തെലുങ്ക്, മലയാളം സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയും മുന്‍ രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് ശാരദ. നാനൂറിലധികം സിനിമകളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. തുലാഭാരം, സ്വയംവരം തുടങ്ങിയ മലയാളം സിനിമകളിലൂടെയും നിമജ്ജനം എന്ന തെലുങ്ക് ചിത്രത്തിലൂടെയും മൂന്ന് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം അവര്‍ സ്വന്തമാക്കിയുട്ടുണ്ട്.
സിനിമയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി ശാരദ. നടന്‍ മധുവുമായുള്ള തന്റെ സൗഹൃദം നാല്പത് വര്‍ഷത്തിലധികമായി നിലനില്‍ക്കുന്നുണ്ടെന്ന് ശാരദ പറയുന്നു. മലയാളം സിനിമയുടെ നെടും തൂണാണ് മധുവെന്നും ഇപ്പോഴും മാസത്തില്‍ ഒരിക്കലെങ്കിലും അദ്ദേഹത്തെ വിളിക്കാറുണ്ടെന്നും ശാരദ പറഞ്ഞു.
സത്യന്‍, പ്രേം നസീര്‍, മധു തുടങ്ങിയ ഇതിഹാസങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാരദ.
‘മധുവുമായുള്ള എന്റെ സൗഹൃദം നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. മലയാള സിനിമയുടെ നെടും തൂണാണ് അദ്ദേഹം. സത്യന്‍, പ്രേം നസീര്‍, മധു തുടങ്ങിയ ഇതിഹാസങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇന്നും മാസത്തിലൊരിക്കലെങ്കിലും അദ്ദേഹത്തെ വിളിക്കുന്നത് എനിക്ക് പതിവാണ്.
ഷീലയുമായും ജയഭാരതിയുമായും ഞാന്‍ ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ട്. ദുഖകരമെന്നു പറയട്ടെ, തമിഴ്, തെലുങ്ക് സിനിമകളില്‍ നിന്നുള്ള എന്റെ സഹതാരങ്ങളില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. പക്ഷേ, എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയ നടന്മാരുമായി എനിക്ക് അവസാനം വരെ ശക്തമായ ഒരു ബന്ധം ഉണ്ടായിരുന്നു,’ ശാരദ പറയുന്നു.