എന്നെ എന്തിനാണ് വിളിച്ചത്, അഭിനയിക്കാന്‍ ഒന്നുമില്ലല്ലോ; മണിച്ചിത്രത്താഴ് സെറ്റില്‍ ഞാന്‍ ഫാസില്‍ സാറോട് ചോദിച്ചു: വിനയ പ്രസാദ്
Entertainment
എന്നെ എന്തിനാണ് വിളിച്ചത്, അഭിനയിക്കാന്‍ ഒന്നുമില്ലല്ലോ; മണിച്ചിത്രത്താഴ് സെറ്റില്‍ ഞാന്‍ ഫാസില്‍ സാറോട് ചോദിച്ചു: വിനയ പ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th June 2025, 3:20 pm

മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി വിനയപ്രസാദ്. ശ്രീദേവി എന്ന കഥാപാത്രം എങ്ങനെയാണ് തന്നെ തേടിയെത്തിയതെന്ന് വിനയ പ്രസാദ് പറയുന്നു.

ഒപ്പം മണിചിത്രത്താഴിന്റെ ഷൂട്ടിങ് സമയത്ത് തനിക്കുണ്ടായ സംശയത്തെ കുറിച്ചും അഭിനയിക്കാന്‍ ഒന്നുമില്ലാത്ത ഒരു കഥാപാത്രമാണോ തന്റേതെന്ന തോന്നല്‍ ഉണ്ടായതിനെ കുറിച്ചുമൊക്കെ വിനയ പ്രസാദ് പറയുന്നു.

‘ മണിച്ചിത്രത്താഴ് എന്ന സിനിമ എനിക്ക് കിട്ടിയത് ലാല്‍സാറിലൂടെയാണ്. ഒരു ഓണം പരിപാടിക്കായി അദ്ദേഹം ബാഗ്ലൂരില്‍ വന്നിരുന്നു. ആ പരിപാടിയില്‍ ഞാനും ഒരു ഗസ്റ്റായിരുന്നു.

പറ്റിയ ഒരു ക്യാരക്ടര്‍ ഉണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. ചെയ്യാമെന്ന് പറഞ്ഞു. ശോഭനയും ഉണ്ടെന്ന് പറഞ്ഞു. ഓ അപ്പോള്‍ ഡാന്‍സൊക്കെ ശോഭനയ്ക്ക് ആയിരിക്കുമെന്ന് തോന്നി. സെക്കന്റ് ഹീറോയിന്‍ ആയിരിക്കുമെന്നൊക്കെ ഞാന്‍ ആലോചിച്ചു.

അങ്ങനെ സെറ്റില്‍ എത്തി. ഷൂട്ടിങ് നടക്കുകയാണ്. ദിവസം കഴിയുന്നതിന് അനുസരിച്ച് എനിക്ക് ചെറുതായി വിഷമം വരാന്‍ തുടങ്ങി. കാരണം മുറിച്ചുമുറിച്ചുള്ള ചെറിയ ചെറിയ ഷോട്ടുകളാണ് എനിക്കുള്ളത്.

എന്നെ പിടിച്ച് മുറിയില്‍ പൂട്ടിയിടുന്നു. ചെറിയ ചില ഡയലോഗുകള്‍ മാത്രം പറയുന്നു. അങ്ങനെയൊക്കെയാണ് എടുക്കുന്നത്. എനിക്ക് അഭിനയിക്കാന്‍ സ്‌കോപ്പ് ഒന്നും ഇല്ലെന്ന് തോന്നി.

സാര്‍ എന്തിനാണ് എന്നെ ഇതിലേക്ക് വിളിപ്പിച്ചത്, അഭിനയിക്കാന്‍ ഒന്നും ഇല്ലല്ലോ എന്ന് ഞാന്‍ ഫാസില്‍ സാറോട് ചോദിച്ചു. അങ്ങനെയല്ലെന്നും ടോട്ടാലിറ്റി നോക്കിയാല്‍ നിങ്ങള്‍ക്ക് അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ശോഭനയും ഇതേ ചോദ്യം അദ്ദേഹത്തോട് ചോദിച്ചെന്ന് പറഞ്ഞു. ആ പാട്ടല്ലാതെ വേറെ ഒന്നും എനിക്കില്ലല്ലോ എന്ന് ശോഭന ചോദിച്ചതായി പറഞ്ഞു. അങ്ങനെ ഞാന്‍ ശോഭനയോട് ചോദിച്ചു. നിങ്ങളും അങ്ങനെ ചോദിച്ചോ എന്ന്. അതെ ഞാനും ചോദിച്ചു എന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ തിയേറ്ററില്‍ സിനിമ കണ്ട ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇനി വേറെ ഒരു സിനിമയും ഞാന്‍ ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ഈ ഒരു സിനിമ മതിയാകും എനിക്കെന്ന് തോന്നി.

സത്യമായും അങ്ങനെയാണ് എനിക്ക് തോന്നിയത്. ഈ സിനിമ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണ്. മലയാളം സിനിമ ഇന്‍ഡസ്ട്രിയോടും ലാല്‍സാറിനോടും ഫാസില്‍ സാറിനോടുമൊക്കെ അതില്‍ ഞാന്‍ കടപ്പെട്ടവളാണ്.

അതുപോലെ മണിചിത്രത്താഴിന്റെ സെറ്റില്‍ ഞാന്‍ ആദ്യമായി കയറിവരുമ്പോള്‍ ശോഭന ഒരു കണ്ണാടി പിടിച്ച് ടച്ചപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ പിറകിലൂടെയാണ് വരുന്നത്.

അവര്‍ എന്നെ കണ്ണാടിയിലൂടെ കണ്ടതും ‘കം കം വിനയപ്രസാദ് യു ആര്‍ മോസ്റ്റ് വെല്‍കം ടു ദി സെറ്റ്’ എന്ന് പറഞ്ഞു. ആ ഒരു സ്‌നേഹം പറയാതിരിക്കാനാവില്ല.

ഒരു പുതിയ സ്ഥലത്തെത്തിയ ഫീലേ എനിക്ക് ഇല്ലായിരുന്നു. അത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. അതിന് ശേഷം ഞാന്‍ അഭിനയിക്കുന്ന ഏത് സെറ്റില്‍ ഒരു പുതിയ ആര്‍ടിസ്റ്റ് വന്നാലും ഞാന്‍ അവരെ വെല്‍ക്കം ചെയ്യും. ഇപ്പോഴും ശോഭനയെ ഓര്‍ത്താണ് ഞാന്‍ അത് ചെയ്യുന്നത്.

അതുപോലെ അന്ന് ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് ഒന്നും മനസിലായിരുന്നില്ല. സാര്‍ ഇത് പ്രേതകഥയാണോ എന്ന് ഞാന്‍ ഫാസില്‍ സാറോട് ചോദിച്ചു. ആ വേഷവും കാര്യങ്ങളുമൊക്കെ കണ്ടപ്പോള്‍ ചോദിച്ചതാണ്. ഹൊറര്‍ സിനിമയാണെന്ന് കരുതിക്കോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,’ വിനയപ്രസാദ് പറഞ്ഞു.

Content Highlight: Actress Vinaya Prasad About Manichithrathazhu Movie