'ജയറാമിനെ വിശ്വസിക്കല്ലേ, ചതിക്കുമെന്ന് ഞാന്‍ പലവട്ടം പറഞ്ഞു, കേട്ടില്ല; നൂറ് ശതമാനം ഫേക്കാണ് അയാള്‍: ഉഷ ഹസീന
Malayalam Cinema
'ജയറാമിനെ വിശ്വസിക്കല്ലേ, ചതിക്കുമെന്ന് ഞാന്‍ പലവട്ടം പറഞ്ഞു, കേട്ടില്ല; നൂറ് ശതമാനം ഫേക്കാണ് അയാള്‍: ഉഷ ഹസീന
ആര്യ.പി
Wednesday, 8th July 2026, 2:48 pm

നടന്‍ ജയറാമിനെതിരെ ഗുരുതര ആരോപണവുമായി നടി ഉഷ ഹസീന. ജയറാം കൊടുത്ത ഉറപ്പില്‍ തന്റെ സഹോദരന്‍ ഹസീബ് ജയറാമിന്റെ മകന്‍ കാളിദാസിനെ വെച്ച് ചെയ്ത ഹാപ്പി സര്‍ദാര്‍ എന്ന സിനിമ സാമ്പത്തികമായി വലിയ പരാജയമായെന്നും മാനസികമായും ശാരീരികമായും തകര്‍ന്ന ഹസീബിനെ ജയറാം തിരിഞ്ഞുനോക്കിയില്ലെന്നും ഉഷ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാമിനെതിരെ ഉഷ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയത്. വലിയ ചതിയാണ് ജയറാം ചെയ്തതെന്നും നൂറ് ശതമാനം ഫേക്കായിട്ടുള്ള വ്യക്തിയാണ് ജയറാമെന്നും അഭിമുഖത്തില്‍ ഉഷ പറഞ്ഞു.

‘ ജയറാമിനെ വെച്ച് ആടുപുലിയാട്ടം എന്ന സിനിമ ചെയ്ത്, ജയറാമിന് ഒരു റീഎന്‍ട്രി മലയാളത്തില്‍ ഉണ്ടാക്കി കൊടുത്തത് ഹസീബാണ്. സൂപ്പര്‍ ഹിറ്റ് ആയിട്ട് ഓടിയ പടമായിരുന്നു അത്. ഹസീബുമായിട്ട് നല്ല ബന്ധവുമായിരുന്നു ജയറാമിന്. എപ്പോഴും വീട്ടില്‍ വരും. നിരന്തരം ഫോണ്‍ ചെയ്യും. അവര്‍ ഭയങ്കര കമ്പനി ആയിരുന്നു.

ജയറാമിന്റെ സ്വഭാവമൊക്കെ നമുക്കറിയാം. അതിവിനയവും കാര്യംകാണാന്‍ വേണ്ടി നില്‍ക്കുന്ന ആളാണെന്നൊക്കെ എനിക്ക് വ്യക്തമായി അറിയാം. ഫേക്ക് ആയിട്ടുള്ള ആളാണ്. ആ കാണിക്കുന്ന വിനയം ഒന്നും ശരിയല്ല, ജയറാമിനെ വിശ്വസിക്കരുത് എന്ന് ഹസീബിനോടും ഹസീബിന്റെ ഭാര്യയോടും ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.

പലരുടെയും അനുഭവം നമുക്കറിയാമെന്നും അതുകൊണ്ട് നീ പറഞ്ഞു മനസ്സിലാക്കണേ എന്നും ഹസീബിന്റെ വൈഫിനോട് പറഞ്ഞിരുന്നു. ഹസീബിനോട് ഞാനും എന്റെ ഭര്‍ത്താവും ഇളയ അനിയനും പറഞ്ഞിട്ടുണ്ട്. സകല ആള്‍ക്കാരും പറഞ്ഞിട്ടുണ്ട്. പക്ഷേ അവന്‍ അന്ധമായിട്ട് ജയറാമിനെ വിശ്വസിച്ചു.

കാളിദാസന്റെ സിനിമ വേറെ ആരോ ചെയ്ത പടമാണ്. അത് അവര്‍ ഇട്ടിട്ട് പോയതാണ്. പടം തുടങ്ങുന്നതിനു മുമ്പ് ഇട്ടിട്ട് പോയതാണ്. അത് ഹസീബിന്റെ തലയില്‍ വെച്ചു കൊടുത്തു.

തട്ടുകേട് വന്നാല്‍ ഞാനുണ്ടെന്നും അതിന്റെ പരിഹാരം ഞാന്‍ ഉണ്ടാക്കി തന്നിരിക്കുമെന്നും ജയറാം വാക്ക് കൊടുത്തിട്ടാണ് ഹസീബ് ആ പ്രോജക്റ്റിന് വേണ്ടി ഇറങ്ങിയത്. പഞ്ചാബിലും ഹൈദരാബാദ് ഫിലിം സിറ്റിയിലുമൊക്കെയായി ഷൂട്ട് ചെയ്തതാണ്. ഒരുപാട് പൈസ മുടക്കി ചെയ്ത സിനിമയാണ്.

പഞ്ചാബില്‍ പോയിട്ട് വന്നപ്പോള്‍ തന്നെ എന്റെ ഭര്‍ത്താവും എന്റെ ഇളയ ബ്രദറും ഹസീബേ പോയ പൈസ പോയി, ഇതുമായി ഇനി മുന്നോട്ട് പോകരുത്, അത് വിട്ടേക്കൂ എന്ന് പറഞ്ഞിരുന്നു.

ഇല്ല. ജയറാമേട്ടനോട് ഞാന്‍ ഒരു വാക്ക് പറഞ്ഞിട്ടുണ്ട്, ജയറാമേട്ടന്‍ എന്റെ കൂടെയുണ്ട്, എനിക്ക് ജയറാമേട്ടന്‍ ധൈര്യം തന്നിട്ടുണ്ട് എന്ന് പറഞ്ഞാണ് അവന്‍ ആ പടം പൂര്‍ത്തിയാക്കിയത്.

അങ്ങനെ വലിയ ബഡ്ജറ്റില്‍ ചെയ്ത സിനിമ ഫ്‌ളോപ്പായി. സാമ്പത്തിക ബാധ്യതകള്‍ വന്നു. അവന്‍ മാനസികമായിട്ട് തകര്‍ന്നു. പിന്നീട് അവന് സ്‌ട്രോക്ക് വന്നു. മരണത്തില്‍ നിന്നാണ് രക്ഷപ്പെട്ടു വന്നത്. സര്‍ജറി ഒക്കെ ചെയ്യേണ്ടിവന്നു.

അതെല്ലാം മലയാള സിനിമയില്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ ജയറാം മാത്രം ആ കാര്യം അറിഞ്ഞിട്ടില്ല. ബാക്കിയുള്ള സകല ആള്‍ക്കാരും അറിഞ്ഞിട്ടുണ്ട്. പറയുമ്പോള്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്ന ആളാണ് ജയറാം. ഈ പടം ഫ്‌ളോപ്പായ ശേഷം ഹസീബിനെ ജയറാം വിളിച്ചിട്ടില്ല. എന്താണ് എന്ന് ചോദിച്ചിട്ടില്ല.

പിന്നീട് മകളുടെ കല്യാണത്തിനാണ് വിളിക്കുന്നത്. രണ്ടു മൂന്ന് വര്‍ഷത്തിന് ശേഷം വിളിച്ചപ്പോള്‍, ഹസീബിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അവന്‍ ഉദ്ദേശിക്കുന്ന കാര്യമായിരിക്കില്ല പുറത്തേക്ക് പറയുന്നത്. അങ്ങനെ കുറച്ചു കുഴപ്പങ്ങള്‍ ഉള്ള സമയത്താണ് ജയറാം വിളിച്ചത്. സംസാരം കേട്ടപ്പോള്‍ അയ്യോ എന്തു പറ്റി എന്ന് ചോദിച്ചു. പിന്നെ വൈഫ് ആണ് സംസാരിച്ചത്. അങ്ങനെ അസീബിന് ജയറാം വോയ്‌സ് ക്ലിപ്പ് അയച്ചു.

photo: Wikipedia

ആ വോയ്‌സ് ക്ലിപ്പില്‍ പറഞ്ഞത്, ഞാന്‍ ഉണ്ട്, എന്റെ വാക്ക് കേട്ടിട്ടാണെന്ന് ഞാന്‍ എപ്പോഴും കണ്ണനോട് പറയും. എന്റെ ഒരൊറ്റ ഉറപ്പിന്‍ മേലാണ് ഹസീബ് ഈ സിനിമ ചെയ്തത്. ഹസീബേ ഞാന്‍ വരുന്നുണ്ട്. പത്ത് ദിവസത്തിനകം ഞാന്‍ വീട്ടിലേക്ക് വരും എന്ന് പറഞ്ഞു.

ഇന്നുവരെ വന്നിട്ടില്ല. എന്താണെന്ന് വിളിച്ചു ചോദിച്ചിട്ട് പോലുമില്ല. ഹസീബ് അങ്ങോട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കുകയുമില്ല. വലിയ ചതിയാണ് ജയറാം ചെയ്തത്. അവന്‍ എങ്ങനെ നിന്ന ഒരാളാണെന്ന് അറിയാമോ? വലിയ ചതിയാണ് ചെയ്തത്,’ ഉഷ പറഞ്ഞു.

നവാഗതരായ സുദീപ് ജോഷിയും ഗീതിക സുദീപും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ഹാപ്പി സര്‍ദാര്‍. 2019ലായിരുന്നു ചിത്രം റിലീസായത്.

Content Highlight:  Actress Usha Haseena makes serious allegations against actor Jayaram

 

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.