കല്യാണം കഴിഞ്ഞതിന് ശേഷം വലിയ നടന്മാരുടെ സിനിമകള്‍ കിട്ടുന്നില്ല: ശിവദ
Entertainment news
കല്യാണം കഴിഞ്ഞതിന് ശേഷം വലിയ നടന്മാരുടെ സിനിമകള്‍ കിട്ടുന്നില്ല: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th March 2023, 3:36 pm

വിവാഹത്തിന് ശേഷം മുന്‍നിര നടന്മാരുടെ സിനിമകള്‍ കിട്ടാറില്ലെന്ന് നടി ശിവദ. കല്യാണം കഴിഞ്ഞു, കുഞ്ഞുണ്ട് എന്ന കാരണങ്ങള്‍ കൊണ്ട് തന്നെയാണ് മാറ്റി നിര്‍ത്തപ്പെടുന്നതെന്നും ശിവദ പറഞ്ഞു.

എന്നാല്‍ കല്യാണത്തിന് മുമ്പ് ചെയ്തതിലും കൂടുതല്‍ സിനിമകള്‍ തമിഴിലും മലയാളത്തിലുമായി താന്‍ ഇപ്പോഴാണ് ചെയ്യുന്നതെന്നും ശിവദ പറഞ്ഞു. ഇക്കാരണങ്ങള്‍ മാറ്റിനിര്‍ത്തികൊണ്ട് പലരും സിനിമക്ക് വേണ്ടി സമീപിക്കാറുണ്ടെന്നും വിവാഹ ശേഷമാണ് കൂടുതല്‍ സിനിമകള്‍ കിട്ടുന്നതെന്നും താരം പറഞ്ഞു. സിനിമാ പ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് ശിവദ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കല്യാണത്തിന് മുമ്പ് സിനിമകള്‍ ചെയ്തതിനേക്കാള്‍ ഇപ്പോഴാണ് കൂടുതല്‍ സിനിമകള്‍ ചെയ്യുന്നത്. തമിഴിലും ഞാന്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. പക്ഷെ നമ്മള്‍ സ്ഥിരം പറയാറുള്ള അവസ്ഥ എനിക്കുമുണ്ട്. കല്യാണം കഴിഞ്ഞതിന് ശേഷം വലിയ നടന്മാരുടെ സിനിമകള്‍ കിട്ടാറില്ല.

കാരണം വിഹാഹിതയാണ് കൂടാതെ കുഞ്ഞുണ്ട് എന്നത് അവിടെയുണ്ടല്ലോ. പക്ഷെ ഞാന്‍ ഹാപ്പിയാണ്. തുടര്‍ച്ചയായി ചില റോളുകള്‍ കിട്ടുന്നുണ്ടല്ലോ. കല്യാണം കഴിഞ്ഞു, കുഞ്ഞ് ഉണ്ടെന്ന കാര്യം മാറ്റി നിര്‍ത്തി കൊണ്ട് പലരും അവരുടെ സിനിമയിലെ റോള്‍ ചെയ്ത് തരുമോയെന്ന് ചോദിച്ച് വരുന്നുണ്ട്.

വേറെ ആരോ എടുക്കുന്ന സിനിമകളില്‍ ഞാന്‍ ചെയ്താല്‍ നന്നാവും എന്ന് തോന്നിയിട്ടാണല്ലോ എന്നെ വിളിക്കുന്നത്. ആ കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ട്. വിവാഹിതയാണ് എന്ന് വെച്ച് സിനിമകള്‍ കിട്ടാതെ ഇല്ല.

ഇപ്പോള്‍ ഒരുപാട് റോളുകള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. തമിഴിലും മലയാളത്തിലും ചെയ്യുന്നുണ്ട്. പക്ഷെ ബിഗ്സ്റ്റാറുകളുടെ മൂവി കിട്ടുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്,” ശിവദ പറഞ്ഞു.

ജവാനും മുല്ലപ്പൂവുമാണ് ശിവദയുടെ പുതിയ ചിത്രം. കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ സുമേഷ് ചന്ദ്രനാണ് ചിത്രത്തിലെ മെയില്‍ ലീഡ് അവതരിപ്പിക്കുന്നത്. രഘു മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

content highlight: actress sshivada about movies