അമ്മ അഭിനയിച്ച 'നമ്മള്‍' കണ്ടിട്ടില്ല; വിവാഹശേഷം അഭിനയിച്ച ചിത്രങ്ങള്‍ താന്‍ തന്നെ കണ്ടിട്ടില്ലെന്ന് രേണുക മേനോന്‍
Malayalam Cinema
അമ്മ അഭിനയിച്ച 'നമ്മള്‍' കണ്ടിട്ടില്ല; വിവാഹശേഷം അഭിനയിച്ച ചിത്രങ്ങള്‍ താന്‍ തന്നെ കണ്ടിട്ടില്ലെന്ന് രേണുക മേനോന്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 22nd August 2026, 4:31 pm

ചുരുങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളി പ്രേക്ഷകര്‍ മറക്കാതെ എന്നും മനസില്‍ ഓര്‍ത്തുവെക്കുന്ന മുഖമാണ് രേണുക മേനോന്റേത്. 2002ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് രേണുക അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ അപര്‍ണ എന്ന നായിക കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയ താരം മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും, വര്‍ഗം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

നമ്മള്‍. Photo: SunNXT

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലെ ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. കുറഞ്ഞ കാലത്തെ സിനിമാ പ്രവര്‍ത്തനത്തിന് ശേഷം 2006ല്‍ രേണുക വിവാഹിതയായിരുന്നു. ഇതിന് പിന്നാലെ സിനിമയില്‍ നിന്നും വിട്ടുനിന്ന താരം നൃത്തരംഗത്ത് സജീവമാണ്. ഈയിടെ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മക്കളോടൊത്ത് സംസാരിക്കവെ രേണുകയുടെ കുട്ടികള്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അമ്മയുടെ നമ്മള്‍ എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ടി.വിയില്‍ ചിത്രത്തിന്റെ ക്ലിപ് കണ്ടിട്ടുണ്ടായിരുന്നുവെന്നും അതല്ലാതെ ചിത്രം പൂര്‍ണമായി കണ്ടിട്ടില്ലെന്നുമായിരുന്നു കുട്ടികള്‍ മറുപടി പറഞ്ഞത്. ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്ത് കാണുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലെന്നും അവര്‍ പറഞ്ഞു. വിവാഹശേഷം തന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ കണ്ടിട്ടില്ലെന്നായിരുന്നു രേണുകയുടെ പ്രതികരണം.

Photo: Facebook.com

കലവൂര്‍ ശ്രീകുമാര്‍ തിരക്കഥ നിര്‍വഹിച്ച നമ്മള്‍ ക്യാമ്പസ് റൊമാന്റിക് ചിത്രമായാണ് കമല്‍ ഒരുക്കിയത്. മോഹന്‍ സിത്താര സംവിധാനം ചെയ്ത ചിത്രത്തിലെ രാക്ഷസി എന്ന ഗാനം വലിയ രീതിയില്‍ വൈറലായിരുന്നു. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം നടി ഭാവനയുടെ അരങ്ങേറ്റ ചിത്രം കൂടെയായിരുന്നു.

Content Highlight: Actress Renuka Menon talks about her film career memories

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.