എന്റെ വീട്ടീന്ന് ഇപ്പോ ഇറങ്ങിക്കോണം, നസീറോ സത്യനോ ഷീലയോ ആരായാലും വേണ്ടില്ല, ആ സ്ത്രീ പറഞ്ഞു: ഷീല
Entertainment
എന്റെ വീട്ടീന്ന് ഇപ്പോ ഇറങ്ങിക്കോണം, നസീറോ സത്യനോ ഷീലയോ ആരായാലും വേണ്ടില്ല, ആ സ്ത്രീ പറഞ്ഞു: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 10:56 am

സിനിമ സംവിധാനം ചെയ്യണമെന്ന മോഹം തന്നില്‍ വന്നതിനെ കുറിച്ചും ഒരിക്കല്‍ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ഒരു സംഭവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഷീല.

ബാംഗ്ലൂരിലെ ഒരു മലയാളിയുടെ വീട്ടില്‍ ഷൂട്ടിന് പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണ് ഷീല പങ്കുവെക്കുന്നത്. തനിക്കൊപ്പം അന്ന് നസീറും സത്യനും ഉണ്ടായിരുന്നെന്നും ഡയറക്ടര്‍ മദ്യപിച്ചെത്തിയത് കാരണം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഷീല പറയുന്നു. റെഡ് കാര്‍പ്പറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷീല.

‘അന്നൊക്കെ ഷോട്ട് കഴിഞ്ഞാല്‍ നമ്മള്‍ പുറത്തുപോവില്ല. സെറ്റില്‍ തന്നെ ഇരിക്കും. അവിടെ ഡയറക്ടേഴ്‌സ് ഒരു ഷോട്ട് എവിടെയാണ് വെക്കുന്നത്, ക്യാമറ എവിടെ വെക്കുന്നു, സ്‌ക്രിപ്റ്റിലെ ഷോട്ട് ഡിവിഷന്‍ എങ്ങനെയാണ് ഇതൊക്കെ ഞാന്‍ നോക്കും.

പിന്നെ അന്ന് സത്യന്‍സാറിനോടും നസീര്‍ സാറിനോടുമൊക്കെ ഇവിടെ ഒരു ക്ലോസപ്പ് വേണമായിരുന്നു, അല്ലെങ്കില്‍ ഇവിടെ കൊണ്ടുപോയി ക്ലോസപ്പ് വെക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്നൊക്കെ ഇടയ്ക്കിടെ ഓരോ സന്ദര്‍ഭത്തില്‍ ഞാന്‍ ചോദിക്കും.

അങ്ങനെയിരിക്കെ ഞങ്ങള്‍ ബാംഗ്ലൂരില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിന് പോയി. പടത്തിന്റെ പേരോ ഡയറകട്‌റുടെ പേരോ പറയില്ല. അവിടെ ഒരു വലിയ വീട്ടിലാണ് ഷൂട്ടിങ്. മലയാളികളാണ്. അവര്‍ ഒരു ക്യാപ്റ്റനൊക്കെയാണ്.

ആ സ്ത്രീയുടെ ഒരു പ്രത്യേകത എന്താണെങ്കില്‍ മാസത്തില്‍ ഒരു തവണ വീട് മുഴുവന്‍ ഏതെങ്കിലും ഒരു നിറത്തില്‍ അലങ്കരിക്കും. പിങ്ക് ആണെങ്കില്‍ വീട്ടിലുള്ള എല്ലാം പിങ്ക് കളറിലായിരിക്കും.

അവര്‍ക്കൊരു വലിയൊരു ഗോഡ് ഡൗണ്‍ ഉണ്ട്. ആ ദിവസത്തിന് ശേഷം ഈ സാധനങ്ങളൊക്കെ അവിടേക്ക് മാറ്റും. പിന്നെ ഒരു ദിവസം എല്ലാം സില്‍വര്‍ കളറിലാക്കും. കാര്‍പ്പറ്റ് ഉള്‍പ്പെടെ. പിന്നെ അത് ബ്രാസ് കളറിലായിരിക്കും.

മാസാമാസം ഇത് ഇങ്ങനെ മാറ്റും. അങ്ങനെ വീട് സൂക്ഷിക്കുന്ന സ്ത്രീയാണ്. പിങ്ക് കളറില്‍ വീട് അലങ്കരിച്ചിരിക്കുന്ന സമയത്താണ് ഞങ്ങള്‍ ഷൂട്ടിങ്ങിന് പോകുന്നത്. ഷീലയും നസീറുമൊക്കെ വരുന്നു എന്നറിഞ്ഞ് ഇവര്‍ സമ്മതിച്ചതാണ്.

അന്ന് ഷൂട്ടിന് പോകുന്ന വീടിന് വാടകയൊന്നും കൊടുക്കില്ല. അവര്‍ ഇങ്ങോട്ട് പറഞ്ഞതായിരുന്നു. ഞാന്‍ നസീര്‍, സത്യന്‍ എല്ലാവരും ഉണ്ട് പടത്തില്‍. അവര്‍ ഞങ്ങളെ കാത്തിരിക്കുകയാണ്. ഞങ്ങളൊക്കെ വീട്ടില്‍ എത്തി.

നോക്കുമ്പോള്‍ ഞങ്ങളുടെ ഡയറക്ടര്‍ ഭയങ്കരമായി കുടിച്ച് വന്നിട്ട് ആ പിങ്ക് കാര്‍പ്പെറ്റിന് മേലെ മുഴുവനങ്ങ് ശര്‍ദ്ദിച്ചു. ആ സ്ത്രീ അയ്യോ എന്ന് പറഞ്ഞ് താഴെ വീണു.

നസീറാണെങ്കിലും ശരി സത്യനാണെങ്കിലും ശരി ഞങ്ങള്‍ക്കിനി ഒന്നും അറിയണ്ട, എല്ലാരും പുറത്തുപോകണം എന്ന് പറഞ്ഞു. ഞങ്ങള്‍ക്കാണെങ്കില്‍ കണ്ടിന്യൂറ്റി ആ സെറ്റില്‍ എടുത്തേ തീരൂ.

നാല് സീനുണ്ടായിരുന്നു. ചെറിയ സീനാണ്. അപ്പോള്‍ സത്യന്‍സാറൊക്കെ പോയി ഇവരോട് സംസാരിച്ചു. അപ്പോഴേക്കും ഡയറക്ടറെ കൊണ്ടുപോയി കാറിലിട്ട് കയറ്റി അയച്ചു.

പ്രൊഡക്ഷന്‍ ബോയ്‌സ് ഇത് കഴുകലും പിടിക്കലുമായി. ഞങ്ങള്‍ ഇതിന്റെ കാശ് തന്നേക്കാം, നാലേ നാല് സീന്‍ മാത്രമേയുള്ളൂ എന്നൊക്കെ പറഞ്ഞ് കെഞ്ചി അവരെ കൊണ്ട് സമ്മതിപ്പിച്ചു.

ഇനി ആര് ഡയറക്ടര്‍ ചെയ്യുമെന്ന ചോദ്യം വന്നു. അന്ന് ഒരു അസി. ഡയറക്ടര്‍ ഉണ്ട്. ഇന്നത്തെ പോലെ പത്ത് പതിനഞ്ച് പേരൊന്നും ഇല്ല. അവനായിരുന്നെങ്കില്‍ ഒരു മണ്ടന്‍. ക്ലാപ്പ് പറഞ്ഞ് ഓടിപ്പോകും.

ആര് ഡയറക്ട് ചെയ്യുമെന്ന ചര്‍ച്ചയായി. ഞാന്‍ എപ്പോള്‍ നോക്കിയാലും ഇങ്ങനെ കമന്റ് അടിച്ചോണ്ട് നില്‍ക്കുമല്ലോ. അപ്പോള്‍ സത്യന്‍ സാര്‍ എന്റെ അടുത്ത് വന്നിട്ട് ഷീലയല്ലേ എപ്പോഴും പറയുന്നത് ഈ ഷോട്ട് ശരിയല്ല, ഈ ഷോട്ട് ഇങ്ങനെയല്ല വേണ്ടത് എന്നൊക്കെ, ഷീല തന്നെ ഈ മൂന്ന് സീന്‍ എടുക്കൂ എന്ന് പറഞ്ഞു.

അയ്യോ സാര്‍ ചെയ്യൂ എന്ന് ഞാന്‍ പറഞ്ഞു. ഇല്ല ഞാന്‍ ചെയ്യില്ല. ഷീല ചെയ്യ്, ഇല്ലെങ്കില്‍ നമുക്ക് പോകാമെന്ന് പറഞ്ഞു. ഇത് നടക്കുന്നത് രാവിലെ 11 മണിക്കാണ്. വൈകീട്ട് 6 മണിക്ക് മുന്‍പ് ഇവിടുന്ന് പോയ്‌ക്കോളണമെന്ന് ആ സ്ത്രീ പറഞ്ഞിട്ടുണ്ട്.

അങ്ങനെ ആ മൂന്ന് സീനും ഞാന്‍ ഡയറക്ട് ചെയ്തു. അപ്പോള്‍ എനിക്ക് തന്നെ കോണ്‍ഫിഡന്‍സായി. ഇവരൊക്കെ ഓടി വന്ന് എനിക്ക് കൈ തന്നു. എല്ലാവര്‍ക്കും ഭയങ്കര അത്ഭുതം തോന്നി.

അവിടെ വെച്ചാണ് എനിക്കൊരു ആത്മവിശ്വാസം വന്നത്. പിന്നെ ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ ഞാന്‍ ഓരോന്നും പഠിക്കും. അങ്ങനെ യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ സിനിമകള്‍ എഴുതി സംവിധാനം ചെയ്തു.

പിന്നെ തമിഴില്‍ ഒരു പടം ചെയ്തു, പിന്നെ മമ്മൂട്ടിയെ ഹീറോയാക്കി ഒന്നു ചിരിക്കൂ എന്ന സിനിമയുടെ കഥയെഴുതി. അങ്ങനെ നാല് പടത്തിന് വേണ്ടി വര്‍ക്ക് ചെയ്തു.

പിന്നെ അതെനിക്ക് ബോര്‍ അടിച്ചു തുടങ്ങി. പടം പൊട്ടിയാല്‍ ഡയറക്ഷന്റെ കുഴപ്പമാണെന്ന് പറയും. വിജയിച്ചാല്‍ പേര് ഹീറോയ്ക്കും. വല്ല ആവശ്യവുണ്ടോ ഇങ്ങനെ കഷ്ടപ്പെടാന്‍ എന്ന് തോന്നി. എന്റെ ജോലി ഇതല്ല എന്നും തോന്നി. ഭയങ്കര ടെന്‍ഷന്‍ പിടിച്ച പരിപാടിയാണെന്ന് മനസിലാക്കി അത് അവസാനിപ്പിച്ചു,’ ഷീല പറഞ്ഞു.

Content Highlight: Actress Sheela share a Shooting experiance and how she become a Director