പോണ്‍ സൈറ്റുകളില്‍ എന്റെ ചിത്രം എത്തിയതിന് പിന്നില്‍ ചില ഗൂഢസംഘം: ശ്വേത മേനോന്‍
Kerala
പോണ്‍ സൈറ്റുകളില്‍ എന്റെ ചിത്രം എത്തിയതിന് പിന്നില്‍ ചില ഗൂഢസംഘം: ശ്വേത മേനോന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th August 2025, 11:28 am

കൊച്ചി: സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്നും പോണ്‍ സൈറ്റുകളിലൂടെ വരുമാനം സമ്പാദിച്ചെന്നും ചൂണ്ടിക്കാട്ടി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികരണവുമായി നടി ശ്വേത മേനോന്‍.

അശ്ലീല രംഗങ്ങള്‍ എന്ന് പറഞ്ഞ് പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ക്ലിപ്പുകള്‍ എല്ലാം സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലെ രംഗങ്ങളാണെന്ന് ശ്വേത മേനോന്‍ പറഞ്ഞു.

കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും തന്നെ മോശം നടിയായി ചിത്രീകരിക്കാനും അശ്ലീല നടിയായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നെന്നും ശ്വേത മേനോന്‍ പറഞ്ഞു.

പോണ്‍ സൈറ്റുകളില്‍ തന്റെ ചിത്രം എത്തിയതിന് പിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരെ കണ്ടെത്തണമെന്നും ശ്വേത മേനോന്‍ ആവശ്യപ്പെട്ടു.

‘എന്റെ മോശം രംഗങ്ങള്‍ അല്ലെങ്കില്‍ അശ്ലീല രംഗങ്ങള്‍ എന്ന് പറഞ്ഞ് മാര്‍ട്ടിന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ക്ലിപ്പുകള്‍ എല്ലാം തന്നെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലെ ക്ലിപ്പുകളാണ്.

കേരളത്തില്‍ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാള്‍ കൂടിയാണ് ഞാന്‍. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ്. എന്നെ മോശം നടിയായി ചിത്രീകരിക്കാനും അശ്ലീല നടിയായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നുണ്ട്.

പോണ്‍ സൈറ്റുകളില്‍ എന്റെ ചിത്രം എത്തിയതിന് പിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ കണ്ടെത്തണം. എനിക്കെതിരായ കേസ് റദ്ദ് ചെയ്ത് കൃത്യമായ ഒരു അന്വേഷണം ഈ കേസില്‍ നടത്തേണ്ടതുണ്ട്,’ ശ്വേത പറഞ്ഞു.

അതേസമയം വിഷയത്തില്‍ ശ്വേതാ മേനോനെ പിന്തുണച്ച് നടന്‍ സാബു മോന്‍ രംഗത്തെത്തിയിരുന്നു.

കേരള ജനത ആകെ ശ്വേത മേനോന് പിന്തുണ നല്‍കിയിട്ടും അതേ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന സഹപ്രവര്‍ത്തകരാരും ഒരക്ഷരം സംസാരിക്കാന്‍ തയ്യാറായില്ലെന്നും അത് ഭയപ്പെടേണ്ട മൗനമാണെന്നും സാബു മോന്‍ പറഞ്ഞു.

മനുഷ്യത്വവും കരുണയും ഉള്ള ആളുകള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്‍ രവീന്ദ്രനും നടി മാലാ പാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ ശ്വേതയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നിയമാനുസൃതമായി അഭിനയിക്കാന്‍ കഴിയുന്ന സിനിമകളിലും രംഗങ്ങളിലുമാണ് ശ്വേത അഭിനയിച്ചതെന്നും ഇതിനെല്ലാം പിന്നില്‍ ചില കുബുദ്ധികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രവീന്ദ്രന്‍ പറഞ്ഞു.

ശ്വേതാ മേനോനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനകള്‍ ഉണ്ടെന്നും ബാബുരാജ് മത്സരരംഗത്ത് നിന്ന് പിന്മാറിയതിനുശേഷമാണ് ആരോപണങ്ങള്‍ എല്ലാം ഉയര്‍ന്നുവന്നതെന്നും മാലാ പാര്‍വതി പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം. സംഘടനയില്‍ പലര്‍ക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാര്‍വതി പറഞ്ഞു.

വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിനൊരു പ്രതാപമുണ്ട്. അതിന്റെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലര്‍ക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മാലാ പാര്‍വതി പറഞ്ഞു.

സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരിലാണ് നടി ശ്വേതാ മേനോനെതിരേ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാര്‍ട്ടിന്‍ മെനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Content Highlight: Actress Shwetha Menon Response against the case