ഇപ്പോഴും എല്ലാവരും ചോദിക്കുന്നത് മോനിഷയുടെ അമ്മയല്ലേ എന്ന്; അത് കേൾക്കുമ്പോൾ അഭിമാനവും വിഷമവും തോന്നും: ശ്രീദേവി ഉണ്ണി
Entertainment
ഇപ്പോഴും എല്ലാവരും ചോദിക്കുന്നത് മോനിഷയുടെ അമ്മയല്ലേ എന്ന്; അത് കേൾക്കുമ്പോൾ അഭിമാനവും വിഷമവും തോന്നും: ശ്രീദേവി ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 2:28 pm

നടി മോനിഷയെ മലയാളികളാരും മറക്കില്ല. ചെറുപ്രായത്തിൽ സിനിമയിലെത്തുകയും വളരെ പെട്ടെന്ന് തന്നെ പ്രശസ്തി നേടാനും താരത്തിന് കഴിഞ്ഞിരുന്നു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ എന്നീ ഭാഷകളിലും നടി അഭിനയിച്ചു. ആദ്യ ചിത്രമായ നഖക്ഷതത്തിന് തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് മോനിഷ സ്വന്തമാക്കി.

അഭിനയത്തിൽ സജീവമായി നിൽക്കുന്ന സമയത്ത് വാഹനാപകടത്തിലാണ് മോനിഷ മരണപ്പെടുന്നത്. മരണപ്പെടുമ്പോൾ മോനിഷക്ക് 21 വയസായിരുന്നു പ്രായം. ഇപ്പോൾ മോനിഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അമ്മ ശ്രീദേവി ഉണ്ണി.

കുട്ടിക്കാലത്ത് തന്നെ സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അപ്പോള്‍ അതിന് സാധിച്ചില്ലെന്നും ശ്രീദേവി പറയുന്നു. പിന്നീട് മോനിഷ അഭിനയം തുടങ്ങിയതില്‍ പിന്നെയാണ് തനിക്ക് സമാധാനമായത് എന്നും അഭിനയത്തില്‍ കൂടുതല്‍ താത്പര്യം തനിക്കായിരുന്നെന്ന് മോനിഷക്ക് അറിയാമായിരുന്നെന്നും അവര്‍ പറഞ്ഞു.

മോനിഷ അഭിനയം നിര്‍ത്തുമ്പോള്‍ തന്നോട് തുടങ്ങണമെന്ന് മോനിഷ തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും ഇപ്പോഴും എല്ലാവരും മോനിഷയുടെ അമ്മയല്ലേ എന്നുപറഞ്ഞാണ് തന്നെ അഭിസംബോധന ചെയ്യുന്നതെന്നും ശ്രീദേവി പറയുന്നു. അത് കേള്‍ക്കുമ്പോള്‍ അഭിമാനവും വിഷമവും തോന്നുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘കുട്ടിക്കാലത്ത് തന്നെ എനിക്ക് സിനിമയില്‍ അഭിനേത്രി ആകണമെന്നാണ് മോഹം. പിന്നെ മോനിഷ തുടങ്ങിയപ്പോഴാണ് എനിക്ക് സമാധാനമായത്. മോനിഷക്ക് അറിയാമായിരുന്നു എനിക്കാണ് കൂടുതല്‍ താത്പര്യമെന്ന്. അമ്മയുടെ പി. ആര്‍ വര്‍ക്കാണ് സിനിമക്ക് ബെസ്റ്റ് എന്ന് മോനിഷ എപ്പോഴും പറയും.

‘എന്ന് ഞാന്‍ അഭിനയം നിര്‍ത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങിക്കോണം’ എന്ന് മോനിഷ പറയും. ഞാനെപ്പോഴും ഇത് ഓര്‍ക്കും. അതൊരു ശാസന കൂടിയല്ലേ അഭിനയിക്കണം എന്നുപറയുന്നത്. ഇപ്പോഴും എല്ലാവരും ചോദിക്കുന്നത് മോനിഷയുടെ അമ്മയല്ലേ എന്നാണ്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര അഭിമാനമാണ്. അതുപോലെ തന്നെ നൊമ്പരവുമാണ്,’ ശ്രീദേവി പറയുന്നു.

മോഹിനിയാട്ടം നർത്തകിയും നടിയുമാണ് ശ്രീദേവി ഉണ്ണി. മലയാള സിനിമകളിലും സീരിയലുകളിലുമായി നിരവധി വേഷങ്ങൾ ശ്രീദേവി ചെയ്തിട്ടുണ്ട്. ഒരു ചെറുപുഞ്ചിരി, സഫലം, നീലത്താമര എന്നിവ അവയിൽ ചിലതാണ്.

Content Highlight: Actress Sreedevi Unni talking about Monisha