ഒരു വെഞ്ചാമരം കൂടി ആവാമായിരുന്നു, ഒരു മുത്തുക്കുടയും; ബിജു ചേട്ടന്റെ വക ട്രോളാണ്, കുറച്ച് ഓവറാണെന്ന് എനിക്കും അറിയാം, പക്ഷേ ഞാനിടും: സംയുക്ത
Movie Day
ഒരു വെഞ്ചാമരം കൂടി ആവാമായിരുന്നു, ഒരു മുത്തുക്കുടയും; ബിജു ചേട്ടന്റെ വക ട്രോളാണ്, കുറച്ച് ഓവറാണെന്ന് എനിക്കും അറിയാം, പക്ഷേ ഞാനിടും: സംയുക്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th June 2022, 3:08 pm

മലയാളികളുടെ പ്രിയതാരമാണ് നടി സംയുക്ത വര്‍മ. സിനിമയില്‍ നിന്നും കഴിഞ്ഞ 20 വര്‍ഷമായി വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്നും പല കഥാപാത്രങ്ങളിലൂടേയും താരം ആരാധകരുടെ മനസിലുണ്ട്. ബിജു മേനോന്‍ സിനിമയില്‍ സജീവമായപ്പോഴും വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു സംയുക്തയുടെ തീരുമാനം.

ഒരു കുടുംബജീവിതം താന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്നും മകന്റെ കാര്യങ്ങള്‍ നോക്കി, വീട്ടുകാര്യങ്ങള്‍ നോക്കി പോകാനാണ് തനിക്ക് അന്നും ഇന്നും താത്പര്യമെന്നുമാണ് സംയുക്ത പറയുന്നത്. തന്റെ ഇഷ്ടങ്ങള്‍ മുറുകെ പിടിച്ചു തന്നെയാണ് ജീവിക്കുന്നതെന്നും താരം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ചില ആഭരണങ്ങളോടുള്ള തന്റെ ഇഷ്ടവും അതിന്റെ പേരില്‍ ബിജു മേനോന്‍ കളിയാക്കുന്നതിനെ കുറിച്ചുമൊക്കെ സംയുക്ത സംസാരിക്കുന്നുണ്ട്. എന്തൊക്കെ കളിയാക്കലുകള്‍ കേട്ടാലും അത്തരത്തിലുള്ള തന്റെ ഇഷ്ടങ്ങളൊന്നും ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും താരം പറയുന്നു.

‘ആഭരണങ്ങള്‍ എനിക്ക് വലിയ ഇഷ്ടമാണ്. കുറേ മേടിക്കുകയും ചെയ്യും ഞാന്‍ ഇടുകയും ചെയ്യും. പിന്നെ വയസായി ക്കൊണ്ടിരിക്കുകയാണല്ലോ. ഇതെല്ലാം വേഗം വേഗം ഇട്ടിട്ട് നമ്മള്‍ എന്‍ജോയ് ചെയ്യുക. ഇനി നമുക്കൊരു 40 കൊല്ലം ഇല്ലല്ലോ.
ഉണ്ടാവില്ലെന്നാണ് വിചാരിക്കുന്നത്.

നമുക്ക് ധരിക്കണം എന്ന് തോന്നുന്നത് ധരിക്കുക. പക്ഷേ ബിജു ചേട്ടനൊക്കെ ഭയങ്കര കളിയാക്കല്‍ ആണ്. പിന്നെ എന്റെ ജ്വല്ലറി ഡിസൈനൊക്കെ കുറച്ചു ഓവര്‍ ആണെന്ന് എനിക്ക് തന്നെ അറിയാം. ഇനി ഇപ്പോള്‍ അങ്ങനെ ആണെങ്കില്‍ തന്നെ എനിക്ക് ഒന്നും ഇല്ല. ഞാന്‍ എന്തായാലും ഇടും (ചിരി).

പുറത്തേക്ക് ഇറങ്ങുമ്പോഴൊക്കെ ബിജു ചേട്ടന്‍ നന്നായി കളിയാക്കും. ഒരു വെഞ്ചാമരം കൂടി ആവാമായിരുന്നു ഒരു മുത്തുക്കുട കൂടി പിടിക്കാമായിരുന്നു എന്നൊക്കെ പറയും. എന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളൊന്നും മകന്‍ ശ്രദ്ധിക്കാറില്ല. എന്റെ സിനിമകള്‍ പോലും അവന്‍ കണ്ടിട്ടില്ല.

മലയാള സിനിമകള്‍ കാണുന്നത് തന്നെ കുറവാണ്. സുഹൃത്തുക്കള്‍ ക്കൊപ്പം പോയി അവഞ്ചേഴ്‌സ് പോലുള്ള പടങ്ങള്‍ ഒക്കെയാണ് കാണുന്നത്. ചില മലയാള സിനിമകളൊക്കെ അവന്‍ കണ്ടിട്ടുണ്ട്. മലയാളത്തിലെ എല്ലാവരേയും അവന് ഇഷ്ടമാണ് ‘പിന്നെ എന്റെ സിനിമകളൊക്കെ കാണുമ്പോള്‍ കുറച്ച് കഴിയുമ്പോള്‍ അവന്‍ എഴുന്നേറ്റ് പോകും. കുറച്ച് സങ്കടങ്ങളും ദു:ഖങ്ങളുമൊക്കെയാണല്ലോ, സംയുക്ത പറഞ്ഞു.

മകന് സിനിമാ മോഹമുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെയൊന്നും പറഞ്ഞ് കേട്ടിട്ടില്ല എന്നായിരുന്നു സംയുക്തയുടെ മറുപടി. അച്ഛനെ ഭയങ്കര അഡ്മിറേഷനാണ്. സിനിമയൊക്കെ ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഞാന്‍ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട് അത്ര ഈസിയായിട്ട് കിട്ടുന്ന കാര്യമല്ല സിനിമ എന്ന്.

സിനിമയിലുളള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും ഒരു യോഗം ഉള്ളതു കൊണ്ടാണ് ക്യാമറക്ക് മുന്‍പില്‍ നില്‍ക്കാന്‍ കഴിയുന്നത്. എത്രയോ കഴിവുള്ള ടാലന്റഡ് ആയിട്ടുള്ള ആള്‍ക്കാരെ നമ്മള്‍ കണ്ടിട്ടില്ല. ആകെ കുറച്ചു പേരെയേ നമ്മള്‍ കണ്ടിട്ടുള്ളു. അവരേക്കാളൊക്കെ കഴിവുള്ള എത്രയോ പേര്‍ പുറത്തുണ്ട്, സംയുക്ത പറഞ്ഞു.

Content highlight: Actress Samyuktha Varma about Biju Menon Troll and her Fashion Concept