അന്ന് കൂടെ അഭിനയിച്ച ആരും ഇന്ന് ജീവനോടെയില്ല, ആ സിനിമ വീണ്ടും ഇറങ്ങിയപ്പോൾ ഞാൻ കണ്ടില്ല: ഉർവശി
Entertainment
അന്ന് കൂടെ അഭിനയിച്ച ആരും ഇന്ന് ജീവനോടെയില്ല, ആ സിനിമ വീണ്ടും ഇറങ്ങിയപ്പോൾ ഞാൻ കണ്ടില്ല: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 7:28 pm

1978ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലൂടെയാണ് ഉര്‍വശി സിനിമയിലേക്ക് വന്നത്. പിന്നീട് തന്റെ പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. 1983ല്‍ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് എന്ന തമിഴ് സിനിമയായിരുന്നു ആദ്യമായി നായികയായി അഭിനയിച്ച് റിലീസായ സിനിമ. ഈ സിനിമ വന്‍ വിജയം നേടിയത് ഉര്‍വശിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി.

1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. മമ്മൂട്ടിയാണ് ഇതില്‍ നായകനായി അഭിനയിച്ചത്. 1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാൾ ഉർവശി ആയിരുന്നു. ഇക്കാലയളവില്‍ 500ല്‍ അധികം മലയാള ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്.

 

ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് വേണ്ടി ഉര്‍വശി കഥയും എഴുതിയിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ നിര്‍മിച്ചതും ഉര്‍വശി തന്നെയാണ്. ഇപ്പോൾ മലയാളത്തിലെ മൺമറഞ്ഞുപോയ കലാകാരൻമാരെക്കുറിച്ച് സംസാരിക്കുകയാണ് നടി ഉർവശി.

സ്പടികം സിനിമ രണ്ടാമത് ഇറങ്ങിയപ്പോള്‍ താൻ കണ്ടിട്ടില്ലെന്നും അതിന് കാരണം കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍. പി. ദേവ്, തിലകന്‍, കെ.പി.എ.സി. ലളിത, നെടുമുടി വേണു അങ്ങനെ ഒരു പറ്റം ആള്‍ക്കാര്‍ ഇല്ലെന്ന തോന്നൽ വരുമെന്നും ഉർവശി പറയുന്നു.

 

ഇവരുടെ കൂടെ വര്‍ക്ക് ചെയ്തതൊക്കെ വലിയ സംഭവമാണെന്നും അവര്‍ തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ് അമിതസ്വാതന്ത്ര്യം എടുത്ത് പോയോയെന്നും ആ വാല്യൂ താനറിഞ്ഞില്ലേ എന്നൊക്കെയാണ് തോന്നുന്നതെന്നും ഉർവശി പറഞ്ഞു. അവരൊക്കെ തന്നെ കൊണ്ടുനടക്കുവായിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഉർവശി.

സ്പടികം സിനിമ രണ്ടാമത് ഇറങ്ങിയപ്പോള്‍ ഞാന്‍ കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. കാരണം കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍. പി. ദേവ്, തിലകന്‍, കെ.പി.എ.സി. ലളിത, നെടുമുടി വേണു അങ്ങനെ ഒരു പറ്റം ആള്‍ക്കാര്‍ ഇല്ലല്ലോ… ഇവരുടെ കൂടെ വര്‍ക്ക് ചെയ്തതൊക്കെ എന്തൊരു വലിയ സംഭവം ആയിരുന്നു.

അവര്‍ നമ്മുടെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ് നമ്മളൊക്കെ എപ്പോഴും അമിതസ്വാതന്ത്ര്യം എടുത്ത് പോയോ… ആ വാല്യൂ ഞാനറിഞ്ഞില്ലേ എന്നൊക്കെയാണ് തോന്നുന്നത്. അവരൊക്കെ എന്നെ കൊണ്ടുനടക്കുവായിരുന്നു,’ ഉര്‍വശി പറയുന്നു.

Content Highlight: Actress Urvashi is talking about artists who have passed away