എന്റെ തടിയെപ്പറ്റി ആരും വ്യാകുലപ്പെടണ്ട; ബോഡി ഷെയ്മിംഗിനെതിരെ നടി സനൂഷ
Entertainment
എന്റെ തടിയെപ്പറ്റി ആരും വ്യാകുലപ്പെടണ്ട; ബോഡി ഷെയ്മിംഗിനെതിരെ നടി സനൂഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th June 2021, 7:58 pm

കൊച്ചി: ചെറിയ പ്രായത്തില്‍ തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയമികവ് തെളിയിച്ച നടിയാണ് സനൂഷ സന്തോഷ്. അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നു പറയുന്നതിലൂടെയും ആരാധകരെ നേടിയ താരം കൂടിയാണ് സനൂഷ.

ഇപ്പോഴിതാ തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ച് സനൂഷ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നാണ് സനൂഷ ഫേസ്ബുക്കില്‍ കുറിച്ചത്.

എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനൂഷ ഫേസ്ബുക്കില്‍ എഴുതി.

‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,’ സനൂഷ ഫേസ്ബുക്കിലെഴുതി.

ബാലതാരമായി സിനിമയിലേക്ക് എത്തിയയാളാണ് സനൂഷ. മമ്മൂട്ടി ചിത്രമായ ദാദാ സാഹേബിലാണ് സനൂഷ ആദ്യമായി മുഖം കാണിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ സനൂഷ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയായിരുന്നു.

തമിഴിലും മികച്ച കഥാപാത്രങ്ങളാണ് സനൂഷയെ തേടിയെത്തിയത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലെ അഭിനയത്തിന് സനൂഷയ്ക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജേഴ്സി എന്ന സിനിമയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്. നാനിയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actress Sanusha Santhosh Aganist Body Shaming