ലിജോമോള്‍ക്കും അപര്‍ണക്കും അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്, ഞാന്‍ ഒരിക്കലും അവാര്‍ഡ് മനസില്‍ കണ്ടല്ല അഭിനയിക്കുന്നത്: രജിഷ വിജയന്‍
Entertainment news
ലിജോമോള്‍ക്കും അപര്‍ണക്കും അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്, ഞാന്‍ ഒരിക്കലും അവാര്‍ഡ് മനസില്‍ കണ്ടല്ല അഭിനയിക്കുന്നത്: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 6:45 pm

കാര്‍ത്തിയുടെ പുതിയ ചിത്രമായ സര്‍ദാര്‍ റിലീസിനൊരുങ്ങുകയാണ്. കാര്‍ത്തി ഇരട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തില്‍ രജിഷ വിജയനും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന പരിപാടിയില്‍ കാര്‍ത്തിയും രജിഷയും റാഷി ഖന്നയും എത്തിയിരുന്നു.

അതിനോടനുബന്ധിച്ച് നടന്ന പ്രസ് മീറ്റില്‍ രജിഷയോട് അവാര്‍ഡുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. താന്‍ ഒരിക്കലും അവാര്‍ഡ് മനസില്‍ കണ്ടുകൊണ്ടല്ല അഭിനയിക്കുന്നതെന്നും രജിഷ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകരായ ലിജോ മോള്‍ക്കും അപര്‍ണ ബാലമുരളിക്കും അവാര്‍ഡ് കിട്ടിയതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും രജിഷ പറഞ്ഞു.

”ഒരു ആക്ടറും അവാര്‍ഡ് മനസില്‍ കണ്ടുകൊണ്ടാണ് സിനിമ ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നില്ല. ചില സിനിമകള്‍ക്ക് മാത്രമാണ് അംഗീകാരമായി അവാര്‍ഡ് കൊടുക്കുന്നത്. ഒരു വര്‍ഷം എത്ര സിനിമകള്‍ ഇറങ്ങുന്നുണ്ട്. ഞാനൊക്കെ ചെയ്തതിലും എത്രയോ കിടിലന്‍ കഥാപാത്രങ്ങള്‍ പലരും ഇവിടെ അഭിനയിക്കുന്നുണ്ട്.

 

ഇപ്പോള്‍ ലിജോ മോള്‍ക്ക് ജയ് ഭീം എന്ന സിനിമയിലെ പെര്‍ഫോമന്‍സിന് അംഗീകാരം കിട്ടി. അപര്‍ണക്ക് സൂരറൈ പോട്രിനും കിട്ടി. എന്റെ കൂടെയുള്ളവര്‍ക്ക് ഇതൊക്കെ കിട്ടുന്നത് എനിക്ക് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്. എന്ന് വെച്ച് ഞാന്‍ അവാര്‍ഡ് കാത്തിരിക്കുന്നില്ല,” രജിഷ പറഞ്ഞു.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രജിഷ സ്വന്തമാക്കിയിരുന്നു. പുതിയ ചിത്രം സര്‍ദാര്‍ ഒക്ടോബര്‍ 21നാണ് റിലീസ് ചെയ്യുക. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശരാജ്യങ്ങളിലടക്കം ചിത്രീകരണം പൂര്‍ത്തിയാക്കിയ സര്‍ദാര്‍ കാര്‍ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും കാര്‍ത്തി അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ സംവിധായകന്‍ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, രജിഷ വിജയന്‍ എന്നിവരെ കൂടാതെ, ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, ബാലാജി ശക്തിവേല്‍, ആതിര പാണ്ടിലക്ഷ്മി, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

content highlight: Actress rajisha vijayan about award discussion