അന്ന് ആ സംവിധായകൻ വഴക്ക് പറഞ്ഞു; സങ്കടം സഹിക്കാതെ സെറ്റിൽ നിന്നും പോകാമെന്ന് ഞാൻ പറഞ്ഞു: ശാരി
Entertainment
അന്ന് ആ സംവിധായകൻ വഴക്ക് പറഞ്ഞു; സങ്കടം സഹിക്കാതെ സെറ്റിൽ നിന്നും പോകാമെന്ന് ഞാൻ പറഞ്ഞു: ശാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 5:54 pm

ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് ശാരി. തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. പി. പത്മരാജൻ സം‌വിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

പിന്നീട് നിരവധി ചിത്രങ്ങളിലായി മികച്ച വേഷങ്ങൾ ചെയ്യാൻ നടിക്ക് സാധിച്ചു. 1980, 1990 കാലഘട്ടങ്ങളിൽ മലയാളത്തിൽ സജീവമായിരുന്നു ശാരി. പത്മരാജൻറെ തന്നെ ചിത്രമായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ ശാരിയുടെ കഥാപാത്രം  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു മേയ് മാസപ്പുലരിയിൽ, പൊൻ‌മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ഒരിടവേള എടുത്തതിന് ശേഷം ശാരി തിരിച്ചുവന്ന സിനിമയാണ് ജന ഗണ മന.

നടിയുടെ പ്രത്യേകതകളിലൊന്നായിരുന്നു വെള്ളാരം നിറത്തിലുള്ള കണ്ണ്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

കഥാപാത്രത്തിന് വെള്ളാരം കണ്ണ് ശരിയാകില്ലെന്ന് പറഞ്ഞതുകൊണ്ട് കണ്ണില്‍ ലെന്‍സ് ഇട്ടാണ് താന്‍ തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നതെന്നും പത്മരാജന്റെ സെറ്റിലെത്തിയപ്പോഴും അങ്ങനെയാണ് ചെയ്തതെന്നും ശാരി പറയുന്നു.

എന്നാല്‍ ഷൂട്ട് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്യാമറാമാന്‍ അത് കണ്ടുപിടിച്ചെന്നും പത്മരാജന്‍ തന്നെ വഴക്ക് പറഞ്ഞെന്നും നടി പറഞ്ഞു.

തനിക്ക് അദ്ദേഹം വഴക്ക് പറഞ്ഞപ്പോള്‍ സഹിക്കാനായില്ലെന്നും ഇവിടെനിന്നും പോകാമെന്ന് കൂടെ വന്ന അമ്മാമയോട് പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അവര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയെന്നും അപ്പോൾ തനിക്ക് വീണ്ടും അഭിനയിക്കാനുള്ള ധൈര്യം വന്നെന്നും ശാരി പറഞ്ഞു.

‘കണ്ണില്‍ ബ്ലാക്ക് ലെന്‍സ് ഇട്ടാണ് ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നത്. കഥാപാത്രത്തിന് വെള്ളാരം കണ്ണ് ശരിയാകില്ലെന്ന് സംവിധായകന്‍ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പത്മരാജന്‍ സാറിന്റെ സെറ്റിലെത്തിയപ്പോഴും വെള്ളാരം കണ്ണ് ശരിയാകില്ലെന്നാണ് അദ്ദേഹവും പറയുകയെന്ന് ഞാന്‍ വിചാരിച്ചു.

അതുകൊണ്ട് ലെന്‍സ് കണ്ണില്‍ നിന്നു മാറ്റിയില്ല. ഷൂട്ടിങ് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ക്യാമറാമാന്‍ രാമചന്ദ്രേട്ടന്‍ കാര്യം കണ്ടുപിടിച്ചത്, ബ്ലാക്ക് ലെന്‍സ് ഇട്ടതിന്റെ പേരില്‍ പത്മരാജന്‍ സാര്‍ എന്നെ കുറേ വഴക്കു പറഞ്ഞു.

സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന എനിക്ക് സാറിന്റെ വഴക്ക് കേട്ടപ്പോള്‍ സങ്കടം സഹിക്കാന്‍ പറ്റിയില്ല. റൂമിലെത്തിയ ഉടനെ ഈ സെറ്റില്‍ നിന്ന് പോകാമെന്നായിരുന്നു ഞാന്‍ കൂടെയുണ്ടായിരുന്ന അമ്മാമയോട് പറഞ്ഞത്.

എന്നാല്‍ നടി കൂടിയായിരുന്ന അമ്മാമ എന്നെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. ‘മോള്‍ പേടിക്കാതെ അഭിനയിച്ചോളൂ’ എന്ന് അമ്മാമ പറഞ്ഞതോടെ ധൈര്യം വന്നു,’ ശാരി പറയുന്നു.

Content Highlight: Actress Shaari Talking about her Eye and Padmarajan