ആ സിനിമയിലെ എന്റെ ഇന്റിമേറ്റ് സീന്‍ കണ്ട് അപ്പച്ചന്‍ ദേഷ്യപ്പെട്ടു; ഇനി അങ്ങനെയുള്ള സിനിമകള്‍ ചെയ്യേണ്ടെന്ന് പറഞ്ഞു; പക്ഷേ ഇപ്പോള്‍ മാറ്റത്തിന്റെ വഴിയിലാണ്: വിന്‍സി അലോഷ്യസ്
Movie Day
ആ സിനിമയിലെ എന്റെ ഇന്റിമേറ്റ് സീന്‍ കണ്ട് അപ്പച്ചന്‍ ദേഷ്യപ്പെട്ടു; ഇനി അങ്ങനെയുള്ള സിനിമകള്‍ ചെയ്യേണ്ടെന്ന് പറഞ്ഞു; പക്ഷേ ഇപ്പോള്‍ മാറ്റത്തിന്റെ വഴിയിലാണ്: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th November 2022, 5:51 pm

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് നടി വിന്‍സി അലോഷ്യസ്. നാളെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രമായിരുന്നു വിന്‍സിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഗ്ലെന തോമസ് എന്ന പൊലീസുകാരിയുടെ വേഷത്തിലായിരുന്നു വിന്‍സി ചിത്രത്തിലെത്തിയത്.

ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ട ശേഷം വീട്ടില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് സംസാരിക്കുയാണ് വിന്‍സി. ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ട് അപ്പച്ചന്‍ ദേഷ്യപ്പെട്ടെന്നും ഇനി അത്തരത്തിലുള്ള രംഗങ്ങളിലൊന്നും അഭിനയിക്കേണ്ടെന്ന് പറഞ്ഞുവെന്നുമാണ് വിന്‍സി പറയുന്നത്.

1744 വൈറ്റ് ആള്‍ട്ടോയുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പെണ്‍കൊച്ചല്ലേ കുറച്ച് അടക്കവും ഒതുക്കവുമെല്ലാം വേണം എന്ന കമന്റുകള്‍ എപ്പോഴെങ്കിലും കേള്‍ക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിന്‍സിയുടെ മറുപടി.

‘എന്റെ കുടുംബത്തില്‍ നിന്ന് തന്നെ അത്തരം കമന്റുകള്‍ വരാറുണ്ട്. പ്രധാനമായും ബന്ധുക്കളാണ്.  അപ്പച്ചനും പറയുമായിരുന്നു. പിന്നെ ഞാന്‍ അപ്പച്ചന് ക്ലിയര്‍ ചെയ്തുകൊടുക്കും. കാരണം അവരുടെ ആലോചന കൃത്യമാകേണ്ടത് എന്റെ കൂടി ആവശ്യമാണ്. ചുരിദാറും സാരിയുമൊക്കെ ഇട്ടാല്‍ മതിയെന്നാണ് അപ്പച്ചന്റെ കാഴ്ചപ്പാട്.

ഫ്രോക്കൊന്നും വേണ്ട എന്ന് പറയുമ്പോള്‍ ഞാനത് ക്ലിയര്‍ ചെയ്യും. എനിക്ക് ഇഷ്ടമുള്ളത് ഇടട്ടെ എന്നുള്ള രീതിയില്‍ പറയും. മറ്റുള്ളവര്‍ എന്ത് പറയുമെന്നുള്ളതാണ് ഇവരുടെ പ്രശ്‌നം. അപ്പന് അത് വിഷമമാണ്. പക്ഷേ ഇപ്പോള്‍ ഭയങ്കരമായിട്ട് മാറി. മാറിക്കൊണ്ടേയിരിക്കുന്നു.
എന്റെ നിര്‍ത്താത്ത എഫേര്‍ട്ടിന് റിസള്‍ട്ട് കാണിക്കുന്നുണ്ട്.

അടുത്തിടെ ഞാനൊരു ജീന്‍സിട്ടപ്പോള്‍ ഷര്‍ട്ട് കുറച്ച് കയറിക്കിടക്കുന്നുണ്ടായിരുന്നു. കുറച്ച് ഇറക്കമുള്ളത് ഇടൂവെന്ന് അമ്മ പറഞ്ഞപ്പോള്‍ ഇതിന് എന്താ കുഴപ്പം, കുഴപ്പമൊന്നും ഇല്ലല്ലോ എന്നായിരുന്നു അപ്പച്ചന്റെ മറുപടി. പപ്പ മാറി വരുന്നുണ്ട്. ഇനി അമ്മ കൂടി അങ്ങോട്ട് എത്തണം.

പിന്നെ സിനിമകളിലെ ഇന്റിമേറ്റ് സീനുകള്‍, സോളമന്റെ തേനീച്ചകള്‍ എന്ന സിനിമയിലെ എന്റെ ഒരു ഇന്റിമേറ്റ് സീനുകള്‍ കണ്ട് ഞെട്ടിയ അപ്പന്‍ ഇപ്പോള്‍ എന്റെ അടുത്ത പടത്തില്‍ അത്തരത്തിലൊരു സീനുണ്ടെന്ന് പറഞ്ഞപ്പോഴേക്കും ആള് കൂളായി. ആ ഇംപ്രൂവ്‌മെന്റും ഗ്രോത്തും നമ്മള്‍ എത്രത്തോളം എഫേര്‍ട്ട് ഇടുന്നോ അതിനനുസരിച്ചാണ്.

സോളമന്റെ തേനീച്ചകള്‍ കണ്ട് പൊട്ടിത്തെറിച്ച അപ്പനാണ്. പൊട്ടിത്തെറി എന്ന് പറഞ്ഞാല്‍ ഇനി അങ്ങനത്തെ സീനുകളൊന്നും ചെയ്യേണ്ട കേട്ടോ അങ്ങനെയാണ് പറയുക. പക്ഷേ ആള്‍ ഇംപ്രൂവായി, വിന്‍സി പറഞ്ഞു.

നായിക നായകന്‍ എന്ന ടി.വി റിയാലിറ്റി ഷോയില്‍ നിന്ന് അഭിനയ പ്രതിഭകളെ കണ്ടെത്തിയാണ് ലാല്‍ ജോസ് സോളമന്റെ തേനീച്ചകള്‍ ഒരുക്കിയത്.

ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി ആഗ്രഹിച്ച ജോലി സമ്പാദിച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ഗ്ലെന തോമസിന്റേയും സുജയുടേയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല.

Content Highlight: Actress Vincy Aloshious about Intimate Scenes on her Movies and parents comment