സംയുക്ത വര്‍മ സിനിമയിലേക്ക് തിരിച്ചുവരുമോ? പ്രതികരിച്ച് ബിജു മേനോന്‍
Film News
സംയുക്ത വര്‍മ സിനിമയിലേക്ക് തിരിച്ചുവരുമോ? പ്രതികരിച്ച് ബിജു മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd August 2021, 8:36 pm

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാണ് സംയുക്ത വര്‍മ. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം സംയുക്ത തെളിയിച്ചതാണ്.

നടന്‍ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്.

ഇതിനിടെ സംയുക്തയുടെ തിരിച്ചുവരവ് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ബിജു മേനോന്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചിരിക്കുന്നത്.

സംയുക്തയെ താന്‍ ഒരു കാര്യത്തിലും നിര്‍ബന്ധിക്കാറില്ലെന്നും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സംയുക്തയുടേത് തന്നെയായിരുന്നെന്നും ബിജു മേനോന്‍ പറയുന്നു.

”ഞാന്‍ ഒരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല. സംയുക്തയുടേത് ഇന്‍ഡിപെന്‍ഡന്റ് തീരുമാനങ്ങളാണ്. സംയുക്തക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല.” ബിജു മേനോന്‍ പറഞ്ഞു.

”ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്റെ കാര്യങ്ങളാണ് ഞങ്ങളുടെ ഫസ്റ്റ് പ്രയോറിറ്റി.” നടന്‍ കൂട്ടിച്ചേര്‍ത്തു. മകന്റെ കാര്യം നോക്കാമെന്ന് സംയുക്ത സ്വയം തീരുമാനിച്ചതായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സംയുക്തയ്ക്ക് എപ്പോള്‍ വേണമെങ്കിലും അഭിനയിക്കുമെന്നും തന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവുമില്ലെന്നും ബിജു മേനോന്‍ അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം തങ്ങളുടെ പ്രശ്നങ്ങള്‍ വ്യക്തമായി അറിയാമെന്നും സിനിമയെ അറിയുന്ന ഭാര്യയായതു കൊണ്ട് തന്നെ താന്‍ കംഫര്‍ട്ട് സോണില്‍ ആണെന്നും പറഞ്ഞ താരം സിനിമയുടെ കഥകളെയും തന്റെ അഭിനയത്തെയും പലപ്പോഴും സംയുക്ത വിമര്‍ശിക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

2002ലായിരുന്നു ബിജു മേനോനും സംയുക്ത വര്‍മയും തമ്മിലുള്ള വിവാഹം. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും മലയാളികളുടെ എക്കാലത്തെയും മികച്ച താരജോഡി കൂടിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Samyuktha Varma Biju Menon