ചാക്കോച്ചനെ നീ തേച്ചല്ലേടി എന്നാണ് അവര്‍ ചോദിച്ചത്, കുടകൊണ്ട് ഒരു അടിയും കിട്ടി: സരയു
Entertainment news
ചാക്കോച്ചനെ നീ തേച്ചല്ലേടി എന്നാണ് അവര്‍ ചോദിച്ചത്, കുടകൊണ്ട് ഒരു അടിയും കിട്ടി: സരയു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st February 2023, 9:09 pm

ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീര ജാസ്മിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഫോര്‍ ഫ്രണ്ട്‌സ്. കാന്‍സര്‍ രോഗികളായ നാല് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറഞ്ഞത്. കാന്‍സര്‍ ബാധിതനാണെന്നറിഞ്ഞ് കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകുന്ന റോളാണ് സിനിമയില്‍ സരയു മോഹന്‍ ചെയ്തത്.

ആ കഥാപാത്രം അഭിനയിച്ചതിന് ശേഷം കുഞ്ചാക്കോ ബോബന്‍ ആരാധകരുടെ പ്രതികരണത്തെ കുറിച്ച പറയുകയാണ് സരയു. തിയേറ്റില്‍ വെച്ച് തന്നെയൊരാള്‍ അടിച്ചെന്നും ചാക്കോച്ചനെ തേച്ച നീയിനി സിനിമ ചെയ്യുന്നത് കാണണമെന്നൊക്കെ പലരും പറഞ്ഞെന്നും താരം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സരയു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സോഷ്യല്‍ മീഡിയയൊക്ക സജീവമാകുന്നതിന് മുമ്പ്. ഇറങ്ങിയ സിനിമയായിരുന്നു ഫോര്‍ ഫ്രണ്ട്‌സൊക്കെ. കവിത തിയേറ്ററിലാണെന്ന് തോന്നുന്നു ഞാന്‍ ആ സിനിമ കണ്ടത്. സിനിമ കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ഒരു അമ്മ കുടവെച്ച് പുറകില്‍ നിന്നും ഒറ്റ അടി തന്നു. നീ ഇത്തരക്കാരിയല്ലേടി എന്ന് ചോദിച്ചാണ് എന്നെ തല്ലിയത്.

ആളുകളുടെ പ്രതികരണത്തെ കുറിച്ചൊക്കെ പലരും അഭിമുഖത്തിലൊക്കെ പറയുന്നത് മാത്രമെ കേട്ടിട്ടുള്ളു. അതൊക്കെ തള്ളാണ്, ചുമ്മാതെ പറയുന്നതാണെന്നൊക്കെയാണ് അന്ന് കരുതിയിരുന്നത്. പക്ഷെ യഥാര്‍ത്ഥത്തില്‍ കിട്ടിയപ്പോള്‍ എനിക്ക് സമാധാനമായി. അത് എന്റെ ആദ്യത്തെ അനുഭവമായിരുന്നു.

അതുപോലെ ചാക്കോച്ചന്‍ ഫാന്‍സിന്റെ കോളും മെസേജുമൊക്കെ എനിക്ക് വന്നിട്ടുണ്ട്. ഞങ്ങളുടെ ചാക്കോച്ചനെ തേച്ചല്ലേ നീ ഇനിയും സിനിമ ചെയ്യുന്നതൊന്ന് കാണണമെന്നാണ് അവരൊക്കെ പറഞ്ഞത്. ഇതൊക്ക നടക്കുന്നത് സോഷ്യല്‍ മീഡിയ ഇത്രയും വളരുന്നതിന് മുമ്പായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് ഇത്തരത്തിലുള്ള അനുഭവങ്ങളൊക്കയുണ്ടാകുന്നത്,’ സരയു പറഞ്ഞു.

മലയാള പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെട്ട താരമാണ് സരയു. നിരവധി ടെലിവിഷന്‍ പരിപടികളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള താരംകൂടിയാണ് സരയു. ബിജു മേനോന്‍ നായകനായ സോള്‍ട്ട് മാന്‍ഗോ ട്രീ എന്ന സിനിമയിലെ സരയുവിന്റെ കഥാപാത്രം ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

content highlight: actress sarayu talks about reaction of kunchacko boban fans