വഴിയരികില്‍നിന്ന് നടി സുരഭി ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
Kerala News
വഴിയരികില്‍നിന്ന് നടി സുരഭി ലക്ഷ്മി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 2:56 pm

കോഴിക്കോട്: ജീപ്പ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്ന് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നടി സുരഭി ലക്ഷ്മിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ(39) യാണ് മരിച്ചത്.

വഴി തെറ്റി നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ഇറങ്ങിയതായിരുന്നു മുസ്തഫ. ജീപ്പ് ഓടിക്കവെ കുഴഞ്ഞ് വീണ് റോഡില്‍ ആരും സഹായിക്കാനില്ലാതെ കിടന്നപ്പോള്‍ നടി സുരഭിയാണ് ഇദ്ദേഹത്തെ സഹായിച്ചത്. സുരഭി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നും മാനസിക വെല്ലുവിളി നേരിടുന്ന യുവതി കുഞ്ഞിനെയും കൊണ്ട് പുറത്തു പോവുകയായിരുന്നു. എന്നാലിവര്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചെത്താതിനെതുടര്‍ന്നാണ് മുസ്തഫ ഇവരെ തേടിയിറങ്ങിയത്.

രാത്രി 10 മണിയോടെ കോഴിക്കോട് തൊണ്ടയാട് മേല്‍പ്പാലത്തിന് താഴെയെത്തിയപ്പോഴായിരുന്നു മുസ്തഫയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞുവീണത്. ഒപ്പമുള്ള കൂട്ടുകാര്‍ക്ക് ഡ്രൈവിങ് അറിയാത്തത് ആശുപത്രയില്‍ എത്തിക്കാന്‍ വൈകി.

റോഡില്‍ നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും വണ്ടി നിര്‍ത്തിയില്ല. ഇതിനിടെയാണ് നഗരത്തിലെ ഒരു ഇഫ്താര്‍ കഴിഞ്ഞ് സുരഭി ലക്ഷ്മി കാറില്‍ ഈ വഴി പോയത്. വാഹനം നിര്‍ത്തി സുരഭി കാര്യം അന്വേഷിച്ചു. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് കാര്യമറിയിക്കുകയും പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.