കരിയറിന്റെ തുടക്കത്തില്‍ താന്‍ എടുത്ത ചില തീരുമാനങ്ങളെക്കുറിച്ചും വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ ഭാര്യയായി അഭിനയിക്കുമ്പോള്‍ തനിക്ക് ഉണ്ടായ ആത്മവിശ്വാസക്കുറവിനെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് നടി സോണിയ ബോസ്.

ഇന്ദ്രന്‍സിന്റെ ഭാര്യയായി അഭിനയിച്ചപ്പോള്‍ വിഷമവും തോന്നിയിരുന്നുവെന്നും എന്നാല്‍ ഇന്ന് താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്നും സോണിയ പറഞ്ഞു. കരിയറില്‍ വേണ്ടെന്നുവെച്ച ചില അവസരങ്ങളെക്കുറിച്ച് പശ്ചാത്താപം തോന്നിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ജാങ്കോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വിവാഹത്തിന് തൊട്ടുമുമ്പാണ് കാട്ടുചെമ്പകത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ ഭാര്യയായാണ് സോണിയ എത്തിയത്. എന്നാല്‍, ആ കഥാപാത്രം ചെയ്യുമ്പോള്‍ തനിക്ക് അത്ര സന്തോഷം തോന്നിയിരുന്നില്ലെന്നാണ് നടി പറയുന്നത്.

‘വിനയന്‍ സാര്‍ വിളിച്ചപ്പോള്‍ വലിയ സംവിധായകനാണല്ലോ എന്നുകരുതി കഥയോ കഥാപാത്രമോ ചോദിക്കാതെ വന്നതാണ്. അവിടെ എത്തിയപ്പോഴാണ് ഇന്ദ്രന്‍സ് ചേട്ടന്റെ ഭാര്യയായാണ് അഭിനയിക്കേണ്ടതെന്ന് മനസിലായത്. അന്ന് നമ്മള്‍ വലിയ വലിയ ഹീറോകളുടെ കൂടെ അഭിനയിക്കുന്ന സമയമാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ പെയര്‍ ആകണമെന്നത് എന്നെ വിഷമിപ്പിച്ചു. എന്നെ കണ്ടപ്പോള്‍ അങ്ങനെയാണോ തോന്നിയതെന്നൊക്കെ ചിന്തിച്ചു. സത്യമായിട്ടും അന്ന് അങ്ങനെയൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു.

പക്ഷേ, ഇന്ന് നോക്കൂ, ഞാനദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാനാണ്. എന്തൊരു ആക്ടറാണ് അദ്ദേഹം! ഹോം കണ്ടശേഷം ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഒരുപാട് സംസാരിച്ചു. കറുപ്പ് കണ്ടപ്പോഴും വിളിച്ചു. എനിക്ക് മനസിലാകുന്നില്ല, അദ്ദേഹം എവിടെയായിരുന്നു എന്ന്. ഞാന്‍ അഭിനയിച്ച കുട്ടിച്ചാത്തനില്‍ പുള്ളി കോസ്റ്റിയൂമറായിരുന്നു. പിന്നെ ജഗദീഷേട്ടന്‍ അതില്‍ ഒരു സീന്‍ ചെയ്തിട്ടുണ്ട്. പുള്ളിയുടെ ആദ്യത്തെ പടമോ മറ്റോ ആണ്. ഇവരൊക്കെ അതിലുണ്ട്. പിന്നീട് എനിക്ക് വളരെ ഫീല്‍ ചെയ്തു. ഒരു ആക്ടറെ നമ്മള്‍ അങ്ങനെ ജഡ്ജ് ചെയ്തല്ലോ എന്നോര്‍ത്തിട്ട്. അങ്ങനെ ഒരു കാര്യം ഞാന്‍ ചെയ്യരുതായിരുന്നു എന്ന് തോന്നി. ഒരു നടനെയും അന്ന് അങ്ങനെ വിലയിരുത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അതില്‍ ഒരുപാട് വിഷമിച്ചിട്ടുമുണ്ട്,’ സോണിയ ബോസ് പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ മറ്റൊരു സിനിമയിലും താന്‍ സമാനമായ രീതിയില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് സോണിയ വെളിപ്പെടുത്തി. കോമഡിയൊക്കെ ചെയ്തിരുന്ന ഒരു നടന്‍ നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പയറായി അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നെന്നും എന്നാല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ആ ചിത്രം വേണ്ടെന്നുവെക്കുകയായിരുന്നെന്നും സോണിയ പറഞ്ഞു.

‘തേന്മാവിന്‍ കൊമ്പത്തൊക്കെ കഴിഞ്ഞിരിക്കുന്ന സമയമാണ്. അന്ന് നാലും മൂന്നും ഹീറോകളുള്ള സിനിമകളൊക്കെ വരും. ഒരു കോമഡി ചിത്രത്തില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചു. അതിലെ നായകന്‍ അതിന് മുമ്പ് കൊമേഡിയനായിരുന്ന ഒരാളാണ്. പിന്നീട് അദ്ദേഹം ഹീറോയായി. അദ്ദേഹത്തിന്റെ പെയറായി അഭിനയിക്കാനായിരുന്നു വിളിച്ചത്.

അമ്മയ്ക്ക് കുഴപ്പമില്ലായിരുന്നു. ‘നീ അഭിനയിച്ചാല്‍ മതി, ഹീറോ ആരാണെന്നൊന്നും അറിയേണ്ടതില്ല. സ്‌ക്രീനില്‍ നിന്നെ കണ്ടാല്‍ മതി. മോളേ, അത് ചെയ്യൂ’ എന്നൊക്കെ അമ്മ പറഞ്ഞു. പക്ഷേ, ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു. കോമഡി ചെയ്യുന്ന അദ്ദേഹത്തിനൊപ്പം അഭിനയിക്കാനില്ലെന്നായിരുന്നു എന്റെ നിലപാട്. ലാലേട്ടന്റെ കൂടെയൊക്കെ അഭിനയിച്ച ആളല്ലേ ഞാന്‍ എന്നായിരുന്നു അന്നത്തെ ചിന്ത.

ആ സിനിമയില്‍ എനിക്ക് പകരം വിളിച്ചത് ദേവയാനിയെയാണ്. അവര്‍ അന്ന് കരിയര്‍ തുടങ്ങുന്ന സമയമായിരുന്നു. ആ സിനിമ ഹിറ്റാവുകയും ചെയ്തു. ഏതായിരുന്നു ആ സിനിമയെന്ന് ഞാന്‍ പറയുന്നില്ല. പിന്നീട് ഇതൊക്കെ ആലോചിക്കുമ്പോള്‍ എന്തിനാണ് അന്ന് അങ്ങനെ ചിന്തിച്ചതെന്ന് തോന്നിയിട്ടുണ്ട്. തെരഞ്ഞെടുക്കാന്‍ അറിയാതെ, ആളുകളെ ശരിയായി വിലയിരുത്താന്‍ കഴിയാതെ നഷ്ടപ്പെടുത്തിയ ഒരുപാട് അവസരങ്ങളുണ്ട്,’ സോണിയ ബോസ് പറഞ്ഞു.