ടെലിവിഷൻ പരമ്പരയിലൂടെ ബാല താരമായി ഉയർന്നു വന്ന നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം ശ്രദ്ധേയമായത്. വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ഇപ്പോൾ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. 2026ൽ നിൽക്കുമ്പോൾ വിവാഹത്തെക്കുറിച്ച് കുറച്ചുകൂടി യുക്തിപരമായി ചിന്തിക്കണമെന്നും, വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും ശ്രുതി പറയുന്നു. വിവാഹത്തിന് എതിരല്ലെന്നും, എന്നാൽ തന്റെ ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് താനാണെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
വിവാഹം കഴിച്ചില്ലേ എന്ന തരത്തിൽ നിരന്തരം ചോദിക്കുന്നവരോടുള്ള തന്റെ പ്രതികരണവും ശ്രുതി പങ്കുവെച്ചു. വിവാഹം കഴിച്ചാൽ എല്ലാവരെയും വിളിച്ച് സദ്യ നൽകാമെന്നും, എന്നാൽ അതിനെക്കുറിച്ച് അമിതമായി ആകുലപ്പെടേണ്ട കാര്യമില്ലെന്നുമാണ് ശ്രുതി പറയുന്നത്.
‘ആൾക്കാർക്ക് ഓരോ ലൈഫിനും ഓരോ പർപ്പസ് ഉണ്ടാകും. ഞാൻ കല്യാണത്തിന് എതിരൊന്നുമല്ല. നമുക്ക് നമ്മുടേതായ കോൺസെപ്റ്റ് ഉണ്ടാകും. ചിലപ്പോൾ ഞാൻ കല്യാണം കഴിച്ചിരിക്കും, ചിലപ്പോൾ കഴിക്കാതെ ഇരിക്കുമായിരിക്കും. എന്തായാലും കല്യാണം കഴിക്കുകയാണെങ്കിൽ വിളിക്കുമല്ലോ,’ ശ്രുതി പറഞ്ഞു.
തന്റെ ജീവിതത്തിലെ മോശം സമയത് ഇതേ ആളുകളിൽ പലരും ഇത്രയും വേവലാതിപ്പെട്ട് അന്വേഷിച്ചിരുന്നില്ലെന്നും ശ്രുതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ വിവാഹം എന്ന വിഷയത്തിൽ മറ്റുള്ളവർ അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്നും താരം പറയുന്നു.
‘എനിക്ക് വയ്യാണ്ടിരുന്ന സമയത്തൊന്നും ഇവർക്ക് ആർക്കും ഇത്രയും വേവലാതി, ഡെയിലി വന്ന് ചോദിക്കുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. കുറച്ചുകൂടി നമ്മൾ മുന്നോട്ട് പോകുമ്പോൾ നമുക്ക് പല കാര്യങ്ങളും മനസിലാകും,’ ശ്രുതി പറഞ്ഞു.
മാതാപിതാക്കളെയും ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ശ്രുതി വ്യക്തമാക്കി. സമൂഹത്തിൽ നിന്ന് നിരന്തരം കേൾക്കുന്ന കാര്യങ്ങളാണ് മാതാപിതാക്കളും പറയുന്നതെന്നും താരം പറയുന്നു. അതേസമയം, നേരത്തെ വിവാഹം കഴിപ്പിച്ചിരുന്നെങ്കിൽ തന്റെ ജീവിതം മറ്റൊരു രീതിയിലാകുമായിരുന്നുവെന്നും ശ്രുതി കൂട്ടിച്ചേർത്തു.
‘എന്റെ അമ്മ ഇങ്ങനെ പറയും, ഞങ്ങൾ അനുവദിച്ചതുകൊണ്ടാണ് നിനക്ക് ഇതെല്ലാം ഉണ്ടായത്, നിനക്ക് ഈ കരിയർ ഒക്കെ ഉണ്ടായത് എന്ന്. ഡെഫിനിറ്റ്ലി, അവർ എന്നെ ആ സമയത്ത് കല്യാണം കഴിപ്പിച്ചിരുന്നെങ്കിൽ എന്റെ സ്റ്റോറി വേറെയായേനെ. അവർ പറഞ്ഞത് ശെരിയാണ്,’
അക്കാലത്ത് അഭിനയിക്കണമെന്ന ആഗ്രഹം പോലും യാഥാർഥ്യമാകണമെന്നില്ലായിരുന്നുവെന്നും ശ്രുതി പറയുന്നു. നേരത്തെ വിവാഹം കഴിച്ചിരുന്നെങ്കിൽ ഭർത്താവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നോക്കുന്നതിലേക്കും പിന്നീട് കുട്ടികളുടെ ഉത്തരവാദിത്വത്തിലേക്കുമെല്ലാം ജീവിതം മാറുമായിരുന്നുവെന്നാണ് താരത്തിന്റെ അഭിപ്രായം.
‘എന്നെ ആ ഏജിൽ കല്യാണം കഴിപ്പിച്ചു കഴിഞ്ഞാൽ ഞാൻ പിന്നെ ഹസ്ബൻഡിന്റെ കാര്യം നോക്കണം, അവരുടെ വീട്ടുകാരുടെ കാര്യങ്ങൾ നോക്കണം, അവരുടെ സൗകര്യത്തിന് നിൽക്കണം. പിന്നെ ഉറപ്പായും കുട്ടിയുണ്ടാകും. അപ്പോൾ പിന്നെ ഞാൻ ആക്ട്രസ് ആകുമെന്ന് പോലും ചിന്തിക്കില്ലായിരുന്നു. ബിസിനസിനെക്കുറിച്ചും ചിന്തിക്കില്ലായിരുന്നു,’ ശ്രുതി വ്യക്തമാക്കി.
Content Highlight: Actress Shruthi Rajanikanth opens up about her views on marriage