് അഹങ്കരിച്ച സമയമുണ്ടായിരുന്നു.

സെലക്ട് ചെയ്യാന്‍ കുറേ സാധനങ്ങള്‍ വന്നതുകൊണ്ടാണ് ചൂസ് ചെയ്യാന്‍ പറ്റുന്നത്. അങ്ങനത്തെ ഓപ്ഷന്‍ ഇല്ലെങ്കില്‍ ഒന്നും അടിപൊളിയാവില്ല.

ഞാന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ചൂസ് ചെയ്യാന്‍ ഒരു സിനിമ വന്നിരുന്നെങ്കില്‍ എന്ന അവസ്ഥയിലാണ്,’ വിന്‍സി പറയുന്നു.

സിനിമയില്‍ അവസരങ്ങള്‍ ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് ചോദിച്ചിട്ടുണ്ടെന്നും പക്ഷേ ചിലരുടെ മറുപടികള്‍ നമ്മളെ പിന്നോട്ടടിപ്പിക്കുമെന്നുമായിരുന്നു വിന്‍സിയുടെ മറുപടി.

‘എല്ലാവരോടും ചാന്‍സ് ചോദിക്കാനുള്ള ധൈര്യം ഇല്ല. പലരോടും ചോദിച്ചിട്ടുണ്ട്. ന്യൂ ഫേസിനെയാണ് നോക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ പിന്നെ ചോദിക്കണോ എന്ന് തോന്നും.

മുന്‍പ് അവസരം തന്നവരോട് ചോദിച്ചിട്ടുണ്ട്. ഡിജോ ചേട്ടനോടൊക്കെ ചോദിച്ചിരുന്നു. അതിന് എനിക്ക് മടിയില്ല.

നമ്മള്‍ എത്ര ടാലന്റ് പ്രൂവ് ചെയ്തിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. ചിലര്‍ക്ക് അവസരങ്ങള്‍ തരാന്‍ ഒരു മടിയുണ്ടാകും. ഫ്രീയായി എല്ലാവരോടും ചോദിക്കാന്‍ അതുകൊണ്ട് തന്നെ ഒരു മടിയുണ്ട്,’ വിന്‍സി പറയുന്നു.

Content Highlight: Actress Vincy Aloshious about Movie selection and Opportunities