നന്ദനത്തിലെ ബാലാമണിയ്ക്ക് വേണ്ടി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു; രസികനിലേക്ക് എത്തുന്നത് അങ്ങനെ: സംവൃത സുനില്‍
Entertainment
നന്ദനത്തിലെ ബാലാമണിയ്ക്ക് വേണ്ടി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു; രസികനിലേക്ക് എത്തുന്നത് അങ്ങനെ: സംവൃത സുനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th June 2025, 10:23 am

മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ താരമാണ് നടി സംവൃത സുനില്‍. രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമയിലെത്തിയത്.

നീലത്താമര, ചോക്ലേറ്റ്, റോബിന്‍ഹുഡ്, ഡയമണ്ട് നെക്ലേസ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്, നോട്ടം, തിരക്കഥ, അറബിക്കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിക്കാന്‍ താരത്തിനായി.

മോഹന്‍ലാല്‍-മീന എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചന്ദ്രോത്സവം എന്ന സിനിമയിലും ചെറിയൊരു വേഷത്തില്‍ സംവൃത എത്തിയിരുന്നു.

ചന്ദ്രോത്സവത്തിലേക്കുള്ള തന്റെ വരവിനെ കുറിച്ച് സംസാരിക്കുകയാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവൃത. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയ്ക്ക് വേണ്ടി താന്‍ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നെന്നും എന്നാല്‍ അതില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്നും രഞ്ജിത് വഴിയാണ് താന്‍ ചന്ദ്രോത്സവത്തില്‍ എത്തുന്നതെന്നും താരം പറഞ്ഞു.

‘ചന്ദ്രോത്സവം എന്ന സിനിമയിലേക്ക് ഞാന്‍ എത്തുന്നത് രഞ്ജിത്ത് അങ്കിള്‍ വഴിയാണ്. അദ്ദേഹത്തിന്റെ നന്ദനം എന്ന സിനിമ കാരണമാണ് എനിക്ക് ഈ സിനിമ മേഖലയുമായി ബന്ധം വരുന്നത്.

അതിലെ ബാലാമണിക്ക് വേണ്ടി സ്‌ക്രീന്‍ ടെസ്റ്റ് കൊടുത്തിരുന്ന ആളാണ് ഞാന്‍. അന്ന് അത് നടക്കാതെ പോയതുമുതല്‍ രഞ്ജിത്ത് അങ്കിളിന്റെ ഒരു ഭാവി പ്രൊജക്ടില്‍ ഒരുപക്ഷേ പാര്‍ട്ടാകുമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു.

ലാലു ഏട്ടനും രഞ്ജിത്ത് അങ്കിളും ഫ്രണ്ട്‌സാണ്. രസികന്‍ വന്നപ്പോള്‍ എന്നെ വിളിക്കാനുള്ള കാരണവും അതാണ്. അത് കഴിഞ്ഞാണ് ചന്ദ്രോത്സവം വരുന്നത്.

രസികന്‍ ഒരു വലിയ സക്‌സസ് ആയിരുന്നില്ല. എനിക്ക് തോന്നുന്നു രസികന്‍ കഴിഞ്ഞ ഉടനെ നായികമായി ഇനിയൊരു സിനിമ വന്നാലേ ചെയ്യൂ എന്ന് വിചാരിച്ച് ഇരുന്നിരുന്നെങ്കില്‍ ഞാന്‍ ഇത്രയും സിനിമകള്‍ ചെയ്യില്ലായിരുന്നു എന്ന്.

രസികന്‍ കഴിഞ്ഞ ഉടന്‍ തന്നെ ചന്ദ്രോത്സവത്തിലെ ചെറിയ വേഷം ചെയ്യാന്‍ അവസരം കിട്ടി. ആ സോങ്ങിലൂടെ ഞാന്‍ ആളുകള്‍ക്ക് ഫെമിലിയര്‍ ആയി. അത് ഇവരുടെയൊക്കെ ഹെല്‍പ് കൊണ്ടാണ്.

ചന്ദ്രോത്സവത്തില്‍ മീനയുടെ കുട്ടിക്കാലം ചെയ്യാന്‍ പറ്റുക, ലാലേട്ടന്റെ കൂടെ ഒരു സിനിമ. ഇതൊന്നും ഞാന്‍ ഒരിക്കലും വിചാരിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ വലിയ കാര്യങ്ങളായിരുന്നു.

അന്ന് ലാലേട്ടന്‍ ഓരോ ഡയലോഗ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലിരിക്കുന്ന നമ്മള്‍ വേറെ വേള്‍ഡിലേക്ക് പോകും. ഞാനും ജയകൃഷ്ണനുമാണ് ഉള്ളത്. എത്രയോ ഷോട്ടില്‍ നല്ല ചീത്ത കേട്ടിട്ടുണ്ട്.

നമ്മള്‍ ആ മൊമെന്റ് മറന്നുപോകും. ലാലേട്ടന്റെ പെര്‍ഫോമന്‍സില്‍ ആയിപ്പോകും. അതൊക്കെ ചെറിയ ചെറിയ ലേണിങ് എക്‌സീപീരിയന്‍സ് ആയിരുന്നു. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് ചെയ്ത ചെറിയ വേഷങ്ങളൊക്കെ എന്നെ ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ട്,’ സംവൃത പറഞ്ഞു.

Content Highlight: Actress Samvrutha Sunil about Nandanam Movie and her Audition